തിരുവനന്തപുരം: 2028- 29 ഓടെ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നാല് ഘട്ടങ്ങളും പൂര്‍ത്തിയാക്കുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമി. ചെയര്മാന് കരണ്‍ അദാനി. ഇതോടെ കേരള സര്‍ക്കാരും അദാനി വിഴിഞ്ഞം തുറമുഖവും 20,000 കോടി രൂപ കൂടി നിക്ഷേപിക്കുമെന്നും കരണ്‍ അദാനി പറഞ്ഞു. വിഴിഞ്ഞം ട്രയല്‍ റണ്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം ഡിസംബറില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെങ്കിലും അതിനും മുമ്പേ തന്നെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. 600 മീറ്റര്‍ ഓപ്പറേഷന് ക്വെയ് നീളമുണ്ട്. കാര്‍ഗോകള്‍ സ്വീകരിക്കുന്നതിന് 7,500 കണ്ടെയ്നര്‍ യാര്‍ഡ് സ്ലോട്ടുകള്‍ തയ്യാറാക്കുകയാണ്. ഒന്നാംഘട്ടത്തില്‍ പ്രതിവര്‍ഷം ഒരു ദശലക്ഷം ടിയുഇഎസ് കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനാണ് തുടക്കത്തില്‍ ലക്ഷ്യമിട്ടതെങ്കില്‍ 1.5 ദശലക്ഷം ടിയുഇഎസ് കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനാകുമെന്ന് ഉറപ്പുണ്ട്.
പാരിസ്ഥിതിക അനുമതിയും മറ്റ് റെഗുലേറ്ററി അനുമതികളും ലഭിച്ചാലുടന്‍ തുറമുഖത്തിന്റെ ശേഷിക്കുന്ന ഘട്ടങ്ങളുടെ പ്രവര്‍ത്തനം തുടങ്ങും. ഇത് ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കും. പുതിയ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ നിര്‍മാണവും ആരംഭിക്കും. 5,500 ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും.
സമീപ പ്രദേശങ്ങളിലെ അനുബന്ധ വികസനങ്ങളുടെ ഭാഗമായി ആധുനിക മത്സ്യബന്ധന തുറമുഖം, ബങ്കറിങ് സൗകര്യങ്ങള്‍, ഔട്ടര്‍ റിങ് റോഡ്, പാര്‍ക്ക്, ക്രൂയിസ് ടൂറിസം സൗകര്യങ്ങള്‍, വ്യവസായ ഇടനാഴി എന്നിവയും സൃഷ്ടിക്കും. അദാനി സ്കില്‍ ഡെവലപ്മെന്റ് സെന്ററിലൂടെ ആയിരക്കണക്കിന് യുവാക്കളെ സജ്ജരാക്കാനും ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: