Kerala

സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങും: വിഴിഞ്ഞത്തേക്ക് രണ്ടാം ചരക്ക് കപ്പൽ ‘മറീൻ അസർ’ ഇന്നെത്തും, പുറംകടലിൽ നങ്കൂരമിട്ടു

Published by

വിഴിഞ്ഞം: ട്രയൽ റൺ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുറഖത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പലെത്തും. മറീൻ അസർ എന്ന ഫീഡർ കപ്പലാണ് കൊളൊംബോയിൽ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പൽ തുറമുഖത്തിന്റെ പുറംകടലിൽ നങ്കൂരമിട്ടിട്ടുണ്ട്. വിഴിഞ്ഞത്ത് ആദ്യമെത്തിയ സാൻ ഫർണാണ്ടോ മടങ്ങിയതിന് ശേഷമായിരിക്കും ബർത്തിംഗ്. ഉച്ചയ്‌ക്ക് ഒരു മണിയോടെ സാൻ ഫെർണാണ്ടോ കപ്പൽ തുറമുഖം വിടും.

1323 കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയശേഷം 607 കണ്ടെയ്നറുകളുമായാണ് സാൻ ഫെർണാണ്ടോ കൊളംബോ തുറമുഖത്തേക്ക് പോകുന്നത്. കണ്ടെയ്നറുകൾ ഇറക്കാൻ എടുത്ത കാലതാമസമാണ് മടക്കയാത്ര വൈകാൻ കാരണമായത്.

കപ്പൽ തുറമുഖം വിടുന്നതിന് തൊട്ടുപിന്നാലെ ചരക്കെടുക്കാൻ ആദ്യ ഫീഡർ കപ്പൽ മാരിൻ ആസൂർ എത്തും. സീസ്പൻ സാൻഡോസ് എന്ന ഫീഡർ കപ്പലും അടുത്തദിവസം എത്തും. മുംബൈ, ഗുജറാത്ത് തുറമുഖങ്ങളിലേക്കാണ് ചരക്ക് കൊണ്ടുപോവുക. 400 മീറ്റർ നീളമുള്ള കൂറ്റൻ മദർഷിപ്പും ഉടൻ വിഴിഞ്ഞത്തെത്തുമെന്ന് അധികൃതർ അറിയിച്ചു. പതിനൊന്നാം തീയതി ബെർത്തിൽ അടുത്ത കപ്പൽ 12ന് മടങ്ങും എന്ന് അറിയിച്ചിരുന്നു. ട്രയൽ റണ്ണായതിനാൽ വളരെ സാവകാശമായിരുന്നു കണ്ടെയ്നറുകൾ ഇറക്കിയതും കയറ്റിയതും. വ്യാഴാഴ്ചയാണ് കപ്പൽ വിഴിഞ്ഞത്ത് എത്തിയത്.

ഇന്ത്യയിലേക്ക് കപ്പൽ വഴിയുള്ള ചരക്ക് ഗതാഗതമേറയും സിംഗപ്പൂരും കൊളംബോയും വഴിയാണ്. കൂറ്റൻ ചരക്കുകൾ അവിടെ നിന്ന് ഫീഡർ കപ്പലിലൂടെ രാജ്യത്തേക്കെത്തിക്കുന്നത് വഴിയുള്ള സമയനഷ്ടവും ധനനഷ്ടവും ഇനി പഴങ്കഥയാവും. വിഴിഞ്ഞത്ത് മദർഷിപ്പുകൾ നേരിട്ടെത്തും. വിഴിഞ്ഞം വഴി ചരക്കുകൾ മറ്റിടങ്ങളിലേക്ക് പോകും. അന്താരാഷ്‌ട്രാ കപ്പൽ ചാലിന് അടുത്ത ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖാമായ വിഴിഞ്ഞം തുറമുഖ സർക്യൂട്ടിലെ നിർണ്ണായക കേന്ദ്രമാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by