തിരുവനന്തപുരം: തലനാരിഴയ്‌ക്കാണ് ജീവന്‍ തിരുച്ചുകിട്ടിയതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റില്‍ കുടുങ്ങിയ രോഗി തിരുമല രവി. സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കില്‍ ലിഫ്റ്റിലാണ് കുടുങ്ങിയത്. താന്‍ പല തവണ അലാറം അടിച്ചിട്ടും ആരും എത്തിയില്ലെന്ന് രവി പ്രതികരിച്ചു.
വസ്ത്രത്തില്‍ മലമൂത്രവിസര്‍ജനം ചെയ്തു. മരിച്ചുപോകുമായിരുന്നു. എന്തോ ഭാഗ്യം കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്. മെഡിക്കല്‍ കോളേജിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും തിരുമല രവി പറഞ്ഞു. സിപിഐ തിരുമല ലോക്കല്‍ സെക്രട്ടറിയാണ് രവി. ശനിയാഴ്ച നടുവേദനയുടെ ചികിത്സയ്‌ക്കായി എത്തിയതായിരുന്നു ഇയാള്‍. ഇതിനിടെയാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോഴായിരുന്നു രവി ലിഫ്റ്റില്‍ കുടുങ്ങിയ വിവരം അറിഞ്ഞത്.
ഇനി ആര്‍ക്കും ഇത് സംഭവിക്കാന്‍ പാടില്ലെന്ന് രവിയുടെ മകനും പ്രതികരിച്ചു. പലതവണ അലാറം അടിച്ചിട്ടും ആരും എത്തിയില്ല. തകരാറായ ലിഫ്റ്റിലേക്ക് ആരും തിരിഞ്ഞുനോക്കിയില്ല. തന്റെ അച്ഛന് സംഭവിച്ചത് ഇനി ആര്‍ക്കും സംഭവിക്കരുതെന്നും മകന്‍ ഹരിശങ്കര്‍ പറഞ്ഞു. ലിഫ്റ്റ് പകുതിയിൽ വെച്ച് നിന്ന് പോയിട്ടും ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പോലും അധികൃതർ ശ്രമിച്ചില്ലെന്നും ഗുരുതര അനാസ്ഥയുണ്ടായെന്നും ഹരിശങ്കർ പറഞ്ഞു.
ആരെങ്കിലും കുടുങ്ങിയാൽ പുറത്തേക്ക് അറിയിക്കാനുളള അടക്കം സജീകരണങ്ങളൊന്നും ലിഫ്റ്റിൽ ഉണ്ടായിരുന്നില്ലെന്ന് ഹരിശങ്കർ പറയുന്നു. ‘ശനിയാഴ്ച രാവിലെയാണ് അച്ഛൻ മെഡിക്കൽ കോളേജിൽ പോയത്. 12 മണിയോടെ അച്ഛൻ ലിഫ്റ്റിൽ കയറി. അൽപ്പം മുകളിലേക്ക് പൊങ്ങിയ ശേഷം ലിഫ്റ്റ് നിന്നുപോയി. അച്ഛൻ ലിഫ്റ്റിനുളളിലെ എമർജൻസി ബട്ടനുകൾ അടിച്ചു നോക്കി. ലിഫ്റ്റ് കുലുങ്ങിയ സമയത്ത് വീണ് ഫോൺ പൊട്ടിയിരുന്നു. അവിടെയുളള ഫോൺ ഉപയോഗിച്ച് അവിടെ എഴുതിവെച്ച ഫോൺ നമ്പറുകളിൽ വിളിച്ചു. എന്നാൽ ആരും എടുത്തില്ല.
സിസിടിവി ക്യാമറ പോലും ലിഫ്റ്റിലുണ്ടായിരുന്നില്ല. ഇന്ന് രാവിലെ 6 മണിയ്‌ക്ക് ആ വഴിക്ക് പോയ ഒരാളാണ് ലിഫ്റ്റ് പകുതിയിൽ നിൽക്കുന്നത് കണ്ടത്. ശ്രദ്ധയിൽപ്പെട്ട ഉടനെ ഇദ്ദേഹം ലിഫ്റ്റ് തുറക്കാൻ നോക്കി. പ്രശ്നം പരിഹരിച്ച് ലിഫ്റ്റ് തുറന്ന് അച്ഛനെ രക്ഷപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: