ചാര്‍ലോട്ടി: മുന്‍ ജേതാക്കളായ ഉറുഗ്വേയെ വലിയൊരു അട്ടിമറി തോല്‍വിയില്‍ നിന്നും രക്ഷിച്ച് സൂപ്പര്‍ താരം ലൂയിസ് സുവാരസ്. കാനഡയ്ക്കെതിരെ ഇന്നലെ നടന്ന കോപ്പ അമേരിക്ക മൂന്നാം സ്ഥാന മത്സരത്തിന്റെ റെഗുലര്‍ ടൈം പിന്നിടുമ്പോള്‍ ഉറുഗ്വേ 2-1ന് പിന്നിലായിരുന്നു. സ്റ്റോപ്പേജ് ടൈമിന്റെ രണ്ടാം മിനിറ്റില്‍ ലൂയിസ് സുവാരസിന്റെ ഗോള്‍ ഉറുഗ്വേയെ രക്ഷിച്ചു. മത്സരം 2-2 സമനിലയില്‍. അധിക സമയ സമ്പ്രദായമില്ലാത്ത കോപ്പയില്‍ പിന്നീട് നടന്ന ഷൂട്ടൗട്ടില്‍ 4-3ന് ഉറുഗ്വേ ജയിച്ചു.
മത്സരത്തിന്റെ തുടക്കത്തിലേ ഗോള്‍ നേടിക്കൊണ്ട് ഉറുഗ്വേ ആധിപത്യം പുലര്‍ത്തിയതാണ്. എട്ടാം മിനിറ്റില്‍ റോഡ്രിഗോ ബെന്റാന്കുറിലൂടെ ഉറുഗ്വേ ലീഡ് ചെയ്തു. മത്സരം 22 മിനിറ്റിലെത്തിയപ്പോള്‍ കാനഡ തിരിച്ചടിച്ചു. മദ്ധ്യനിരതാരം ഇസ്മായില്‍ കോണ്‍ ആണ് സ്കോര്‍ ചെയ്തത്. ആദ്യ പകുതി 1-1ല്‍ തീര്‍ന്നു. രണ്ടാം പകുതിയിലേക്ക് നീണ്ട മത്സരത്തിന്റെ 80-ാം മിനിറ്റിലാണ് ഫ്രഞ്ച് ക്ലബ്ബ് ലില്ലെ സ്ട്രൈക്കര്‍ ജോനാതന് ഡേവിഡ് കാനഡയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു. നിര്‍ണായക സമയത്തെ ഗോളില്‍ കാനഡ വിജയിച്ചെന്നുറപ്പിച്ചതാണ്. ഒടുവില്‍ പരിചയ സമ്പത്തിന്റെ മികവോടെ സുവാരസ് നേടിയ ഗോള്‍ കളിയില്‍ വഴിത്തിരിവാകുകയായിരുന്നു.
ഷൂട്ടൗട്ടില്‍ ഉറുഗ്വേയ്ക്കായി കിക്കെടുത്ത നാല് താരങ്ങളും പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഫെഡെറിക്കോ വാല്വെര്ദെ, റോഡ്രിഗോ ബെന്റാന്‍കുര്‍, ജിയോര്‍ജിയന്‍ ഡെ അറസ്കേറ്റ, ലൂയിസ് സുവാരസ് എന്നിവരാണ് ഉറുഗ്വേയ്ക്കായി ഗോളുകള്‍ നേടിയത്. ആദ്യ കിക്ക് കാനഡയ്ക്കായിരുന്നു. ജോനാതന് ഡേവിഡ് മോയിസ് ബോംബിറ്റോ, മാത്തിയു ചോയിനിയര് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മൂന്നാം കിക്കെടുത്ത ഇസ്മായില്‍ കോണിനും അഞ്ചാം കിക്കെടുത്ത അല്‍ഫോണ്‍സോ ഡേവിസിനും പിഴച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: