ജൂണ്‍ 25 സംവിധാന്‍ ഹത്യാ ദിവസായി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഒരേസമയം ജനാധിപത്യത്തോടുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്നതും കോണ്‍ഗ്രസ് ഉള്‍പ്പെടെ ബിജെപിയുടെ രാഷ്ട്രീയ പ്രതിയോഗികളെ ഞെട്ടിക്കുന്നതും ആണ്. 48 വര്‍ഷം മുന്‍പ് ഈ ദിനത്തിലാണ് ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പൗരാവകാശങ്ങള്‍ റദ്ദാക്കിയും പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടച്ചും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കിയും രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ ലോക്സഭാംഗത്വം കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അധികാരത്തില്‍ തുടരാന്‍ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും അടിയന്തരാവസ്ഥ എന്ന കുറുക്കുവഴി കണ്ടെത്തിയത്. ജനാധിപത്യത്തിന്റെ ആത്മാവിനെ തകര്‍ത്തും ലക്ഷക്കണക്കിന് ആളുകളെ ജയിലിലാക്കിയും മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടിയും രാജ്യത്തെ തടവറയാക്കിയും കൊണ്ടുവന്ന അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്താനാണ് ഭരണഘടനയെ കൊലചെയ്ത ദിവസം ആചരിക്കുന്നതെന്ന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിക്കുകയുണ്ടായി. അടിയന്തരാവസ്ഥയില്‍ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനായി പോരാടിയ ലക്ഷക്കണക്കിന് ആളുകള്‍ക്കുള്ള ആദരവാണിതെന്നും കോണ്‍ഗ്രസിനെ പോലുള്ള ശക്തികള്‍ രാജ്യത്തെ തെറ്റ് ആവര്‍ത്തിക്കുന്നത് തടയുമെന്നും അമിത് ഷാ പറയുകയുണ്ടായി. അടിയന്തരാവസ്ഥയുടെ ദുരിതമനുഭവിച്ച ഓരോ വ്യക്തിക്കും പ്രണാമം അര്‍പ്പിക്കാനുള്ള ദിവസമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിക്കുകയുണ്ടായി.
അവസരം ലഭിച്ചപ്പോഴൊക്കെ ഭരണഘടനയെ അട്ടിമറിച്ച് ജനാധിപത്യത്തെ പരിഹസിച്ച് കുടുംബഭരണം ഉറപ്പിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ഭരണഘടനയുടെ വക്താവും സംരക്ഷകരും ചമയുന്നത് ഒരുതരം വിരോധാഭാസമാണ്. പ്രധാനമന്ത്രി മോദി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് തങ്ങള്‍ ഈ രാജ്യത്തെ ജനതയോടു ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ തെറ്റുകള്‍ മറച്ചുപിടിക്കാനാണ് നോക്കുന്നത്. പാര്‍ലമെന്റില്‍ ഭരണഘടനയുടെ കോപ്പിയുമായി പ്രത്യക്ഷപ്പെട്ട് ജനങ്ങളെ കബളിപ്പിക്കുക എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തന്ത്രം. കോണ്‍ഗ്രസിന്റെ ഇരുണ്ട ഭരണകാലത്താണ് ഇന്ദിരാഗാന്ധി യാതൊരു ചര്‍ച്ചയും കൂടാതെ ഭരണഘടനയുടെ ആമുഖം തിരുത്തിയത്. എന്നാല്‍ പത്ത് വര്‍ഷത്തെ ഭരണകാലത്ത് ഒരിക്കല്‍പോലും ഭരണഘടനയ്ക്ക് എതിരായ യാതൊരു നടപടിയും നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഇത്തരമൊരു ആരോപണമുന്നയിക്കുന്നവര്‍ തെളിവായി ഒരു സംഭവം ചൂണ്ടിക്കാണിച്ചിട്ടുമില്ല. എന്നിട്ടും മോദി സര്‍ക്കാര്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കുകയാണെന്ന് വിളിച്ചു കൂവുന്നത് തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ കയ്യൊഴിഞ്ഞതിന്റെ ജാള്യത മറച്ചു പിടിക്കാനാണ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ് സ്വയം കണ്ണാടി നോക്കുകയാണ് വേണ്ടത്. ആള്‍ക്കൂട്ടത്തിനിടയിലെ യഥാര്‍ത്ഥ കള്ളന്, കള്ളന് കള്ളന് എന്നു വിളിച്ചുകൂവി രക്ഷപ്പെടുന്നതുപോലെയാണിത്. മോദി സര്‍ക്കാരിനെതിരെ ഇല്ലാത്ത അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് സ്വന്തം അഴിമതികള്‍ മൂടിവയ്ക്കാനും, അതിനെക്കുറിച്ച് നടക്കുന്ന അന്വേഷണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുമാണ് പ്രതിപക്ഷം നോക്കുന്നത്. ഇതുപോലെയാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന കോണ്‍ഗ്രസിന്റെ ആരോപണവും.
അടിയന്തരാവസ്ഥ ഭരണഘടനക്കെതിരായ ആക്രമണത്തിന്റെ ഏറ്റവും ശക്തവും ഇരുണ്ടതുമായ അധ്യായമായിരുന്നുവെന്ന് കഴിഞ്ഞ മാസം പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപദി മുര്‍മു വിമര്‍ശിക്കുകയുണ്ടായി. അടിയന്തരാവസ്ഥയെ ഈ സഭ അപലപിക്കുന്നതായി വീണ്ടും ലോക്സഭാ സ്പീക്കറായി ചുമതലയേറ്റ ഓം ബിര്‍ളയും പറയുകയുണ്ടായി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനം തികഞ്ഞ ഏകാധിപത്യമായിരുന്നുവെന്നും ലോക്സഭാ സ്പീക്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊക്കെ കോണ്‍ഗ്രസിനെയും അവര്‍ക്കൊപ്പം നില്ക്കുന്ന അവസരവാദികളും അധികാരമോഹികളുമായ പ്രതിപക്ഷ പാര്‍ട്ടികളെയും വല്ലാതെ ഞെരുക്കുകയുണ്ടായി. ഭരണഘടനയ്ക്കെതിരായ മോദി സര്‍ക്കാരിന്റെ നീക്കങ്ങളാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റ് കുറയാന്‍ കാരണമെന്ന കഥ പ്രചരിപ്പിച്ചവര്‍ക്ക് രാഷ്ട്രപതിയുടെയും ലോക്സഭാ സ്പീക്കറുടെയും വിമര്‍ശനം വലിയ തിരിച്ചടിയായി. ഇന്ന് കോണ്‍ഗ്രസിനൊപ്പം നില്ക്കുന്ന പല പാര്‍ട്ടികളുടെയും നേതാക്കളെ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ജയിലില്‍ അടച്ചതാണ്. ലാലുപ്രസാദ് യാദവിനെ പോലുള്ള ഈ നേതാക്കള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് തരംതാണ രാഷ്ട്രീയമാണ്. ഇങ്ങനെയുള്ളവര്‍ സംവിധാന്‍ ഹത്യാ ദിവസിനെ വിമര്‍ശിക്കുന്നതിന്റെ കാപട്യം ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ആറുപതിറ്റാണ്ടുകാലത്തെ ഭരണത്തില്‍ കോണ്‍ഗ്രസ് രാജ്യത്തോട് ചെയ്ത തിന്മകള് നിരവധിയാണ്. അതിലൊന്നാണ് ഏകാധിപത്യം അഴിഞ്ഞാടിയ അടിയന്തരാവസ്ഥ. അക്കാലത്ത് യഥാര്‍ത്ഥത്തില്‍ എന്തൊക്കെയാണ് നടന്നതെന്ന് പുതുതലമുറ അറിയേണ്ടതുണ്ട്. ജനാധിപത്യ വാദികള്‍ ചമയുന്ന കോണ്‍ഗ്രസിന്റെ മുഖംമൂടി വലിച്ചുകീറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: