Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് നല്‍കിയ സ്വര്‍ണ ലോക്കറ്റ് മുക്കുപണ്ടമെന്ന് പരാതി

Published by

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വര്‍ണ ലോക്കറ്റ് മുക്കുപണ്ടമെന്ന് പരാതി. ഒറ്റപ്പാലം അമ്പലപ്പാറയിലെ പാമ്പിന്‍തുള്ളല്‍ കലാകാരനായ ചെറുമുണ്ടശ്ശേരി കരുവാന്‍തൊടി പുത്തന്‍വീട്ടില്‍ മോഹന്‍ദാസാണ് പരാതിക്കാരന്‍.

മോഹന്‍ദാസ് മെയ് 13 നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് രണ്ട് ഗ്രാം തൂക്കമുള്ള ശ്രീഗുരുവായൂരപ്പന്റെ സ്വര്‍ണ ലോക്കറ്റ് 14,200 രൂപക്ക് വാങ്ങിയത്. ലോക്കറ്റ് പണയപ്പെടുത്താന്‍ ഒറ്റപ്പാലം സഹ. ബാങ്കിന്റെ അമ്പലപ്പാറ ശാഖയില്‍ എത്തിയപ്പോഴാണ് അത് വ്യാജമെന്ന് അറിയുന്നതായി കാട്ടി ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ മോഹന്‍ദാസ് പരാതി നല്‍കിയിരുന്നു. ജ്വല്ലറിയില്‍ നടത്തിയ പരിശോധനയിലും ലോക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയതായുമാണ് പരാതി. മുക്കുപണ്ടം പണയംവെക്കാനെത്തിയ ആളെന്ന നിലയ്‌ക്ക് തനിക്ക് മാനഹാനിക്കും നഷ്ടത്തിനുമുള്ള തുക ദേവസ്വത്തില്‍ നിന്ന് ലഭ്യമാക്കണമെന്നും ഇദ്ദേഹം പരാതിയില്‍ പറയുന്നു. എന്നാല്‍ 2004 ല്‍ മിന്റില്‍ നിന്നെത്തിച്ച ലോക്കറ്റാണ് ദേവസ്വം നല്‍കിയിട്ടുള്ളതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ ജന്മഭൂമിയോട് പറഞ്ഞു.

2004 ല്‍ മിന്റില്‍നിന്നെത്തിച്ച ലോക്കറ്റുകളിലൊന്നിലും വ്യാജ സ്വര്‍ണമില്ലെന്ന് കണ്ടെത്തിയതായും അഡ്മിനിസ്‌ട്രേറ്റര്‍ പറയുന്നു. ഇക്കാലയളവില്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് വാങ്ങിയ ഭഗവാന്റെ സ്വര്‍ണ ലോക്കറ്റുകളൊന്നും തന്നെ വ്യാജമാണെന്ന പരാതി ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലെന്നാണ് ദേവസ്വത്തിന്റെ നിലപാട്. അടുത്ത ദിവസം ചേരുന്ന ഭരണസമിതി യോഗത്തില്‍ പരാതിക്കാരനോട് ക്ഷേത്രത്തില്‍ നിന്നും വാങ്ങിയ സ്വര്‍ണ ലോക്കറ്റുമായി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by