ഒന്നായനിന്നെയിഹ രണ്ടെന്ന് കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബതമിണ്ടാവതല്ല മമ
പണ്ടേ കണക്കെ വരുവാന്‍ നിന്‍കൃപാവലിക
ളുണ്ടായ് വരേണമിഹ നാരായണായ നമഃ
തുഞ്ചത്തെഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനത്തിലെ ഈ വരികള്‍ അറിയാത്ത മലയാളികളുണ്ടാവില്ല. മലയാള ഭാഷയ്ക്കു സംസ്കൃതത്തിലെന്നപോലെ സ്വരങ്ങളും വ്യഞ്ജനങ്ങളും ഉച്ചരിക്കാന്‍ തക്ക വിധത്തില്‍ അക്ഷരമാല വ്യവസ്ഥ ചെയ്തതുകൊണ്ടാണല്ലൊ അദ്ദേഹം ഭാഷാപിതാവെന്നു സ്മരിക്കപ്പെടുന്നത്. എഴുത്തച്ഛനെപ്പറ്റി എന്തെങ്കിലും പ്രതിപാദിക്കാനല്ല ഇപ്രകരണം കൊണ്ടുദ്ദേശിക്കുന്നത്. കഴിഞ്ഞ വാരാദ്യത്തില്‍ എറണാകുളത്തെ പ്രസിദ്ധമായ ‘ഭാസ്കരീയം’ രംഗശാലയില്‍ ചേര്‍ന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാന്തീയ പ്രവര്‍ത്തക സമ്മേളനത്തോടെ കേരള പ്രാന്തത്തെ ഉത്തരദക്ഷിണ പ്രാന്തങ്ങളായി വിഭജിക്കാനുള്ള തീരുമാനം നിലവില്‍ വന്നപ്പോള്‍ മനസ്സിലൂടെ പാഞ്ഞുവന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കാനാണ്.
മുമ്പ് അതായത് 1958 നു മുമ്പ് സംഘപ്രവര്‍ത്തനം കേരളത്തില്‍ തമിഴ്നാടിന്റെ ഭാഗമായാണ് നടന്നുവന്നത്. പഴയ മദിരാശി പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാര്‍ ജില്ലയും നാടും നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്നാണല്ലൊ കേരള സംസ്ഥാനമുണ്ടായത്. നാഞ്ചിനാട് ഭാഗത്തെ നാല് തമിഴ് താലൂക്കുകള്‍ കന്യാകുമാരി ജില്ലയായ തമിഴ്നാട്ടില്‍പെട്ട മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും സംഘപ്രവര്‍ത്തനം 1942 ല്‍ ആരംഭിച്ച് 16 വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. സംസ്ഥാന പുനഃസംഘടന നിലവില്‍ വന്നശേഷം കേരളത്തിലെ സംഘത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള നടപടികള്‍ക്കു രൂപം നല്‍കുന്നതിനായി, അന്നത്തെ സര്‍കാര്യവാഹ് ഏകനാഥ് റാനഡെ പങ്കെടുത്ത പ്രചാരകന്മാരുടെ നാലുദിവസത്തെ ബൈഠക് മട്ടാഞ്ചേരിയിലെ യോഗ്യ പൈ നാരായണ പൈ ട്രസ്റ്റ് മന്ദിരത്തില്‍ നടത്തപ്പെട്ടു. തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രചാരകന്മാരും പ്രാന്തകാര്യവാഹ് ആയിരുന്ന മധുരയിലെ അഭിഭാഷകന് എ.ദക്ഷിണമൂര്‍ത്തിയും (അണ്ണാജി) അതില്‍ പങ്കെടുത്തു. 1939 ല്‍ മധുരയില്‍ സംഘം ആരംഭിച്ചതു മുതല്‍ അദ്ദേഹം ചുമതല ഏറ്റെടുത്തിരുന്നു. അതേ വര്‍ഷം തന്നെ അവിടെ നടന്ന ഹിന്ദു മഹാസഭയുടെ ക്യാമ്പിനും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. പ്രചാരകന്മാരെപ്പോലെ തന്നെ സംഘപ്രവര്‍ത്തനത്തില്‍ തികച്ചും മുഴുകി പ്രവര്‍ത്തിച്ചയാളായിരുന്നു അണ്ണാജി.
മട്ടാഞ്ചേരി ബൈഠക്കില്‍ ആദ്യത്തെ രണ്ടു ദിവസം ഏകനാഥറാനഡെ സംഘത്തിന്റെ ആശയത്തെയും പ്രവര്‍ത്തന രീതിയെയും സ്വയംസേവകരുടെയും പ്രചാരകന്മാരുടെയും സങ്കല്പനത്തെയും പറ്റി സമ്പൂര്‍ണ വിശലകനം നടത്തി. പ്രചാരകര്‍ക്ക് അതേക്കുറിച്ചു സംശയനിവാരണവും ചെയ്തു. തുടര്‍ന്ന് ഒന്നര പതിറ്റാണ്ടുകാലമായി പ്രചാരകരായി. ജീവിതസമര്‍പ്പണം നടത്തിയവരുടെ മനോഗതം അവതരിപ്പിക്കപ്പെട്ടു. കേരളത്തിലെ പ്രചാരകന്മാരെല്ലാം തന്നെ പ്രത്യേക പ്രാന്തമായി വേണം തുടര്‍ന്നു പ്രവര്‍ത്തിക്കാനെന്ന അഭിപ്രായക്കാരായിരുന്നു. കൂടാതെ സംഘത്തിനെപ്പറ്റി കേരളീയര്‍ക്കു ശരിയായ ധാരണയുണ്ടാക്കുന്നതിനുള്ള സാഹിത്യവും ആവശ്യമാണെന്ന അഭിപ്രായം ഹരിയേട്ടന് മുന്നില്‍വച്ചു. മധ്യപ്രദേശ് സര്‍ക്കാര്‍ നിയമിച്ച വിദേശ പാതിരി പ്രവര്‍ത്തനത്തെപ്പറ്റിയുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് പരമേശ്വര്‍ജി എഴുതിയ പുസ്തകവും ആര്‍എസ്എസ് എന്ത് എന്തിന്? എന്ന പി.വി.കെ. നെടുങ്ങാടിയുടെ ലഘുലേഖയും ഗാനാഞ്ജലിയും മാത്രമായിരുന്നു അതുവരെയുണ്ടായ സംഘസാഹിത്യം. പൂജനീയ ഡോക്ടര്‍ ഹെഡ്ഗേവാറുടെ ജീവചരിത്രമെന്ന ഹിന്ദി പുസ്തകം മലയാളത്തിലാക്കാന്‍ പരമേശ്വര്‍ജിയെ ചുമതലപ്പെടുത്തി.
ആ ശിബിരത്തിന്റെ സമാപന ദിവസം സംസ്ഥാനത്തെ പ്രമുഖ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. ഏകനാഥ് ജി തന്റെ അഭിമതം എല്ലാവരുടെ മുന്നില്‍ വച്ചു. കേരളത്തില്‍ സംഘത്തിന്റെ സ്വാധീനം സുശക്തമാക്കാന്‍ പത്തുവര്‍ഷത്തിനകത്തു ആയിരം ശാഖകളുണ്ടാക്കണമെന്നും, ജനങ്ങളുടെ മനസ്സിനെയും ചിന്തകളെയും പ്രവര്‍ത്തിയെയും സ്വാധീനിക്കാന്‍ കഴിവുള്ള കാര്യകര്‍ത്താക്കളുടെ നിരകള്‍ ഓരോ തലത്തിലും സൃഷ്ടിക്കണമെന്നുമായിരുന്നു അതിലെ മുഖ്യ ആശയം. അവിടെ അവതരിപ്പിക്കപ്പെട്ട സംഘടനാപരമായ കാര്യങ്ങള്‍ താന്‍ പൂജനീയ ഗുരുജിയുടെ മുമ്പാകെ വയ്ക്കുമെന്നും, അദ്ദേഹമാണ് അന്തിമ നിര്‍ണയം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹമറിയിച്ചു.
ആ ബൈഠക്കിലാണ് സംഘത്തിന്റെ കേരള പ്രാന്ത് എന്ന ആശയം രൂപംകൊണ്ടത്. അതിനെപ്പറ്റിയുള്ള ഗുരുജിയുടെ നിര്‍ണയം വന്നപ്പോള്‍ വടക്കേ അറ്റത്തുള്ള കന്നഡ ഭാഷാ പ്രദേശമായ കാസര്‍കോട് താലൂക്ക് കര്‍ണാടക പ്രാന്തത്തില്‍ തുടരണമെന്നായിരുന്നു നിര്‍ദ്ദേശം. 2023 ന് ഏതാണ്ട് ഒരു വര്‍ഷംമുമ്പാണ് സംഘസംവിധാനത്തില്‍ ആ ഭാഗം കേരള പ്രാന്തത്തിന്റെ ഭാഗമായത്. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തുടക്കം മുതല്‍ അങ്ങനെയായിരുന്നു. ജനസംഘത്തിന്റെ സംഘടനാ ദര്‍ശിയായിരുന്നപ്പോള്‍ എനിക്കവിടം സുപരിചിതമായി. കെ.ജി. മാരാര്‍ജി സംഘകാര്യദര്‍ശിയെന്ന നിലയില്‍ കാസര്‍കോട്ടുകാരുടെ ഹൃദയത്തെ പിടിച്ചടക്കി. ഇന്നു ജന്മഭൂമിയുടെ തിരുവനന്തപുരം പതിപ്പിന്റെ ചുമതല വഹിക്കുന്ന കെ. കുഞ്ഞിക്കണ്ണന് ആദ്യം കാസര്‍കോടു താലൂക്കിന്റെയും പിന്നീട് കണ്ണൂര്‍ ജില്ലയുടെയും ചുമതല വഹിക്കുകയും, അടിയന്തരാവസ്ഥക്കാലത്തെ രഹസ്യ സംഘടനാ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
അടിയന്തരാവസ്ഥക്കുശേഷമുള്ള കാലഘട്ടങ്ങളില്‍ ഭാരതത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വികസിക്കുന്ന സംഘപ്രവര്‍ത്തനം കേരളത്തിലേതായി. സര്‍സംഘചാലക് ബാളാ സാഹബ് ദേവറസും മറ്റു അഖിലഭാരതീയ ചുമതലയുള്ളവരും സംഘ വ്യാപനത്തിന്റെ മാതൃകയായി കേരളത്തെയാണ് ചൂണ്ടിക്കാട്ടിയത്. മുതിര്‍ന്ന സംഘ അധികാരിമാരെ അഖില ഭാരതീയ ബൈഠക്കുകളില്‍ പങ്കെടുക്കാനായി ക്ഷണിച്ചപ്പോള്‍ ഉത്സാഹപൂര്‍വം അവര്‍ അതിന് തയ്യാറായി.
എന്റെ അനുജന് രവിചന്ദ് ഔറംഗബാദിലും അനുജത്തി ആഗ്രയിലും വളരെക്കാലം പാര്‍ത്തിരുന്നു. ഞാന്‍ ജനസംഘപ്രചാരകനെന്ന നിലയ്ക്ക് അവിടെ പോകേണ്ടി വന്നപ്പോള്‍ അവരുടെ വീടുകളിലാണ് താമസിച്ചത്. അവിടത്തെ ശാഖകളില്‍ പങ്കെടുത്ത സമയത്ത് പ്രചാരകന്മാര് പരിചയപ്പെടുത്തിയത് ഇദ്ദേഹത്തെപ്പോലുള്ളവരാണ് കേരളത്തിലെ സംഘ വളര്‍ച്ചയുടെ കാരണക്കാര്‍ എന്നായിരുന്നു. ആഗ്രയില്‍ കൃഷ്ണ ജന്മസ്ഥാനം കാണണമെന്ന മോഹം പറഞ്ഞപ്പോള്‍ അതിനവര്‍ ഏര്‍പ്പാടു ചെയ്തു. ഇന്നു കാണുന്ന വമ്പിച്ച സമുച്ചയത്തിന്റെ സ്ഥാനത്ത്, വലിയ പള്ളിയുടെ ഒരു വശത്തു രാമനാഥ് ഗോയങ്ക ട്രസ്റ്റ് നിര്‍മിച്ച ഒരു ചെറുകോവില്‍ ‘ഞാനും ഇവിടെ നിന്നോട്ടെ’ എന്നു അപേക്ഷിക്കുംപോലെ കാണാനായി.
കംസന്റെ രാജധാനിയായിരുന്ന യമുനാതീരത്തെ ‘കംസകില’യെന്ന ‘കൊട്ടാര’വും കണ്ടു. അവിടെത്തന്നെയായിരുന്നു സംഘകാര്യാലയവും. പിന്നീട് ഔറംഗബാദില്‍ പോയപ്പോള്‍ അവിടത്തെ ഐടിസി നടക്കുന്നിടത്ത് പോയി. അവിടത്തെ കാര്യവാഹ് ശിക്ഷാര്‍ത്ഥികള്‍ക്കു പരിചയപ്പെടുത്തിയതും കേരളത്തിലെ സംഘവളര്‍ച്ചയെ ചൂണ്ടിക്കാട്ടിയായിരുന്നു.
കഴിഞ്ഞയാഴ്ച ഭാസ്കരീയത്തിലെ ബൈഠക്കില്‍ കേരളത്തിലെ സംഘപ്രവര്‍ത്തനത്തിന്റെ വിവരണം നല്കുകയുണ്ടായി. പ്രാന്തത്തെ രണ്ടാക്കാനുള്ള നിര്‍ണയം ഒരു വര്‍ഷത്തിന് മുമ്പ് കേന്ദ്രീയ പ്രതിനിധിസഭ സ്വീകരിച്ചതാണെങ്കിലും അതിന്റെ നിര്‍വഹണം പ്രായോഗികമായതു ഇപ്പോഴാണെന്നു മാത്രമേയുള്ളൂ. സാധാരണയായി ഇത്തരം അവസരങ്ങളില്‍ സംഘവ്യാപ്തിയുടെ വിവരം അവതരിപ്പിക്കാറുണ്ട്. അതിന്റെ സമാകലനം നടത്തിയപ്പോള്‍ രണ്ടിടത്തായി ഒരായിരം ശാഖകള്‍ തികഞ്ഞു. അതൊരു നാഴികക്കല്ലാണ് എന്നതിനു സംശയമില്ല. ആ സമയത്തു അറുപത്തിയാറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഏകനാഥ് റാനഡെ പറഞ്ഞത്, പത്തുവര്‍ഷങ്ങള്‍കൊണ്ട് ആയിരം സ്ഥലങ്ങളില്‍ ശാഖകള്‍ നടത്തണമെന്നത് ഓര്‍ത്തു. ഞാനും, സേതുമാധവനുമൊഴികെ ആ ബൈഠക്കില്‍ പങ്കെടുത്തവരായി ആരെങ്കിലും ഇന്നുണ്ടോ എന്നറിയില്ല.
സംഘശക്തിയുടെ വ്യാപ്തിയെയും വളര്‍ച്ചയെയും കുറച്ചു കാണിക്കാനല്ല ഇവിടെ ഉദ്ദേശിക്കുന്നത്. കേരളത്തിലെ, മത, രാഷ്ട്രീയ, പ്രതിലോമ ശക്തികളുടെ ഇടവിടാത്ത വ്യാജപ്രചാരണങ്ങളുടെയും എതിര്‍പ്പുകളുടെയും ആട്ടക്കളത്തിലൂടെയാണീ മുന്നേറ്റമെന്നു ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ ജനജീവിതത്തിന്റെ നാനാമേഖലകളിലും സ്വാധീനം ചെലുത്താന്‍ സംഘആശയങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേ ഏതോ ഒരിടത്തുവച്ച് ഒരു മാര്‍ക്സിസ്റ്റ് നേതാവ്, ബിജെപി നേതാവിനെ കാണാനിടയായതും പരസ്പരം കുശലം ചോദിച്ചുകൊണ്ട് ഏതാനും വാക്കുകള്‍ കൈമാറിയതും എത്ര രാഷ്ട്രീയ, മാധ്യമകോലാഹലങ്ങളാണ് സൃഷ്ടിച്ചത്!
1940 കളുടെ ആരംഭത്തില്‍ കാസര്‍കോടും കോഴിക്കോട്ടും തിരുവനന്തപുരത്തുമായി തുടക്കംകുറിക്കപ്പെട്ട സംഘത്തിന്റെ നന്ദാദീപജ്യോതി കേരളീയ ജീവിതത്തിന്റെ വിവിധ മേഖലകളെയും പ്രഭാപൂരിതമാക്കിയതിന്റെ പശ്ചാത്തലത്തില്‍ മനസ്സിലുയര്‍ന്നുവന്ന ചിന്തകളാണ് പങ്കുവച്ചത്. അതിന് പങ്കുവഹിച്ച വരുടെയിടയിലെ ഒരാളെന്ന നിലയില്‍ ഇതിനെ കണ്ടാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: