കോഴിക്കോട്: യുവകലാസാഹിതി യിൽ നിന്ന് പുറത്താക്കപ്പെട്ട എഴുത്തുകാരനും പ്രഭാഷകനുമായ എ.പി.അഹമ്മദിനെ സിപിഐ അനുകൂല സംഘടനയായ ഇപ്റ്റയിൽ (.ഇന്ത്യൻ പീപ്പിൾസ് തീയ്യേറ്റർ അസ്സോസിയേഷൻ) നിന്നും പുറത്താക്കി. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഹിന്ദു ഐക്യവേദി സെമിനാറിൽ പങ്കെടുത്തതാണ് അഹമ്മദിനെ ഇപ്റ്റയിൽ നിന്ന് പുറത്താക്കാൻ കാരണം. പട്ടാമ്പിയിൽ നടന്ന ഹിന്ദു ഐക്യവേദി സെമിനാറിൽ പങ്കെടുത്തതിനാലാണ് അഹമ്മദിനെ യുവകലാസാഹിതി യിൽ നിന്ന് പുറത്താക്കിയത്. എന്നാൽ പിന്നീട് നടന്ന ഇപ്റ്റ സമ്മേളനത്തിലാണ് അഹമ്മദിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.സംഘ പരിവാർ വേദിയിൽ സിപിഐ സഹയാത്രികൻ എന്ന് ഇ കെ സുന്നി വിഭാഗം മുഖപത്രത്തിൽ വാർത്ത വന്നതോടെയാണ് അഹമ്മദിനെ ഇപ്റ്റയിൽ നിന്നും പുറത്താക്കാൻ സംഘടന തീരുമാനിച്ചത്.
എന്നാൽ ഇപ്റ്റയിൽ നിന്ന് എ.പി. അഹമ്മദിനെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് നേരത്തേ പുറത്താക്കിയതാണെന്ന വിശദീകരണമാണ് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും ഇപ്റ്റ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ടി.വി. ബാലൻ ജന്മഭൂമിയോട് പങ്കുവെച്ചത്.
.ഇപ്പോഴും ഇപ്റ്റയുടെ ഭാരവാഹിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രചരണം അടിസ്ഥാന രഹിതമാണെന്നും ഇപ്റ്റയുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ലെന്നും ടി.വി ബാലനും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എൻ. ബാലചന്ദ്രനും വാർത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.
എന്നാൽ ഇപ്റ്റയിൽ നിന്ന് പുറത്താക്കിയെന്ന വിവരം പുതിയ അറിവാണെന്നും അക്കാര്യം തന്നെ അറിയിച്ചിട്ടില്ലെന്നും എ.പി.അഹമ്മദ് പറഞ്ഞു. ” ഞാൻ ഇപ്പോഴും സംഘടനയുടെ ഗ്രൂപ്പുകളിൽ തുടരുന്നുണ്ട്. സംഘടനാ വിവരങ്ങൾ എന്നെ അറിയിക്കുന്നുമുണ്ട്.ഞാൻ പങ്കെടുക്കാത്ത യോഗങ്ങളുടെ മിനുട്സും തീരുമാനങ്ങളും ഇക്കഴിഞ്ഞ ദിവസം വരെ എന്നെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ തുടരുന്നുമുണ്ട്.
ന്യൂനപക്ഷ വർഗീയതയെ വിമർശിക്കുന്നതാവാം പുറത്താക്കലിന് പിന്നിൽ. ഞാൻ എന്ത് സംഘടനാ വിരുദ്ധ പ്രവർത്തനമാണ് നടത്തിയതെന്ന് നേതൃത്വം വ്യക്തമാക്കണം.ഈ പുറത്താക്കൽ ഒരു തട്ടിപ്പാണ്. പഴയ തിയ്യതിയിൽ പുതിയ തീരുമാനം എഴുതി ചേർത്തിരിക്കാം.എ.പി.അഹമ്മദ് പറഞ്ഞു.പുറത്താക്കലിനെതിരെ സിപിഐയിൽ കടുത്ത ഭിന്നിപ്പ് ഉയർന്നു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വേദികളിൽ മാത്രം പങ്കെടുത്താലാണോ പുറത്താക്കൽ എന്നും മുസ്ലിം സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുന്നവർക്കെതിരെ നടപടിയെടുക്കാത്തതെന്തെന്നുമാണ് ചോദ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: