പാലക്കാട്: അയോദ്ധ്യയുടെ ചരിത്രത്തില്‍ ആദ്യമായി അഞ്ച് നൂറ്റാണ്ടിന് ശേഷം ശ്രീരാംലല്ലയില് നിന്നുള്ള ദീപം പുറത്തേക്കെഴുന്നള്ളിച്ചു. പാലക്കാട് ജില്ലയിലേക്കാണ് രാംലല്ലയില്നിന്നുള്ള ദീപം ആദ്യമായെത്തുന്നത്. ദീപം 16ന് പാലക്കാടെത്തും. ശ്രീരാമഭക്തരുടെ കൂട്ടായ്മയായ ശ്രീരാമഭക്തമണ്ഡലിയുടെ ചീഫ് കോ-ഓര്‍ഡിനേറ്ററും മങ്കര മോക്ഷധാം ആചാര്യനുമായ ശ്രീമാനുണ്ണിയാണ് രാംലല്ലയില്‍ നിന്നുള്ള ദീപം പകര്ന്നുകൊണ്ടുവരുന്നത്.
രാവിലെ 10ന് പാലക്കാട് അഞ്ചുവിളക്കിന് സമീപമെത്തുന്ന ശ്രീരാമദീപത്തെ 108 അമ്മമാര്‍ താലപ്പൊലിയോടെ സ്വീകരിക്കും. അട്ടപ്പാടിയിലെ 50ളം വരുന്ന വനവാസിഭക്തരുടെ ശംഖനാദത്തോടെ കോട്ട ആഞ്ജനേയ ക്ഷേത്രത്തിലേക്ക് സാംസ്കാരിക ഘോഷയാത്ര നടക്കും. 11ന് ഉദ്ഘാടനം നടക്കും. 22 വരെ ജില്ലയിലെ നൂറിലധികം ക്ഷേത്രങ്ങളില്‍ ശ്രീരാമദീപ പ്രയാണം – സംക്രമവും നടക്കും. ശ്രീരാമദീപ പരിക്രമണത്തിന്റെ സമാപനം സമീപത്തെ ആശ്രമങ്ങളിലായിരിക്കും.
വൈകിട്ട് 5ന് പുത്തൂര്‍ തിരുപുരായ്ക്കല്‍ ഭഗവതിക്ഷേത്രം, 6ന് ചിന്മയഗുരുവായൂരപ്പന് ക്ഷേത്രം, 7ന് കല്ലേപ്പുള്ളി തൊണ്ടര്‍കുളങ്ങര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ പരിക്രമണത്തിന് ശേഷം കല്ലേക്കുളങ്ങര ശിവാനന്ദാശ്രമത്തില്‍ സമാപിക്കും. പ്രയാണത്തോടനുബന്ധിച്ച് ശ്രീരാമഭക്തര്‍ക്ക് ദീപം പകര്ന്നുകൊണ്ടുപോകാവുന്നതാണ്. വീടുകളിലേക്ക് പകര്ന്നുകൊണ്ടുപോകുന്ന ശ്രീരാമദീപം 41 ദിവസം കെടാവിളക്കായി സൂക്ഷിച്ച് നിത്യവും രാവിലെ 6.30 മുതല്‍ ഏഴുമണിവരെ ലഘുഉപാസന ചെയ്യേണ്ടതാണ്.
പാലക്കാട്ടെ പര്യടനത്തിന് ശേഷം അട്ടപ്പാടി, വയനാട് വനവാസി മേഖലകളിലാണ് പ്രയാണം. അട്ടപ്പാടിയിലെ 108 ഊരുകളിലും ശ്രീരാമദീപമെത്തും. തുടര്‍ന്ന് 41 ദിവസം കെടാവിളക്കായി സൂക്ഷിച്ച കുടുംബങ്ങളെ പങ്കെടുപ്പിച്ച് സരയൂ ആരതി നടത്തിയ ശേഷം ശ്രീരാമദീപം നദിയില്‍ ലയിപ്പിക്കും. തുടര്‍ന്ന് മഹാഹിന്ദുസമ്മേളനം നടക്കും. അയോധ്യ രാമതീര്ഥക്ഷേത്ര സെക്രട്ടറി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: