ദുബായ് : ലോകത്തെ ആദ്യത്തെ 3D-പ്രിന്റഡ് ഇലക്ട്രിക്ക് അബ്രയുടെ (പരമ്പരാഗത അറബ് ബോട്ട്) പരീക്ഷണ ഓട്ടം ദുബായിൽ ആരംഭിച്ചു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് (ആർറ്റിഎ) ഇക്കാര്യം അറിയിച്ചത്.
3D പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ അബ്രയിൽ ഒരേ സമയം 20 യാത്രികർക്ക് വരെ സഞ്ചരിക്കാം. 3D പ്രിന്റിങ്ങിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ മോണോകോക് (11 മീറ്റർ നീളം, 3.1 മീറ്റർ വീതി) നിർമ്മിതിയാണിത്. ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന, പത്ത് കിലോവാട്ടിന്റെ രണ്ട് മോട്ടറുകൾ ഉള്ള ഈ ഇലക്ട്രിക്ക് അബ്ര ഷെയ്ഖ് സായിദ് റോഡ് മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനിൽ നിന്ന് TR6 ലൈനിലാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.
ഈ പരീക്ഷണ കാലയളവിൽ ഈ അബ്രയുടെ പ്രകടനം 20 യാത്രികരെ ഉൾക്കൊള്ളാവുന്ന നിലവിലുള്ള ഫൈബർഗ്ലാസ് അബ്രകളുമായി താരതമ്യം ചെയ്യുന്നതാണ്. കാഴ്‌ച്ചയിൽ പരമ്പരാഗത അബ്രകളുടെ അതെ രൂപകൽപന നിലനിർത്തിയാണ് ഈ 3D-പ്രിന്റഡ് ഇലക്ട്രിക്ക് അബ്ര നിർമിച്ചിരിക്കുന്നത്.
അബ്രകൾ നിർമ്മിക്കാനെടുക്കുന്ന സമയം 90 ശതമാനം കുറയ്‌ക്കുന്നതിനും, നിർമാണച്ചെലവ് 30 ശതമാനം കുറയ്‌ക്കുന്നതിനും, അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് 30 ശതമാനം കുറയ്‌ക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: