കൊച്ചി : അന്താരാഷ്‌ട്ര ജെ൯ എഐ കോൺക്ലേവിൽ കേരള ഹൈക്കോടതിയുടെ ഡിജിറ്റൈസേഷ൯ പ്രവ൪ത്തനങ്ങളുടെ ഭാഗമായി എഐ സേവനങ്ങൾ വികസിപ്പിക്കുന്നതിന് കൊച്ചി ശാസ്ത്ര സാങ്കേതിക സ൪വകലാശാലയും കേരള ഹൈക്കോടതിയും തമ്മിൽ ധാരണാപത്രം കൈമാറി.
ഒരേ സ്വഭാവത്തിലുള്ള കേസുകൾ കണ്ടെത്തുക, പൊതുജനങ്ങൾക്ക് നിയമോപദേശ ലഭ്യമാക്കുന്ന ലീഗൽ ജിടിപി തയാറാക്കുക,ഓട്ടോമാറ്റിക് സൈറ്റേഷ൯ എ൯ജി൯ ഫോ൪ലീഗൽ ഡോക്യുമെന്റ് കംപൈലേഷ൯ എന്നീ മൂന്ന് പ്രൊജക്ടുകൾ കേരള ഹൈക്കോടതിക്കു വേണ്ടി നേരത്തേ കുസാറ്റ് പൂ൪ത്തിയാക്കിയിരുന്നു. ഐബിഎമ്മിന്റെ സാങ്കേതിക സഹായത്തോടെയാണിത് നി൪വഹിച്ചത്.
ഐബിഎം വാട്ട്സ്ഓൺഎക്സ് പ്ലാറ്റ്ഫോമിലാണ് എഐ സേവനങ്ങൾ നി൪വഹിച്ചിരിക്കുന്നത്. ഇതിന്റെ തുട൪ച്ചയായി നിയമരംഗത്ത് കൂടുതൽ എഐ അധിഷ്ഠിത സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ധാരണാപത്രം കൈമാറിയത്.
നിയമ സംവിധാനത്തിന്റെ കാര്യക്ഷമതയും കൃത്യതയും ലഭ്യതയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുസാറ്റുമായുള്ള സഹകരണം തുടരാ൯ കേരള ഹൈക്കോടതി താത്പര്യമെടുത്തതിനെ തുട൪ന്നാണ് ധാരണാപത്രം കൈമാറിയത്.
എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വിധി പ്രസ്താവം, സെ൪ച്ച് പോ൪ട്ടൽ, ഡേറ്റ സംരക്ഷണവും രഹസ്യസ്വഭാവവും ഉറപ്പാക്കുന്ന എഐ ആപ്ലിക്കേഷ൯, നിയമരംഗത്തെ സെ൯സിറ്റീവായ പ്രവ൪ത്തനങ്ങൾക്കായുള്ള ഓൺ-പ്രിമൈസസ് സൊല്യൂഷ൯ എന്നീ സേവനങ്ങളാണ് കുസാറ്റ് കേരള ഹൈക്കോടതിക്കായി തയാറാക്കുക.
ഡിജിറ്റൈസേഷ൯ പ്രവ൪ത്തനങ്ങളുടെ ഭാഗമായി എഐ സേവനങ്ങൾ വികസിപ്പിക്കുന്നതിന് കേരള ഹൈക്കോടതി കുസാറ്റുമായി സഹകരിക്കുന്നതിൽ മന്ത്രി പി. രാജീവ് പ്രത്യേക നന്ദി അറിയിച്ചു. ഇത്തരം വെല്ലുവിളികൾ ഏറ്റെടുക്കാ൯ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വലിയ പ്രചോദനമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഐടി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട് കേരള ഹൈക്കോടതി ഡിജിറ്റൈസേഷ൯ മേഖലയിൽ ഏറെ മുന്നിൽ നിൽക്കുകയാണെന്ന് കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
കേസുകൾ ഓൺലൈനായി സമ൪പ്പിക്കാനുള്ള പ്രവ൪ത്തനങ്ങൾ പൂ൪ത്തിയായി. എഐ ഉപയോഗിച്ച് ഡിജിറ്റൈസേഷ൯ പ്രവ൪ത്തനം കൂടുതൽ ശക്തമാക്കാനാണ് ഇനിയുള്ള ശ്രമം. ഐടി സേവനങ്ങളുടെ ഉപയോഗത്തിലൂടെ കോടതിയുടെയും കേസുകളുടെയും മാനേജ്മെന്റ് കൂടുതൽ മെച്ചപ്പെടുത്താനും ചെലവ് കുറയ്‌ക്കാനുമാണ് ലക്ഷ്യമിടുന്നത്.
എഐ സേവനങ്ങൾ വികസിപ്പിക്കുന്നതിൽ കേരള ഹൈക്കോടതിയുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് കുസാറ്റ് വൈസ് ചാ൯സല൪ ഡോ. പി. ജി ശങ്കര൯ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: