അങ്ങനെ, കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി ചരിത്രത്തിലേക്ക് നീങ്ങുകയാണ്. സ്വതന്ത്രഭാരതത്തില്‍ ഇതുവരെ കേട്ടുകേളവിയില്ലാത്ത തരത്തില്‍ ഭരണഘടനാപദവികൂടി കൈക്കൂലി വാങ്ങി വില്ക്കാന് ശ്രമിച്ച കേസില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെതിരെ നടപടിയെടുത്തിരിക്കുന്നു. പതിവുപോലെ സംഭവം മൂടിവെച്ച് പാര്‍ട്ടി അച്ചടക്കത്തിന്റെയും പെരുമാറ്റത്തിന്റെയും ഒക്കെ ഇരുമ്പുമറ സൃഷ്ടിച്ച് ഒരു സാധാരണ പ്രവര്‍ത്തകനെ ബലിയാടാക്കി മറ്റുള്ളവര്‍ രക്ഷപെടുകയും ചെയ്തു. ഭരണഘടനാ സ്ഥാപനമായ പിഎസ് സിയിലെ അംഗത്വമാണ് 60 ലക്ഷം രൂപയ്ക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട്ടെ അറിയപ്പെടുന്ന ഒരു നേതാവ് 22 ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങിയത്. പി എസ് സി ഭരണഘടനാ സ്ഥാപനമായതുകൊണ്ടും നിയമനാധികാരി ഗവര്‍ണര്‍ ആയതുകൊണ്ടും ഈ സംഭവത്തില്‍ സി ബി ഐ അന്വേഷണം അനിവാര്യമാണ്.
ഭരണഘടനാപദവിയായ പി എസ് സി അംഗത്വത്തിന് കൈക്കൂലി ആരോപണം ആദ്യമായല്ല. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ എന്‍ സി പി നോമിനിയായി ഒരു വനിത പി എസ് സിയില്‍ എത്തിയത് ഇതേപോലെതന്നെ ലക്ഷക്കണക്കിന് രൂപ കൈക്കൂലി നല്കിയാണെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു. പലപ്പോഴും ഈര്‍ക്കില്‍ പാര്‍ട്ടികള്‍ ഇത്തരത്തില്‍ കോഴ വാങ്ങിയാണ് നിയമനം നടത്തുന്നതെന്ന് പൊതുവേ അനന്തപുരിയിലെ അധികാര ഇടനാഴികളില്‍ സംസാരവുമുണ്ട്. ജനതാദളിന്റെ പി എസ് സി അംഗത്വം ഇതുവരെ തീരുമാനിക്കാതിരിക്കാന്‍ കാരണവും ഇതാണെന്ന ആരോപണം ഉപശാലകളില്‍ ഉയര്‍ന്നിട്ടുണ്ട്. അതിനിടെയാണ് കോഴിക്കോട് സംഭവം പുറത്തുവരുന്നത്. കോഴിക്കോട്ടെ ഹോമിയോ ഡോക്ടര്‍ ദമ്പതിമാരുടെ കൈയില്‍നിന്ന് പി എസ് സി അംഗത്വത്തിനായി 22 ലക്ഷം രൂപ അഡ്വാന്‍സ് കൈപ്പറ്റിയെന്നാണ് ആരോപണം. 60 ലക്ഷം രൂപയ്ക്കായിരുന്നു ഇടപാട് ഉറപ്പിച്ചത്. മന്ത്രി മുഹമ്മദ് റിയാസ്, എം എല്‍ എമാരായ കെ.എം സച്ചിന്‍ദേവ്, തോട്ടത്തില്‍ രവീന്ദ്രന് എന്നിവരുടെ പേരുകളും ഉപയോഗപ്പെടുത്തിയിരുന്നത്രെ.
പി എസ് സി നിയമനം ലഭിക്കാതെ വന്നപ്പോള്‍ കേരളത്തിലെ ആയുഷ് മിഷനില്‍ ഉയര്‍ന്ന തസ്തിക വാഗ്ദാനം ചെയ്തു. കോഴിക്കോട്ടെ ഹോമിയോ ഡോക്ടറായ ശ്രീജിത്താണ് ഭാര്യക്കുവേണ്ടി പണം നല്‍കിയതെന്ന് പറയപ്പെടുന്നു. രണ്ടും കിട്ടാതെ വന്നപ്പോള്‍ പാര്‍ട്ടി വൃത്തങ്ങളില്‍ പരാതി നല്‍കുകയായിരുന്നു. കോഴിക്കോട് ലോക്കല്‍ കമ്മിറ്റി അംഗമായ റിജിലയാണ് ഇത് സംബന്ധിച്ച രേഖകള്‍ മുഴുവനും പാര്‍ട്ടി നേതൃത്വത്തിന് സമര്‍പ്പിച്ചത്. മറ്റൊരു നേതാവിനും ഇതേക്കുറിച്ച് അറിയാമായിരുന്നെങ്കിലും അവര്‍ ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചില്ല. സംഭവം പുറത്തുവന്നതോടെ ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും ആശാസ്യമല്ലാത്ത പ്രവണതയാണെന്നുമൊക്കെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം. വി. ഗോവിന്ദനും പറഞ്ഞെങ്കിലും നിയമസഭയില്‍ ഇതുസംബന്ധിച്ച അടിയന്തര പ്രമേയം വന്നപ്പോള്‍ പൂര്‍ണ്ണമായും തലയൂരി. ഇത് മാധ്യമസൃഷ്ടിയാണെന്നും ഇങ്ങനെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നുമായിരുന്നു വിശദീകരണം.
നേരത്തെ മുഹമ്മദ് റിയാസിനൊപ്പം നിലകൊണ്ടിരുന്ന കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിക്കെതിരെയാണ് ആരോപണമുയര്‍ന്നത്. ശക്തമായ നടപടിയെടുക്കാന്വേണ്ടി പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദേശിക്കുകയും ചെയ്തു. ശനിയാഴ്ച ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും പ്രമോദ് കോട്ടൂളിയെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചു. ഒറ്റവരി വിശദീകരണമാണ് സംഭവത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നല്‍കിയത്. പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കം വരുത്തുന്ന വിധത്തില്‍ അച്ചടക്കം ലംഘിച്ചതിന് പുറത്താക്കുന്നു എന്നായിരുന്നു വിശദീകരണം. ഇതുസംബന്ധിച്ച വാര്‍ത്താസമ്മേളനത്തിലോ വിശദീകരണത്തിലോ ഒന്നുംതന്നെ പി എസ് സി അംഗത്വത്തെക്കുറിച്ച് പി. മോഹനന് മിണ്ടിയില്ല. പാര്‍ട്ടിവൃത്തങ്ങള്‍ ആരുംതന്നെ ഇതേക്കുറിച്ച് പറഞ്ഞതുമില്ല. ആയുഷ് മിഷനില്‍ ഉയര്‍ന്ന തസ്തിക വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന ആരോപണമാണ് ഇപ്പോള്‍ സി പി എം സംഘടനാ സംവിധാനം പ്രചരിപ്പിക്കുന്നത്. പി എസ് സി ഭരണഘടനാ സ്ഥാപനമായതുകൊണ്ട് ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വരാന്‍ സാധ്യത കൂടുതലാണെന്ന് അവര്‍ക്കറിയാം. അങ്ങനെ അന്വേഷണം നടന്നാല്‍ പാര്‍ട്ടി നേതൃത്വത്തിലെ അഴിമതിയും കൈക്കൂലിയും ചേരിപ്പോരും പുറത്തുവരുമെന്ന ഭയവും കൊണ്ടാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി നിശബ്ദത പാലിക്കുന്നത്.
നേരത്തെ മുഹമ്മദ് റിയാസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ പ്രമോദ് കോട്ടൂളി അടുത്തിടെയാണ് എളമരം കരീമിന്റെ ഗ്രൂപ്പിലേക്ക് മാറിയത്. സി പി എം ജില്ലാ സെക്രട്ടറി അച്ചടക്ക നടപടി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പണം നല്കിയ ഡോ. ശ്രീജിത്തിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി എത്തിയ പ്രമോദ് കോട്ടൂളി ഏറെനേരം പണം ആര്‍ക്കുകൊടുത്തു, ആരു വാങ്ങി തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വസതിക്കുമുന്നില്‍ സത്യഗ്രഹം നടത്തി. അമ്മയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി സമരം പിന്‍വലിച്ച പ്രമോദ് പണം വാങ്ങിയിട്ടില്ലെന്നും തനിക്ക് റിയല്‍ എസ്റ്റേറ്റ് ബന്ധമില്ലെന്നും ആവര്‍ത്തിച്ചു. പണം കൈപ്പറ്റിയ സി പി എമ്മിലെ ഉയര്‍ന്ന നേതാക്കള്‍ പ്രമോദിനെ ബലിയാടാക്കി മുഖം രക്ഷിക്കുകയായിരുന്നെന്നും കൈക്കൂലിയായി വാങ്ങിയ പണം തിരികെ കൊടുത്ത് തലയൂരുകയായിരുന്നെന്നും പറയപ്പെടുന്നു. സിപിഎമ്മിന്റെ ജില്ലാ ഓഫീസില്‍ ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ത്തിയത് മന്ത്രി റിയാസാണ്. റിയാസും മുന്‍മന്ത്രി ടി.പി. രാമകൃഷ്ണനും പങ്കെടുത്ത സെക്രട്ടറിയേറ്റ്-ജില്ലാ സമിതി യോഗങ്ങളാണ് സംഭവത്തില്‍ അച്ചടക്കനടപടി സ്വീകരിച്ചതും പ്രമോദിനെ പുറത്താക്കാന്‍ തീരുമാനിച്ചതും.
സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സമിതിയില്‍ രണ്ടോ മൂന്നോ കോക്കസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആരോപണം. നേരത്തെ തന്നെ മുസ്ലിം ലീഗ് നേതാവ് പി.കെ ഫിറോസും ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാറും ഇക്കാര്യം ഉന്നയിച്ചതാണ്. എളമരം കരീമിന്റെയും മുഹമ്മദ് റിയാസിന്റെയും മോഹനന് മാസ്റ്ററുടെയും ഒക്കെ പേരില്‍ കോക്കസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ആരോപിക്കുന്നത്. വിനോദസഞ്ചാര വകുപ്പിന്റെ പല നിര്‍മാണ-സേവന പ്രവൃത്തികളും ടെന്‍ഡര്‍ ഇല്ലാതെ കിട്ടുന്ന ചില സ്ഥാപനങ്ങള്‍ കോഴിക്കോട്ടുണ്ട്. ഇവ മന്ത്രിയുടെ ബിനാമിയാണെന്നും മന്ത്രിക്ക് ഇവരുമായി വ്യാപാരപങ്കാളിത്തമുണ്ടെന്നും ഒക്കെ ആരോപണമുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനിലും ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന.
പ്രമോദ് കോട്ടൂളി എന്ന ഏറ്റവും താഴെയറ്റത്തെ ഒരാളെ മാത്രം പുറത്താക്കി പാര്‍ട്ടി മുഖം രക്ഷിക്കുമ്പോള്‍ സംസ്ഥാന സമിതിയുടെ വിമര്‍ശനം അവശേഷിക്കുകയാണ്. സി പി എം ജില്ലാസമിതിക്ക് വീഴ്ചപറ്റിയെന്ന വിമര്‍ശനം. രണ്ട് എം എല്‍ എമാരുടെയും ഒരു മന്ത്രിയുടെയും പേരില്‍ ഒരു ഏരിയ കമ്മിറ്റി അംഗം മാത്രം 60 ലക്ഷം രൂപ കൈക്കൂലി വാങ്ങി പി എസ് സി അംഗത്വം കൊടുക്കാമെന്ന് പറഞ്ഞത് വി എസിന്റെ വാക്കുകള്‍ കടമെടുത്താല്‍ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. മാത്രമല്ല, മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് പരാതിക്കാര്‍ ഉന്നയിച്ചത്, പണം കൊടുത്ത് ഒത്തുതീര്‍ത്ത് പരാതിയില്ലെന്ന് പറയിപ്പിച്ചത് ആരാണ്? 60 ലക്ഷം രൂപ കൊടുത്ത് പി എസ് സി അംഗത്വം വാങ്ങിയാല്‍ അത് പ്രതിമാസം കിട്ടുന്ന രണ്ടുലക്ഷം രൂപ ശമ്പളം കൊണ്ട് തിരിച്ചുപിടിക്കാന്‍ ആവില്ലല്ലോ. ഭരണഘടനാ സ്ഥാപനമായ പി എസ് സിയുടെ വിശ്വാസ്യത പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് ഈ സംഭവം. നേരത്തെ തന്നെ പി എസ് സി റാങ്ക്ലിസ്റ്റുകളുടെ വിശ്വാസ്യത ഇല്ലാതാക്കുംവിധം യൂണിവേഴ്സിറ്റി കോളജില്‍ നടന്ന പി എസ് സി പരീക്ഷാക്രമക്കേട് ഭാഗ്യഹീനരായ ഉദ്യോഗാര്‍ത്ഥികളുടെ മനസ്സില്‍ സംശയം സൃഷ്ടിച്ചതാണ്. ലക്ഷക്കണക്കിന് രൂപ കോഴ കൊടുത്തു നേടിയെടുക്കാന്‍ പറ്റുന്നതാണ് പി എസ് സി അംഗത്വം എന്നുവരുന്നത് ഗുണകരമാണോ.
എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായാണ് 2016 ല്‍ പിണറായി വിജയന് അധികാരത്തിലെത്തിയത്. പി എസ് സി നിയമനത്തിലെ അഴിമതി അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസുകാരനായ ചെയര്മാന് ഗോപാലകൃഷ്ണന് കുറുപ്പ് നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. എഴുത്തുപരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്കിന്റെ 80 ശതമാനത്തില്‍ കൂടുതല്‍ ഇന്റര്‍വ്യൂവിന് കൊടുക്കാനാവില്ല എന്നു തീരുമാനിച്ചതും അദ്ദേഹമായിരുന്നു. ഇന്റര്‍വ്യൂവിലൂടെ ആള്‍ക്കാരെ തിരുകിക്കയറ്റുന്ന നടപടി ഒരുപരിധിവരെ ഇല്ലാതാക്കിയതും ഇങ്ങനെയാണ്. പക്ഷേ, പരീക്ഷയുടെ സുതാര്യതയും സത്യസന്ധതയും തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലേക്ക് ഇത്തരം സംഭവങ്ങള്‍ എത്തുന്നു . ഇക്കാര്യത്തില്‍ പി എസ് സിയുടെ വിശ്വാസ്യത ഉറപ്പാക്കാനെങ്കിലും ഈ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടണം. പി എസ് സി ഇത് ആവശ്യപ്പെട്ടില്ലെങ്കില്‍, പി എസ് സി അംഗങ്ങളുടെ നിയമനാധികാരി എന്നനിലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരിട്ടുതന്നെ ഇത് സംബന്ധിച്ച് ഉത്തരവു പുറപ്പെടുവിക്കാന്‍ തയ്യാറാകണം. പി എസ് സി അംഗങ്ങളുടെ മന്ത്രിസഭ നല്കുന്ന നിയമനശുപാര്‍ശ അംഗീകരിക്കുന്നത് ഗവര്‍ണറാണ്. ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയുള്ള നിയമനത്തിനാണ് ഗവര്‍ണര്‍ അനുമതി നല്കുന്നതെങ്കില് അത് ആശാസ്യമാണോ? ഭരണഘടനാ സ്ഥാപനമായ പി എസ് സിയുടെ വിശുദ്ധി നിലനിര്‍ത്താന്‍ ഇക്കാര്യത്തില്‍ സി ബി ഐ അന്വേഷണം അനിവാര്യമാണ്. ഗവര്‍ണര്‍ ഉത്തരവിടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: