Kerala

കട്ടിങ് സൗത്ത് ഫണ്ട് വെട്ടിപ്പിനെ കുറിച്ച് വകുപ്പുതല അന്വേഷണം

Published by

കൊച്ചി: കേരള മീഡിയ അക്കാഡമി 44.9 ലക്ഷം രൂപ ചെലവിട്ട് സംഘടിപ്പിച്ച കട്ടിങ് സൗത്ത് വിഘടനവാദ പരിപാടിയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഐപിആര്‍ഡി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
കട്ടിങ് സൗത്ത് പരിപാടിക്കു ചെലവായ തുകയില്‍ ഭൂരിഭാഗവും പാര്‍ട്‌നര്‍ മാരായിരുന്ന കോണ്‍ഫ്‌ലുവന്‍സ് മീഡിയ, ന്യൂസ് മിനിട്ട്, ന്യൂസ് ലൗണ്‍ട്രി പ്രതിനിധികളുടെ വിമാന ടിക്കറ്റ്, ഹോട്ടല്‍ താമസ, ഭക്ഷണ ബില്‍ ഇനത്തിലാണ്. കേരള മീഡിയ അക്കാഡമിക്ക് 2023 24 വര്‍ഷത്തെ പദ്ധതി ചെലവിനത്തില്‍ അനുവദിച്ച തുകയാണ് പാര്‍ട്‌നര്‍ മാര്‍ക്കു വേണ്ടി ധൂര്‍ത്തടിച്ചത്. കേരള മീഡിയ അക്കാഡമിയിലെ ഓഡിറ്റ് വിഭാഗവും ചെലവു കണക്കുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ല. ഐപിആര്‍ഡി ഡപ്യൂട്ടി ഡയറക്ടറാണ് കേരള മീഡിയ അക്കാഡമി സെക്രട്ടറി സ്ഥാനത്തിരുന്ന് കട്ടിങ് സൗത്ത് പരിപാടിയുടെ ചുക്കാന്‍ പിടിച്ചത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സെക്രട്ടറി തുക അനുവദിച്ചതിനു പ്രതികൂട്ടിലാകും.
ഇക്കാര്യത്തില്‍ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിന്റെ ( ഓഡിറ്റ് കേരള) അന്വേഷണവും ഉടനുണ്ടാകുമെന്നാണ് സൂചന.
കട്ടിങ് സൗത്തിനായി തുക ചെവിട്ടത് മീഡിയ അക്കാഡമി ആയിരുന്നെങ്കിലും കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാന്‍ ജോസി ജോസഫും ന്യൂസ് മിനിട്ട് എഡിറ്റര്‍ ധന്യ രാജേന്ദ്രനുമാണ് ചുക്കാന്‍ പിടിച്ചത്. കാനഡ ഹൈക്കമ്മീഷന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുക അക്കാഡമിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുമില്ല.
ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തത് മീഡിയ അക്കാഡമി ഫണ്ട് വിനിയോഗിച്ചാണെങ്കിലും താമസിക്കേണ്ട അതിഥികളെ തീരുമാനിച്ചത് ജോസി ജോസഫാണ്.
മുഖ്യ സംഘാടകനായി നിന്ന ജോസി ജോസഫിനായിരുന്നു കട്ടിങ് സൗത്ത് പുസ്തക അവാര്‍ഡ് എന്നതും തമാശയായി.
കട്ടിങ് സൗത്ത് വിഘടനവാദ പരിപാടിയോടു പ്രതിഷേധിച്ച് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് വിവാദം ദേശീയ ശ്രദ്ധ നേടിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by