പ്രൊഫ. ഹിമാന്‍ശു റായ്
ഡയറക്ടര്‍, ഐഐഎം ഇന്‍ഡോര്‍
മത്സരപരീക്ഷകളുടെ സുതാര്യതയെക്കുറിച്ച് വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്ക് മറുപടിയായി, പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക നടപടികള്‍ സ്വീകരിച്ചു. നീറ്റ് പിജി പരീക്ഷ മാറ്റിവച്ചതും ആറ് നഗരങ്ങളിലെ നീറ്റ്-യുജി പുനഃപരിശോധനയ്ക്കിടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന ആരോപണവും, അടുത്തിടെയുണ്ടായ യുജിസി നെറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും, ഈ നിര്‍ണായക പരീക്ഷകളുടെ സത്യസന്ധതയും വിശ്വാസ്യതയും സംബന്ധിച്ച് രാജ്യവ്യാപകമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗുരുതര സംശയങ്ങള്‍ ഉയര്‍ത്തി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ (എന്‍ടിഎ) നേതൃമാറ്റങ്ങള്‍ നടപ്പാക്കിയതും വിദഗ്ധ സമിതികള്‍ രൂപീകരിച്ചതും ഉള്‍പ്പെടെയുള്ള നടപടികള്‍, വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും പരീക്ഷാ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള വ്യക്തമായ പ്രതിബദ്ധത പ്രകടമാക്കുന്നു.
ഈ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം വീണ്ടും കെട്ടിപ്പടുക്കുന്നതിനും നീതി ഉറപ്പാക്കാനുമുള്ള ദീര്‍ഘകാല തന്ത്രത്തെ സൂചിപ്പിക്കുന്നു. പരീക്ഷയുടെ സുതാര്യവും സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല വിദഗ്ധ സമിതിക്കു രൂപംനല്കി. പരീക്ഷാ പ്രക്രിയകള്‍ പരിഷ്കരിക്കുന്നതിനും ഡാറ്റാ സുരക്ഷാ നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഭാവിയിലെ സുരക്ഷയ്ക്കായി എന്‍ടിഎയെ പുനഃക്രമീകരിക്കുന്നതിനും പ്രവര്‍ത്തനക്ഷമമായ ശുപാര്‍ശകള്‍ രണ്ട് മാസത്തിനുള്ളില്‍ നല്‍കാനാണ് സമിതി ലക്ഷ്യമിടുന്നത്. കൂടാതെ, സിബിഐയുടെ ഇടപെടല്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണവും ഉറപ്പുവരുത്തും. അന്യായമായ രീതികള്‍ തടയുന്നതിനും തെറ്റുചെയ്യാന്‍ സാധ്യതയുള്ളവരെ തടയുന്നതിനുമായിട്ടാണ് സര്‍ക്കാര്‍ പൊതു പരീക്ഷാ നിയമം അവതരിപ്പിച്ചത്. പരീക്ഷ നടത്തിപ്പില്‍ വീഴ്ച വരുത്തിയവരെ കണ്ടെത്തി ഒരു കോടി രൂപ പിഴയും 10 വര്‍ഷം വരെ തടവും ഉള്‍പ്പെടെയുള്ള കര്‍ശനമായ ശിക്ഷയാണ് ഈ നിയമം ചുമത്തുന്നത്.
ഉടനടിയുള്ള കര്‍ശന നടപടികള്‍ അനിവാര്യമാണെങ്കിലും, പരീക്ഷാ സമ്പ്രദായത്തില്‍ ദീര്‍ഘകാല സുരക്ഷയും സത്യസന്ധതയും ഉറപ്പാക്കുന്നതിന് തുടര്‍ നടപടികള്‍ നിര്‍ണായകമാണ്. ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കായി, അത്യാധുനിക എന്‍ക്രിപ്ഷന്‍ ടെക്നിക്കുകളും ആധികാരികത ഉറപ്പാക്കുന്നതിനുള്ള വിവിധതല നടപടികളും കൊണ്ടുവരുന്നത് അനധികൃത പ്രവേശനത്തില്‍നിന്ന് സംരക്ഷണമേകും. പരീക്ഷാ പേപ്പറുകള്‍ സൃഷ്ടിക്കുന്നതു മുതല്‍ മൂല്യനിര്‍ണ്ണയം വരെ നിരീക്ഷിക്കാനും സുരക്ഷിതമാക്കാനും ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനാകും. ഇതിലൂടെ കൃത്രിമത്വം ഏതെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഉടനടി കണ്ടെത്താനാകും. പരമ്പരാഗത, ഓഫ്ലൈന് പരീക്ഷകള്‍ക്ക്, ഓരോ ഘട്ടത്തിലും കര്‍ശനമായ സുരക്ഷാ നടപടികള്‍ പ്രധാനമാണ്. പരീക്ഷാ സാമഗ്രികള്‍ പാക്ക് ചെയ്യുന്നത്, സുരക്ഷിതമായ ഗതാഗതം, കൈകാര്യം ചെയ്യുന്ന എല്ലാ ഇടങ്ങളിലെയും കര്‍ശനമായ പരിശോധനകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ലോജിസ്റ്റിക്സിനായി തത്സമയ ജിപിഎസ് ട്രാക്കിങ് ഉപയോഗിക്കുന്നതും ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കിങ് ഉപയോഗിക്കുന്നതും ചോര്‍ച്ചയുടെ സാധ്യത ഗണ്യമായി കുറയ്ക്കും. നിര്‍മിതബുദ്ധി അധിഷ്ഠിത പ്രോക്ടറിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് പരീക്ഷകളില്‍ നിരീക്ഷണം വര്‍ധിപ്പിക്കുകയും തട്ടിപ്പിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ബയോമെട്രിക് പരിശോധന പരീക്ഷാ പ്രക്രിയയ്ക്ക് സുരക്ഷയുടെ മറ്റൊരു തലം കൂടി ചേര്‍ക്കുന്നതോടെ, ഉദ്യോഗാര്‍ഥികളെ കൃത്യമായി തിരിച്ചറിയാന്‍ കഴിയും.
സ്വതന്ത്ര സ്ഥാപനങ്ങള്‍ ഇടയ്ക്കിടെ സമഗ്ര ഓഡിറ്റ് നടത്തുന്നത് പരീക്ഷാ പ്രക്രിയയിലെ ബലഹീനതകള്‍ തിരിച്ചറിയാന്‍ സഹായിക്കും. പരീക്ഷാ ബുക്ക്ലെറ്റ് ബോക്സുകള്‍ സ്വമേധയാ തുറക്കുന്നതിലേക്കും ചോദ്യപേപ്പറുകള്‍ വിതരണം ചെയ്യുന്നതിലെ കാലതാമസത്തിലേക്കും നയിക്കുന്ന ഡിജിറ്റല്‍ ലോക്കുകളില് ഭാവിയിലുണ്ടായേക്കാവുന്ന പിശകുകള്‍ തടയുന്നതിന്, കര്‍ശനമായ അറ്റകുറ്റപ്പണി ക്രമങ്ങളും ബാക്കപ്പ് നടപടിക്രമങ്ങളും നടപ്പിലാക്കേണ്ടതുണ്ട്. പരീക്ഷകള്‍ക്ക് മുമ്പ് ഡിജിറ്റല്‍ ലോക്കുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. സുരക്ഷിതമായ രീതിയില്‍ ഇവ കൈകാര്യം ചെയ്യുന്നതിന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, നയ ആസൂത്രകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പതിവ് ചര്‍ച്ചകള്‍ക്കൊപ്പം, നീതിയുടെയും സുതാര്യതയുടെയും ഗുണങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന സമഗ്ര ശില്‍പ്പശാലകള്‍, പരീക്ഷാ സുതാര്യത ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന മുന്‍കരുതല്‍ നടപടികളെ പ്രതിനിധാനം ചെയ്യുന്നു. ഈ ചര്‍ച്ചകളില്‍ പങ്കാളികളെ ഉള്‍പ്പെടുത്തുന്നതിലൂടെ ജാഗ്രതയുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. അതുവഴി ഉത്തരസൂചനകളിലേക്കുള്ള ഏതെങ്കിലും അനധികൃത പ്രവേശനത്തെ തടയാന്‍ സാധിക്കും.
എന്‍ടിഎയ്ക്ക് കീഴില്‍ വിവിധ പരീക്ഷകള്‍ക്കായി പ്രതിവര്‍ഷം 10 ദശലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. 2023 ല്‍ മാത്രം 12.3 ദശലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. അതുകൊണ്ടുതന്നെ പരീക്ഷാ നടത്തിപ്പില്‍ ആഗോളതലത്തില്‍ മുന്‍നിരയിലാണ് എന്‍ടിഎ. ഈ ഗണ്യമായ പങ്കാളിത്തം, ഇന്ത്യയുടെ യുവജനങ്ങളുടെ അഭിലാഷങ്ങളെ രൂപപ്പെടുത്തുന്നതില്‍ പരീക്ഷകള്‍ വഹിക്കുന്ന സ്വാധീനശക്തിക്ക് അടിവരയിടുന്നു. ഈ എണ്ണത്തിന്റെയും ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും വെളിച്ചത്തില്‍, ദീര്‍ഘകാല സമഗ്രതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ സജീവമായ നടപടികള്‍ പ്രശംസനീയവും ദൂരവ്യാപകവുമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്നുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുക മാത്രമല്ല, ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സംരക്ഷിക്കുന്നതിന് അടിത്തറയിടും.
ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ വിദ്യാഭ്യാസത്തെ രൂപപ്പെടുത്തുന്നത് തുടരുമ്പോള്‍, ശക്തമായ ഡിജിറ്റല്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നത് അനിവാര്യമാണ്. ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കായി അത്യാധുനിക എന്‍ക്രിപ്ഷന്‍ നടപടിക്രമങ്ങളും ആധികാരികത ഉറപ്പാക്കുന്ന കര്‍ശന സംവിധാനങ്ങളും നടപ്പാക്കുന്നത് സൈബര്‍ ഭീഷണികള്‍ക്കും അനധികൃത പ്രവേശനങ്ങള്ക്കുമെതിരായ കരുത്തുറ്റ പ്രതിരോധമായിരിക്കും. ഈ സമീപനം മൂല്യനിര്‍ണയങ്ങളുടെ സമഗ്രത സംരക്ഷിക്കുക മാത്രമല്ല, വിശ്വാസം വളര്‍ത്തുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: