കോട്ടയം : ഊരുകളുടെ പേരുമാറ്റുന്നവര്‍ ഊരുകളിലെ ചോര്‍ന്നൊലിക്കുന്ന കൂരകളിലെ നരക ജീവിതം കൂടി കാണാന്‍ തയ്യാറാകണമെന്ന എരുമേലി എരുത്വാപ്പുഴ മലവേടര്‍ കോളനിയിലെ ഊരുമൂപ്പന് കേളന് ഗോപി ഒരു മാധ്യമത്തിന് നല്കിയ പ്രതികരണം പൊതുസമൂഹം ഏറ്റെടുക്കുന്നു. ഗോപിയുടെ ഭാര്യ ഈ ചോദ്യം മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കുന്നുമുണ്ട്. പേരുമാറ്റിയാല്‍ ഞങ്ങളുടെ പട്ടിണി മാറുമോ? നോക്കൂ, മുളക് മാത്രമാണ് കഞ്ഞിക്ക് കൂട്ടാന്‍ ഉള്ളത്. ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ പണി ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്.
ആദിവാസി ഊരുകളുടെ പേരാണ് പ്രശ്നമെന്നും ഊര് പറിച്ചു മാറ്റിയാല്‍ മഹാകാര്യമായെന്ന മട്ടില്‍ ഉത്തരവിട്ടിട്ട് ഇറങ്ങിപ്പോയ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ഈ വാക്കുകള്‍ കേള്‍ക്കണം. ചുളുവില്‍ ചരിത്രത്തില്‍ കയറിപ്പറ്റുക മാത്രമായിരുന്നു ഭരണകാലത്തിന്റെ നേട്ടമെന്ന ഓര്‍മ്മ അദ്ദേഹത്തെ പൊള്ളിക്കണം. ഏതുനിമിഷവും നിലം പൊത്താവുന്ന കൂരകളില്‍ കഴിയുന്ന ആദിവാസികളെ ഇത്രയും കാലമായിട്ടും കരകയറ്റാന്‍ കഴിയാതെ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി കാലയാപനം നടത്തുന്ന സംസ്ഥാനത്തെ മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ ഗോപിയുടെ ഈ വാക്കുകള്‍ ഓര്‍ത്ത് ലജ്ജിക്കട്ടെ. ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതികള്‍ പോലും സംസ്ഥാന ഭരണകൂടം യഥാവിധി നടപ്പാക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യവും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: