ശാസ്ത്രം ആകാശംമുട്ടെ വളര്‍ന്നു പടര്‍ന്നു. പൂര്‍വ്വികരെ- സദ്വചനങ്ങളെ, സത്യധര്മ്മങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി, പാശ്ചാത്യവത്ക്കരിക്കപ്പെട്ടു. തൊഴിലും തൊഴില്‍നിയമങ്ങളും വ്യക്തികള്‍ക്കുവേണ്ടി മാത്രമായി. കൃഷിയും കൃഷിഭൂമിയും അന്യവത്ക്കരിക്കപ്പെട്ടു. അമൂല്യസമ്പത്തിന്റെ ഉറവിടമായിരുന്ന വനങ്ങള്‍ വെട്ടിത്തെളിച്ച് മൊട്ടക്കുന്നുകളാക്കി. കൃഷിയിടങ്ങള്‍ ചുരുങ്ങിച്ചുരുങ്ങി ശുഷ്കമായി. ഉള്ളവ കൃഷിചെയ്യാതെ തരിശുനിലങ്ങളായി. ഭൂനിയമങ്ങളും സാമൂഹികവ്യവസ്ഥിതിയും അധികാരികളുടെ മുഷ്ടിക്കുള്ളില്‍ ധര്മ്മസങ്കടത്തില്പ്പെട്ടു ഞെരിഞ്ഞമരുന്നു.
ശാസ്ത്രീയമായ പുരോഗതി അവകാശപ്പെടുന്നവര്‍ അറിയാതെപോകുന്ന നിരവധി സത്യങ്ങളുണ്ട്. സകലചരാചരങ്ങളേയും തീറ്റിപ്പോറ്റുന്ന, ഇനിയും പോറ്റേണ്ടുന്ന പ്രകൃതിമാതാവിന്റെ മാറിടത്തില്‍ നിറഞ്ഞുതുളുമ്പിയിരുന്ന പാല്ഞെരമ്പുകള് (നദികള്‍, തോടുകള്‍, നീരുറവകള്‍, കുളങ്ങള്‍) വരണ്ടുണങ്ങി. സിരകളില്‍ നിറഞ്ഞഴുകിയിരുന്ന ചുടുരക്തം വാര്‍ന്നൊഴുകി മൃതപ്രായയായിരിക്കുന്നു.
ഭൂമീദേവിയുടെ നിലയ്ക്കാത്ത രോദനം, മാനവികതയുടെ, മണ്മറഞ്ഞുപോയ മഹാത്മാക്കളുടെ ആത്മാവുകളില്‍, ഓരോരോ മണ്‍തരികളിലും പ്രകമ്പനം കൊള്ളുന്നു. അടുത്തകാലങ്ങളിലായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീതിദമായ അനുഭവങ്ങള്‍ ഈ വ്യവസ്ഥിതികളുടെ മകുടോദാഹരണങ്ങളാണ്.
‘നെല്ലരിയാഹാരവും വെളിച്ചെണ്ണയുമാണ് കേരളജനതയുടെ ഉദരരോഗങ്ങള്‍ക്കു കാരണമെന്ന് ഒരു വിദഗ്ദ്ധന് പ്രമുഖപത്രത്തില്‍ റിപ്പോര്‍ട്ടുചെയ്തതു വായിക്കാനിടയായി. പൗരാണികകാലംമുതല്‍ ഭാരതത്തില്‍, നെല്ക്കൃഷിചെയ്യുകയും ഭക്ഷണമാക്കുകയും ചെയ്യുന്ന നാടാണു നമ്മുടേത്. നമ്മുടെ പൂര്‍വ്വികര്‍ക്ക് അതുകൊണ്ട് രോഗം വന്നതായി ആരും പറഞ്ഞുകേള്‍ക്കുകയോ രേഖപ്പെടൂത്തുകയോ ചെയ്തതായി അറിവില്ല. മറിച്ച് നെല്ലുള്‍പ്പെടെയുള്ള ധാന്യങ്ങള്‍ പലരോഗങ്ങള്‍ക്കും ഔഷധമായി ഭവിക്കുകയാണുണ്ടായിട്ടുള്ളത്. നമുക്കു ദഹിക്കുന്ന രീതിയിലുള്ള കഞ്ഞിയും ചോറും അവലും മലരുമൊക്കെയായി കഴിക്കണം. ആധുനികമെന്നും പുരോഗതിയെന്നും പറഞ്ഞ് പാശ്ചാത്യരുടെ ഫ്രൈഡ്റൈസും ബിരിയാണിയും മാട്ടിറച്ചിയും വാരിക്കഴിച്ചാല്‍ ഉദരരോഗം മാത്രമല്ല പല മാരകരോഗത്തിനും അടിപ്പെട്ടു കാലം കഴിക്കേണ്ടിവരും. സായ്പിനുവേണ്ടാതെ ഉപേക്ഷിച്ചുപോയ രാസവളം, രാസകീടനാശിനി, ടിന്ഫുഡുകളെല്ലാം മേനിയുടെ മേലങ്കിയണിഞ്ഞു ഞെളിഞ്ഞാല്‍ ഫലം തഥൈവ!
വിദേശീയരെ അനുകരിക്കുന്ന നമ്മളറിയുന്നില്ല, അവിടെ ഓരോരോ കുഞ്ഞുങ്ങളേയും അവരുടെ സംസ്കാരം – തൊഴിലിന്റെ മഹിമ – ഭാഷയുടെ മഹത്ത്വം ഭക്ഷണരീതി ഇവയെല്ലാം അറിഞ്ഞുവളരാന്‍ പഠിപ്പിക്കുന്നു. എന്നത് നമ്മളോ പിറന്നുവീഴുന്ന കുഞ്ഞിന്റെ നാവില്‍ മറുനാടന്‍ ഭാഷ ഉരുക്കിയൊഴിച്ചുകൊടുത്ത്, ഉപ്പും ചോറും ഇങ്കുവും കൊടുക്കുന്നതിനു പകരം വിദേശത്തുനിന്നു കാലഹരണപ്പെട്ട മായംകലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ കുത്തിത്തിരുകുന്നു. അന്യസംസ്കാരം വിളമ്പിക്കൊടുത്ത് പണത്തിന്റെ മഹിമ പഠിപ്പിച്ച് നാട്ടിലുള്ള യാതൊന്നും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്തവരായി, മയക്കുമരുന്നിനടിമകളായി, ഉന്നതവിദ്യാഭ്യാസം നല്കി വളര്‍ത്തി വലുതാക്കുന്നു. അനന്തരഫലമോ? സ്വന്തം മാതാപിതാക്കളെ, കൂടപ്പിറപ്പുകളെ, സ്വന്തം നാടിനെ, സംസ്കൃതിയെ, ആര്‍ഷസംസ്കാരത്തെ അറിയാത്തവരായിത്തീരുന്നു.
ഒരു രാജ്യത്തിന്റെ നിലനില്‍പ്പ് അവിടത്തെ ആരോഗ്യമുള്ള ജനത, പട്ടിണിയില്ലാത്ത – മണ്ണിന്റെ മഹത്ത്വം – കൃഷിസമ്പത്ത് – ഭക്ഷ്വോത്പാദനക്ഷമത – ജനസമൂഹത്തിന്റെ ക്ഷേമം, സര്‍വ്വോപരി സകല ജന്തുവര്‍ഗ്ഗങ്ങളുടെയും നന്മ എന്നീ അടിസ്ഥാനഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇവയൊന്നുമില്ലെങ്കില്‍ ഒരു രാജ്യത്തിനും നിലനില്പ്പില്ലതന്നെ. എല്ലാം കീഴ്മേല്‍മറിഞ്ഞ്, എത്രയുഗം കഴിഞ്ഞാലും എഴുന്നേല്‍ക്കാനാകാതെ അധഃപതിച്ച് നാമാവശേഷമാകും. ഇതിനൊരു മാറ്റംവരണമെന്ന തിരിച്ചറിവുണ്ടാവേണ്ടത്, ഉണ്ടാക്കേണ്ടത് അനിവാര്യമാണ്.
എല്ലാ കണ്ടുപിടിത്തങ്ങളും എത്ര ഉയരത്തിലെത്തിയാലും വിശപ്പുമാറ്റുവാന്‍ ഈ മണ്ണില്‍ പണിയെടുത്തു വിത്തുവിതച്ച് വിളവു കൊയ്യുകതന്നെ വേണം. വിശപ്പുമാറ്റുവാന്‍ ജീവന് നിലനില്ക്കാന് മറ്റുപോംവഴികള്‍, ശ്രേഷ്ഠനെന്നും പ്രബുദ്ധനെന്നും സ്വയമഭിമാനിക്കുന്ന മനുഷ്യന് ഇന്നുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലതന്നെ. ഇനി അതിനൊട്ടു കഴിയുകയുമില്ല.
ഒരുകാലത്ത് അത്യുത്കൃഷ്ടമെന്നു കരുതപ്പെട്ടിരുന്ന കാര്‍ഷികവൃത്തിയുടെ നഷ്ടപ്രതാപം വീണ്ടെടുത്താലേ നമുക്കു നിലനില്ക്കാന് കഴിയൂ. അഭ്യസ്തവിദ്യനെന്നഭിമാനിക്കുന്ന നാം കൃഷിക്കും കര്‍ഷകര്‍ക്കും മാന്യത നല്കി മുന്നോട്ടുവരേണ്ടതു ഇക്കാലഘട്ടത്തിന്റെ ആവശ്യമാണ്.
കാര്‍ഷികവൃത്തി നിര്‍വൃതിയാണ്
അനേകായിരം വര്‍ഷത്തെ-കോടിക്കണക്കിനു മനുഷ്യപ്രയത്നങ്ങളുടെ ചോരയും വിയര്‍പ്പും കണ്ണീരും ചിന്തി പടുത്തുയര്‍ത്തിയ വയലേലകള്‍, തണ്ണീര്‍ത്തടങ്ങള്‍, കുളങ്ങള്‍ മറ്റു പ്രകൃതിസൗഭാഗ്യങ്ങള് എല്ലാം കൈയേറിയും കട്ടുമുടിച്ചും കോണ്‍ക്രീറ്റ് സംസ്്കാരം കെട്ടിപ്പൊക്കി ഭൂമിക്കു താങ്ങാനാവാത്തവിധം വികൃതമാക്കിയിരിക്കുന്നു.
ദാരിദ്ര്യദുഃഖമാണു ഭൂമിയിലെ ഏറ്റവും വലിയ ദുഃഖം. വിശക്കുന്നവന് അന്നം കൊടുക്കുന്നതാണു് ഏറ്റവും വലിയ പുണ്യം! നിര്‍വൃതി! അതുകൊണ്ട് ഐശ്വര്യപൂര്‍ണ്ണമായ- സമ്പല്‍സമൃദ്ധമായൊരു ജനതയുടെ, രാഷ്ട്രത്തിന്റെ നിലനില്‍പ്പിനു കൃഷിയും കൃഷിയിടങ്ങളും സംരക്ഷിക്കേണ്ടത് സംരക്ഷിക്കപ്പെടേണ്ടത് മാനവരാശിയുടെ മുഴുവന്‍ ക്ഷേമൈശ്വര്യത്തിന് അത്യന്താപേക്ഷിതമാണ്. പൊള്ളയായ പുരോഗതിയുടെ, വികസനക്കണക്കുകളുടെ മുഖംമൂടി വലിച്ചെറിഞ്ഞ് സത്യത്തിന്റെ, ഉണ്മയുടെ തെളിനീരിലേക്കിറങ്ങങിച്ചെല്ലാം. പൊണ്ണക്കാര്യവും കള്ളക്കണക്കും പുഴുങ്ങിത്തിന്നാല്‍ വിശപ്പു മാറുകയില്ലല്ലോ.
”രണ്ടു ധാന്യം തിന്നുന്നവന് നാലു ധാന്യമുണ്ടാക്കണം” എന്നാണ് ഗാന്ധിജി പറഞ്ഞിരിക്കുന്നത്. എത്ര മഹത്തായ ദര്‍ശനം! ഇതിനായിരിക്കട്ടേ ഇനിയുള്ള നമ്മുടെ പ്രവര്‍ത്തനം. അന്യഗ്രഹങ്ങളിലേക്കു മിഴികളൂന്നി ഭക്ഷണം വീണുകിട്ടുമെന്ന മിഥ്യാബോധത്തില്‍നിന്നു മോചിതരായി നമുക്കൊറ്റക്കെട്ടായി മണ്ണിലേക്കിറങ്ങാം. അവനവനാകുന്നതുചെയ്തു മുന്നേറാം. ഇതില്‍പ്പരം ആനന്ദം മറ്റെന്താണുള്ളതു്!
ഊര്ജ്ജദായകനായി, പ്രകാശംപരത്തുന്ന സൂര്യനും സൂര്യനുതാഴെ സര്‍വ്വംസഹയായ, വരദായിനിയായ ഭൂമീദേവിയും കൃഷിചെയ്യാന്‍ മനസ്സുമുള്ള രാജ്യസ്നേഹികളുമുണ്ടെങ്കില് നമ്മുവേണ്ടതു നമുക്കുതന്നെ വിളയിച്ചെടുക്കാം! ദാരിദ്ര്യമോ ഭക്ഷ്യക്ഷാമമോ തീണ്ടുകയില്ല! തീര്‍ച്ച!
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: