ശ്രീനഗർ: ജമ്മു കശ്മീരിൽ ലഫ്റ്റനൻ്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകി സർക്കാർ ഉത്തരവിറക്കി. ദൽഹി പോലെ, ജമ്മു കശ്മീരിലെ സംസ്ഥാന സർക്കാരിന് ലഫ്റ്റനൻ്റ് ഗവർണറുടെ അനുമതിയില്ലാതെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ കഴിയില്ല. 2019 ലെ ജമ്മു കശ്മീർ പുനഃസംഘടന നിയമത്തിലെ സെക്ഷൻ 55 പ്രകാരം ഭേദഗതി വരുത്തിയ നിയമങ്ങൾ ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തു.
പോലീസ്, അഴിമതി വിരുദ്ധ വിഭാഗം, അഖിലേന്ത്യ സർവീസ് തുടങ്ങിയവയിലെ പ്രധാന നിർദേശങ്ങൾക്ക് ലഫ്റ്റനന്റ് ഗവർണറുടെ അനുമതി തേടണം. പ്രോസിക്യൂഷൻ അനുമതിയിലും ഉന്നത ഉദ്യോഗസ്ഥരുടെ നിയമനങ്ങൾക്കും ഗവണറുടെ അനുമതി അനിവാര്യമാണ്. ചീഫ് സെക്രട്ടറി മുഖാന്തരമാണ് ഗവർണറുടെ അനുമതി തേടേണ്ടത്. ഈ വർഷം സെപ്റ്റംബറോടെ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ലഫ്റ്റനൻ്റ് ഗവർണറുടെ അധികാരം വർദ്ധിപ്പിച്ചുള്ള കേന്ദ്രത്തിന്റെ തീരുമാനം പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നത്.
രാഷ്ട്രപതിയുടെ അനുമതിയോടെ ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. മനോജ് സിൻഹയാണ് നിലവിൽ ജമ്മു കശ്മീർ ഗവർണർ. 2019 ഓഗസ്റ്റ് 5-നാണ് ജമ്മു കശ്മീർ പുനഃസംഘടന നിയമം പാർലമെൻ്റിൽ പാസാക്കിയത്. ഇതിൽ ജമ്മു കശ്മീരിനെ രണ്ടായി തിരിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കി. ഒന്ന്- ജമ്മു കശ്മീർ, രണ്ടാമത്- ലഡാക്ക്. ഈ നിയമത്തോടെ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: