തിരുവനന്തപുരം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്‌ട്ര ലോബികൾക്കെതിരെ ഒന്നായി പോരാടിയതിന്റെ ഫലം കിട്ടിയെന്നും അദ്ദേഹം പറന്നു. ചടങ്ങിൽ കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി.
ദീർഘകാലത്തെ സ്വപ്നം യാഥാര്‍ഥ്യമായി. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാണ്. ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വിഴിഞ്ഞത് ബർത്ത് ചെയ്യാം. ഇന്ന് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇന്ന് മുതല്‍ തുടങ്ങുകയാണ്. ഉടൻ പൂർണ പ്രവർത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ മദർഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. വിഴിഞ്ഞം ഇടവക വികാരി മോൻസിഞ്ഞോർ നിക്കോളാസ് ചടങ്ങിൽ പങ്കാളിയായി. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും മന്ത്രിമാർ ഉപഹാരം നൽകി. സംസ്ഥാന തുറമുഖം മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനാകും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്നലെയാണ് തുറമുഖത്ത് ആദ്യചരക്കുകപ്പല്‍ തീരം തൊട്ടത്. കണ്ടെയ്‌നര്‍ കപ്പല്‍ ‘സാന്‍ഫെര്‍ണാണ്ടോ’യെ ആവേശത്തോടെ ബര്‍ത്തിലേക്കു സ്വീകരിച്ചു. ഈ വര്‍ഷം സപ്തംബറിലോ ഒക്‌ടോബറിലോ തുറമുഖം കമ്മിഷന്‍ ചെയ്യാനാകും. ഇതോടെ അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷന്‍, ഐടി സംവിധാനങ്ങളുമുള്ള രാജ്യത്തെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് തുറമുഖമാകും വിഴിഞ്ഞം. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക താത്പര്യം കൂടി ഉണ്ടായതോടെയാണ് തുറമുഖം യാഥാര്‍ത്ഥ്യമായത്.
ട്രയല്‍ ഓപ്പറേഷന്‍ നടക്കുമ്പോള്‍ തന്നെ വലിയ കപ്പലുകള്‍ വിഴിഞ്ഞത്തെത്തും. വലിയ കപ്പലുകള്‍ തുറമുഖത്ത് ഇറക്കുന്ന കണ്ടെയ്‌നറുകള്‍ ചെറിയ കപ്പലുകളിലൂടെ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടുപോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാന്‍സ്ഷിപ്‌മെന്റ് പൂര്‍ണ തോതില്‍ നടക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള ട്രാന്‍സ്ഷിപ്‌മെന്റ് കണ്ടെയ്‌നര്‍ പ്രവര്‍ത്തനത്തിന് ഉയര്‍ന്ന കൃത്യതയും പ്രവര്‍ത്തന മാനദണ്ഡങ്ങളും ആവശ്യമാണ്. അതിനാ
ല്‍ത്തന്നെ ഡ്വെല്‍ ടൈംസ്, വെസല്‍ ടേണ്‍ റൗണ്ട്, ബെര്‍ത്ത് പ്രൊഡക്ടിവിറ്റി, വെഹിക്കിള്‍ സര്‍വീസ് ടൈം, ഷിപ്പ് ഹാന്‍ഡ്‌ലിങ് പ്രൊഡക്ടിവിറ്റി, ക്വേ ക്രെയിന്‍ പ്രൊഡക്ടിവിറ്റി തുടങ്ങിയ പ്രധാന പാരാമീറ്ററുകളില്‍ ആഗോള നിലവാരമുണ്ടായിരിക്കണം. അതിനുള്ള പരിശോധനകള്‍ക്കാണ് യഥാര്‍ത്ഥ കണ്ടെയ്‌നറുകള്‍ നിറച്ച് സാന്‍ഫെര്‍ണാണ്ടോയെ വിഴിഞ്ഞത്തെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: