പത്തനംതിട്ട: സ്ക്കൂള് പഠനം പൂര്ത്തിയാക്കിയ വിദ്യാര്ത്ഥികള് ഉപരിപഠനത്തിനായി കൂട്ടത്തോടെ നാടുവിടുന്നത് ഭാവി കേരളത്തിന് അത്യന്തം അപകടകരമാണെന്ന് ബാലഗോകുലം. മാനവ വിഭവശേഷിയെ നാടിന്റെ വികസനത്തിനും ശക്തിക്കും ഉപയുക്തമാകുന്ന തരത്തില് ദീര്ഘവീക്ഷണമുള്ള പദ്ധതികള് ആവിഷ്ക്കരിക്കണമെന്ന് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സര്ക്കാറിനോട് ആവശ്യപ്പെട്ടു.
പഠനവും തൊഴിലും ജീവിതവും കേരളത്തിനു പുറത്താണെന്നത് അഭിമാനമായി കാണുന്ന സമൂഹമാണ് ഇന്നുള്ളത്. വിദേശത്തേയ്ക്ക് പഠനത്തിനു പോകുന്നവര് അവിടെ സ്ഥിരതാമസമാക്കി അച്ഛനമ്മമാരെ കൂടി കൊണ്ടുപോവുകയോ നാട്ടില് അനാഥത്വത്തില് ഉപേക്ഷിക്കുകയോ ചെയ്യുന്ന അവസ്ഥ വര്ധിച്ചുവരുന്നു.
കേരളം ചെറിയ കുട്ടികളും വൃദ്ധജനങ്ങളും മാത്രമുള്ള നാടായി മാറുകയാണ് നാടും വീടും മറക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം ഇതിന് ശക്തി പകരുന്നു. രാഷ്ട്രീയാതിപ്രസരവും ക്യാമ്പസ് ഭീകരതയും വിദ്യാര്ത്ഥികളിലും രക്ഷിതാക്കളിലും ഭീതിയാണ് വളര്ത്തുന്നത്. ഇവിടെ പഠിച്ചാല് ജോലി കിട്ടില്ലെന്ന അവസ്ഥയും നിലവിലുണ്ട്. ഉത്തരവാദിത്വപ്പെട്ടവര് തന്നെ ഏറ്റുപറയുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്ച്ചയും ഇതിനു കാരണമായിട്ടുണ്ട്.
ഈ ആശങ്കകള് പരിഹരിച്ചേ മതിയാവൂ. ഭരണകൂടത്തിന്റെ സത്വരമായ ഇടപെടല് ഉണ്ടാവണം. ഉന്നതവിദ്യാഭ്യാസമേഖല കാലോചിതമായി ഉടച്ചുവാര്ക്കണം. രാഷ്ട്രീയ ഇടപെടലുകള് ഇല്ലാത്ത സ്വച്ഛവും സ്വതന്ത്രവും സര്ഗ്ഗാത്മകവുമായ പഠനാന്തരീക്ഷം ഉറപ്പാക്കണം. കലാ,ശാസ്ത്രപാരമ്പര്യങ്ങള് പഠിക്കാനും പ്രയോഗിക്കാനുമുള്ള പരിശീലനം സിദ്ധിക്കണം. അതിനുള്ള പദ്ധതികള് ദീര്ഘവീക്ഷണത്തോടെ നടപ്പാക്കണം.
കേരളത്തിന്റെ കലാ,ശാസ്ത്രപാരമ്പര്യങ്ങള് പഠിക്കാനും പ്രയോഗിക്കാനുമുള്ള പരിശീലനം സിദ്ധിക്കണം. വിദ്യാര്ത്ഥിരാഷ്ട്രീയത്തിന് ജനാധിപത്യപരമായ പെരുമാറ്റച്ചട്ടം കൊണ്ടുവരണം. സര്വകലാശാലാ ഭരണത്തില് നിന്ന് സര്ക്കാര് ഉചിതമായ അകലം പാലിച്ച് വിശ്വാസ്യത വീണ്ടെടുക്കണം.
ഭാരതമൊട്ടുക്കും നടക്കുന്ന വികസന പ്രവര്ത്തനങ്ങള്ക്കൊപ്പം നിന്ന് യുവ സമൂഹത്തിന് കരുതലും കരുത്തുമായി മാറുകയും ഇതിനായി ശക്തമായ നയരൂപീകരണം കേരളസര്ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും ബാലഗോകുലം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: