മാന്നാര്‍: ചെന്നിത്തല ഇരമത്തൂര്‍ സ്വദേശിനിയായ യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള മൂന്നു പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇന്നലെ രാവിലെ ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ രണ്ടാം പ്രതി ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ ആര്. സോമരാജന് (56), കണ്ണമ്പള്ളില്‍ കെ.സി. പ്രമോദ് (40), ജിനു ഭവനത്തില്‍ ജിനു ഗോപി (48) എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ 11 നാണ് മൂവരെയും ചെങ്ങന്നൂര്‍ ജുഡീ. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. ജാമ്യഹര്‍ജി അടുത്ത ദിവസം കോടതി പരിഗണിക്കും. പ്രതികള്‍ക്ക് വേണ്ടി അഡ്വ. സുരേഷ് മത്തായിയാണ് ഹാജരായത്.
കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനിലാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് രണ്ടു മുതല്‍ നാലുവരെ പ്രതികള്‍. ഇവര്‍ നാല് പേരും ചേര്‍ന്ന് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് നിഗമനം. യുവതിയെ 15 വര്‍ഷം മുന്‍പ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് എഫ്ഐആറില്‍ പറയുന്നു. അതിനിടെ ഒന്നാം പ്രതിയായ ഭര്‍ത്താവ് അനിലിനെ ഇസ്രയേലില്‍ നിന്നു നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ഉയരുന്ന ആവശ്യം. അനില്‍ ഇസ്രയേലില്‍ നിന്നു മറ്റെവിടേക്കെങ്കിലും പോകുന്നതു തടയാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: