ആലപ്പുഴ: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി സപ്ലൈകോ വില്പനശാലകളെയും ബാധിക്കുന്നു. അവശ്യസാധനങ്ങള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നു.
കഴിഞ്ഞ പത്തുമാസത്തിലധികമായി സബ്സിഡി സാധനങ്ങള്‍ക്കു നേരിടുന്ന ക്ഷാമം പരിഹാരമില്ലാതെ തുടരുകയാണ്. രണ്ടാഴ്ച മുമ്പ് പഞ്ചസാര ഉള്‍പ്പെടെ സാധനങ്ങള്‍ എത്തിച്ചെങ്കിലും സ്റ്റോക്ക് പരിമിതമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവ തീര്‍ന്നു. സബ്സിഡി സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണുള്ളത്.
സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ പുറമേ നിന്നും അധിക വില നല്കി സാധനങ്ങള്‍ വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍. പയര്‍, വെളിച്ചെണ്ണ, പിരിയന്‍ മുളക്, മല്ലി, കടല, ഉഴുന്ന്, പഞ്ചസാര, അരി എന്നിവയില്‍ ഏതെങ്കിലും ഒരു സാധനം മാത്രമാണ് ഔട്ട്ലെറ്റുകളിലുള്ളത്. വെളിച്ചെണ്ണയ്ക്ക് മാത്രമാണ് ചില ഔട്ട്ലെറ്റുകളില് ആളുകളെത്തുന്നത്. പഞ്ചസാര മിക്കയിടത്തും ഇല്ല. മാവേലി സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പതിമൂന്നിനം സാധനങ്ങളാണ് സബ്സിഡി വിലയില്‍ നല്‍കുന്നത്. വിവിധ കമ്പനികളില്‍ നിന്ന് വാങ്ങിയ ഉത്പന്നങ്ങളുടെ തുക സപ്ലൈകോ യഥാസമയം നല്കാത്തതിനാല് പര്‍ച്ചേസിങ് ഓര്‍ഡര്‍ നല്കിയാലും സാധനങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്.
പത്ത് ലോഡ് സാധനങ്ങള്‍ എത്തിയിരുന്ന സ്റ്റോറുകളില്‍ പലയിടത്തും ഇപ്പോള്‍ രണ്ടും മൂന്നും ലോഡ് മാത്രമാണ് എത്തുന്നത്. എത്തുന്നവ അപ്പോള്‍ തന്നെ ചെലവാകും. പര്‍ച്ചേസിങ് ഓര്‍ഡര്‍ നല്‍കിയെങ്കിലും സാധനങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി സപ്ലൈകോയെ ബാധിക്കുന്നുണ്ട്. സബ്സിഡിയില്‍ സാധനങ്ങള്‍ വില്‍ക്കാനാകാത്ത സാഹചര്യമാണുള്ളത്. അടുത്തിടെ സബ്സിഡി സാധനങ്ങളുടെ വിലയും വര്‍ധിപ്പിച്ചിരുന്നു.
സബ്സിഡി സാധനങ്ങള്‍ സ്റ്റോക്കില്ലാത്തതിനാല്‍ സപ്ലൈകോയിലെ വില്പന വന്‍തോതില്‍ കുറഞ്ഞു. സബ്സിഡി സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ കൊണ്ട് മറ്റു സാധനങ്ങളും വാങ്ങിപ്പിക്കുകയായിരുന്നു പതിവ്. വില്പന നാമമാത്രമായതോടെ കരാര്‍ തൊഴിലാളികളുടെ നിലനില്‍പ്പും പ്രതിസന്ധിയിലായി. വില്പനക്കനുസരിച്ചാണ് കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നത്. വില്പന കുറഞ്ഞതിനാല്‍ കരാര്‍ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുമോയെന്ന ആശങ്കയുണ്ട്. നേരത്തെ മാസങ്ങളോളം കരാര്‍ തൊഴിലാളികള്‍ക്ക് തൊഴിലും നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: