തിരുവനന്തപുരം: 62 സിനിമകള്‍ നിര്‍മ്മിക്കുക. അതില്‍ 57ഉം സൂപ്പര്‍ ഹിറ്റാക്കുക. മറ്റൊരു നിര്‍മ്മാതാവിനും ലഭിക്കാത്ത അപൂര്‍വ്വഭാഗ്യത്തിനുടമയാണ് അരോമ മണിയെന്ന് അറിയപ്പെടുന്ന എം.മണി.
റൗഡി രാമു, എനിക്കു ഞാന്‍ സ്വന്തം, കുയിലിനെ തേടി, എങ്ങനെ നീ മറക്കും, ആനയ്ക്കൊരുമ്മ, ലൗ സ്റ്റോറി, തിങ്കളാഴ്ച നല്ല ദിവസം, കള്ളന് പവിത്രന്, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, നാളെ ഞങ്ങളുടെ വിവാഹം, ഇരുപതാം നൂറ്റാണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചന്, സൗഹൃദം, പണ്ട് പണ്ടൊരു രാജകുമാരി, സൂര്യഗായത്രി, ധ്രുവം, കമ്മിഷണര്‍, ജനാധിപത്യം, എഫ്ഐആര്‍, പല്ലാവൂര്‍ ദേവനാരായണന്, കാശി, മിസ്റ്റര്‍ ബ്രഹ്മചാരി, ബാലേട്ടന്, മാമ്പഴക്കാലം, ദ്രോണ, ആഗസ്റ്റ് 15 തുടങ്ങിയവയാണ് അരോമ മണി നിര്‍മിച്ച പ്രമുഖ ചിത്രങ്ങള്‍. ശ്യാമപ്രസാദ് സംവിധാനം ചെയ്ത, ഫഹദ് ഫാസില്‍ നായകനായ ആര്‍ട്ടിസ്റ്റാണ് അവസാന ചിത്രം.
ആ ദിവസം (1982), കുയിലിനെത്തേടി (1983), എങ്ങനെ നീ മറക്കും (1983), മുത്തോടു മുത്ത് (1984), എന്റെ കളിത്തോഴന്‍ (1984), ആനക്കൊരുമ്മ (1985), പച്ചവെളിച്ചം (1985) എന്നിവയാണ് അരോമ മണി സംവിധാനം ചെയ്ത സിനിമകള്‍. സുനിത എന്ന പേരില്‍ അദ്ദേഹം ഒരു തിരക്കഥയും രചിച്ചു.
എണ്‍പതുകളിലും തൊണ്ണൂറുകളിലും മികച്ച സംവിധായകര്‍ വരെ എം. മണിയെന്ന നിര്‍മാതാവിനു വേണ്ടി കാത്തിരിക്കുമായിരുന്നു. പദ്മരാജനും സിബിമലയിലും ജോഷിയും കെ. മധുവും ഷാജി കൈലാസുമൊക്കെയുണ്ടായിരുന്നു.
പദ്മരാജന്, പി. ചന്ദ്രകുമാര്‍, സിബി മലയില്‍, കെ. മധു, ജോഷി, ഷാജി കൈലാസ്, സുരേഷ് ബാബു, വിജി തമ്പി, വിനയന്, വി.എം. വിനു, സുനില്‍, തുളസിദാസ്, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളാണ് അദ്ദേഹം നിര്‍മിച്ചിട്ടുള്ളത്. ഇത്രയധികം വിജയചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള മറ്റൊരു നിര്‍മാതാവും മലയാളത്തില്‍ വേറെ ഇല്ല.
എം. മണിയുടെ നിര്‍മാണത്തിലും പദ്മരാജന്റെ സംവിധാനത്തിലും 1985ല്‍ പുറത്തിറങ്ങിയ ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന ചിത്രത്തിന് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും 1986ല്‍ പുറത്തെത്തിയ സിബിമലയില്‍ സംവിധാനം ചെയ്ത ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്ന ചിത്രത്തിന് സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു.
സംവിധായകന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കുന്ന നിര്‍മാതാവായിരുന്നു അദ്ദേഹം. ഒരിക്കലും അദ്ദേഹം സംവിധായകന്റെ സ്വാതന്ത്ര്യത്തിലോ കഥയിലോ ഇടപെട്ടിരുന്നില്ല. അങ്ങിനെ ഇടപെടാതിരുന്നതിനാലാണ് മികച്ച പല സിനിമകളും പിറവിയെടുത്തത്.
കഥ നന്നായിരിക്കണമെന്ന നിര്‍ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതെങ്ങനെ അവതരിപ്പിക്കണമെന്ന തീരുമാനം സംവിധായകന് അദ്ദേഹം വിട്ടു നല്‍കും. സാങ്കേതിക വിദഗ്ധരെ നിശ്ചയിക്കുന്നതിലോ നടീനടന്മാരുടെ കാര്യത്തിലോ വാശിപിടിക്കാറുമില്ലായിരുന്നു. നല്ല സിനിമകള്‍ ആദ്യം പിറവിയെടുക്കുന്നത് നല്ല കലാകാരന്മാരിലൂടെയാണെന്നും പണം അതിനൊരുപകരണം മാത്രമേ ആകുന്നുള്ളൂ എന്നുമായിരുന്നു അരോമ മണിയുടെ പക്ഷം.
ഇങ്ങനെ ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ ‘കള്ളന് പവിത്രന്’, ‘തിങ്കളാഴ്ച്ച നല്ല ദിവസം’ എന്നീ ചിത്രങ്ങള്‍ സംഭവിക്കില്ലായിരുന്നു എന്നാണ് പദ്മരാജന്റെ മകന് അനന്തപദ്മനാഭന് അനുശോചനക്കുറിപ്പില്‍ പറഞ്ഞത്. നല്ല സിനിമകള്‍ക്കായി നിലകൊണ്ട ഒന്നാന്തരം ഒരു നിര്‍മാതാവിനെ, മനുഷ്യസ്നേഹിയെ കൂടി മലയാളത്തിന് നഷ്ടമാകുന്നു, അനന്തപദ്മനാഭന് തുടര്‍ന്നു.
എഴുത്തുകാരന് വളരെയധികം സ്വാതന്ത്യം നല്കുന്ന നിമാതാവാണ് അരോമ മണിയെന്നും കഥയുടെ കാര്യത്തിലായാലും, ലൊക്കേഷന്‍, പ്രോപ്പര്‍ട്ടീസ്, ആര്‍ട്ട് മെറ്റീരിയല്‍ തുടങ്ങി ഏതു കാര്യത്തിലും അദ്ദേഹം നമ്മള് പറയുന്ന കാര്യം തര്‍ക്കിക്കാതെ അംഗീകരിക്കുമെന്നും തിരക്കഥാകൃത്തും സംവിധായകനുമായ എസ്.എന്‍. സ്വാമി പറഞ്ഞു.
അരോമ മണിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി സുരേഷ്ഗോപി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് തുടങ്ങിയവര്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: