Kerala

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം ഉദ്ഘാടന സമ്മേളനം ഇന്ന്

Published by

കാസര്‍കോട്: കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന് കാസര്‍കോട് തുടക്കമായി. ഇന്നലെ നടന്ന സംസ്ഥാന ഭാരവാഹിയോഗം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ജീവനക്കാരെ ദ്രോഹിക്കുക എന്നത് നയമായി സ്വീകരിച്ചിരിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു.

ജീവനക്കാരുടെ ക്ഷാമബത്ത ഉള്‍പ്പെടെയുള്ള അലവന്‍സുകള്‍ കുടിശ്ശിക ആക്കി. ലീവ് സറണ്ടര്‍ തടഞ്ഞു. മറ്റെല്ലാ ആനുകൂല്യങ്ങളും ഒന്നിനുപിറകെ ഒന്നായി നിര്‍ത്തി. അവസാനമായി സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ കൂടി അട്ടിമറിക്കാന്‍ ജീവാനന്ദം പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ട് സാഡിസ്റ്റ് സര്‍ക്കാരായി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര് മാറിയതായി അദ്ദേഹം പറഞ്ഞു.

എന്‍ജിഒ സംഘ് 45 ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി. പീതാംബരന്‍ അദ്ധ്യക്ഷനായി. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശനന്‍, സംഘടനാ സെക്രട്ടറി കെ. മഹേഷ്, ആര്‍ആര്‍കെഎംഎസ് ദേശീയ ഉപാദ്ധ്യക്ഷന്‍ പി. സുനില്‍ കുമാര്‍, ദേശീയ സെക്രട്ടറി എസ്.കെ. ജയകുമാര്‍, എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി എ. പ്രകാശ്, ഡെ. ജനറല്‍ സെക്രട്ടറി എസ്. രാജേഷ്, സംസ്ഥാന ട്രഷറര്‍ ടി. ദേവാനന്ദ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി മുരളി കേനാത്ത് സ്വാഗതവും ജോ. സെക്രട്ടറി പ്രദീപ് പുള്ളിത്തല നന്ദിയും പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ് ഇന്ന് രാവിലെ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനം ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് ഹിരണ്‍മയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.

ആര്‍എസ്എസ് പ്രാന്തബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശനന്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംഘടനാ സെക്രട്ടറി കെ. മഹേഷ്, ദക്ഷിണമേഖലാ സഹ.സംഘടന സെക്രട്ടറി എം.പി. രാജീവന്‍, എന്‍ജിഒ സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ്, ജന.സെക്രട്ടറി എ. പ്രകാശ്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്. രാജേഷ്, ട്രഷറര്‍ ടി. ദേവാനന്ദന്‍, രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ് ദേശീയ ഉപാധ്യക്ഷന്‍ പി. സുനില്‍ കുമാര്‍, ദേശീയ സെക്രട്ടറി എസ്.കെ. ജയകുമാര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്ത് സംസാരിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by