ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രത്യക്ഷ നികുതി പിരിവില്‍ റിക്കാര്‍ഡ് കുതിപ്പ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ 11 വരെയുള്ള കാലയളവില്‍ 19.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആദായ നികുതി വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 5.74 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതി ഇനത്തില്‍ പിരിച്ചെടുത്തത്.
കോര്‍പറേറ്റ് നികുതി പിരിവിലും വന്‍ വര്‍ധനയാണുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 12.5 ശതമാനം വര്‍ധിച്ച് 2.1 ലക്ഷം കോടി രൂപയായി. വ്യക്തിഗത ആദായനികുതി 24 ശതമാനം ഉയര്‍ന്ന് 3.64 ലക്ഷം കോടി രൂപയായി.
തിരിച്ചടവുകള്‍ക്ക് മുമ്പ് മൊത്ത പ്രത്യക്ഷ നികുതി പിരിവ് 6.45 ലക്ഷം രൂപയായാണ്. 23.2 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായത്. ഏപ്രില്‍ ഒന്ന് മുതല്‍ ജൂലൈ 11 വരെയുള്ള കണക്കുകള്‍ പ്രകാരം പ്രത്യക്ഷ നികുതി ഇനത്തിലുളള തിരിച്ചടവ് 70,902 കോടി രൂപയായി ഉയര്‍ന്നു.
2024-25 ലെ സമ്പൂര്‍ണ ബജറ്റ് ജൂലൈ 23ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നികുതി പിരിവിലെ ഉയര്‍ച്ച ധനക്കമ്മി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിസര്‍വ് ബാങ്കില്‍ നിന്നുള്ള 2.11 ലക്ഷം കോടി രൂപ ലാഭവിഹിതവും പ്രത്യക്ഷ നികുതി, ജിഎസ്ടി ശേഖരണം എന്നിവയിലുള്ള വര്‍ധന സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ മൂന്നാം മോദി സര്‍ക്കാരിന് ഊര്‍ജ്ജമേകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: