കോട്ടയം: താഴത്തങ്ങാടി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഹനുമാന് വിഗ്രഹം കേന്ദ്രമന്ത്രി സുരേഷ് ഗോപി നാടിന് സമര്‍പ്പിച്ചു. വിഗ്രഹ സമര്‍പ്പണത്തിനായി ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ആചാരത്തനിമയോടെയാണ് സ്വീകരിച്ചത്. അമ്മമാര്‍ ആരതി ഉഴിഞ്ഞും കുങ്കുമവും ചന്ദനവും അണിയിച്ചും അക്ഷതം അര്‍പ്പിച്ചും വരവേറ്റു.
ക്ഷേത്രം പ്രസിഡന്റ് ദിലീപ് കമ്മത്ത് അദ്ദേഹത്തെ പൂമാല ചാര്‍ത്തി ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്രത്തിനുള്ളില്‍ നടന്ന വൈദിക കര്‍മങ്ങളിലും അദ്ദേഹം പങ്കെടുത്തു. തുടര്‍ന്ന് ക്ഷേത്രത്തിലെ രഥത്തില്‍ പ്രതിഷ്ഠിക്കാനുള്ള ഹനുമാന് വിഗ്രഹത്തില്‍ താമരമാലയണിയിച്ച് വിഗ്രഹം സമര്‍പ്പിച്ചു. താഴത്തങ്ങാടി തിരുമല ക്ഷേത്രത്തിലെ രഥോല്‍സവത്തിന് രഥത്തില്‍ സ്ഥാപിക്കുന്നതിനായി ആര്‍പ്പൂക്കര ഗൗഡ സാരസ്വത ബ്രാഹ്മണ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹകരണത്തോടെയാണ് ഹനുമാന് വിഗ്രഹം നിര്‍മിച്ചത്. ഒരു കൈയില്‍ ശ്രീരാമനേയും മറുകൈയില്‍ സീതാ ദേവിയെയും ഉയര്‍ത്തുന്ന ഹനുമാന് എന്നതാണ് വിഗ്രഹ സങ്കല്പം. പീഠമുള്‍പ്പടെ 126 സെന്റിമീറ്റര്‍ ഉയരമാണ് വിഗ്രഹത്തിനുള്ളത്.
ഇത്തിത്താനം- പെരുന്ന സ്വദേശിയായ കോട്ടയം എആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫിസര്‍ പി.എസ്. പ്രമോദ്കുമാറും പിതൃ സഹോദരന്മാരായ പി. കേശവന്, പി. രവീന്ദ്രന്, പി. ഗോപാലകൃഷ്ണന്, പി. മോഹന്‍ദാസ് എന്നിവരും സഹായി ഷിബുവും ചേര്‍ന്നാണ് വിഗ്രഹ നിര്‍മിച്ചത്.
പൂര്‍ണമായും തേക്കിന് തടിയിലാണ് ശില്പം കൊത്തിയെടുത്തത്. കുമാരനല്ലൂര്‍ സ്വദേശി ആര്‍ട്ടിസ്റ്റ് മോഹന്‍ ദാസാണ് ശില്പത്തിന് രൂപരേഖ തയ്യാറാക്കിയതും നിറം ചാര്‍ത്തിയതും. നിരവധി ഭക്തജനങ്ങളാണ് ചടങ്ങിനു സാക്ഷിയാകാന്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയത്.
ക്ഷേത്രം അധികാരി പ്രേംകുമാര്‍ പ്രഭു, അംഗങ്ങളായ പുരുഷോത്തമ പ്രഭു, ആനന്ദ മല്ലന്, മഹേഷ് പൈ, മണികണ്ഠ പ്രഭു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: