കണ്ണൂര്‍: കണ്ണൂര്‍ കുടിയാന്മലയിലെ കൊക്കോതോട്ടത്തില്‍ നിന്നും കണ്ടെത്തിയ മുട്ടകള്‍ അടവെച്ച് വിരിയിച്ചെടുത്തതിന്റെ സന്തോഷത്തിലാണ് വനംവകുപ്പ് വാച്ചര്‍ ഷാജി ബക്കളം. ഷാജിയുടെ കൃത്യമായ പരിചരണത്തില്‍ രാജവെമ്പാലയുടെ കുഞ്ഞുങ്ങളാണ് മുട്ട വിരിഞ്ഞ് പുറത്തുവന്നത്.
കഴിഞ്ഞ ഏപ്രിൽ 20 ന് കുടിയാൻമല കനകക്കുന്നിൽ ലോനപ്പൻ എന്നയാളുടെ കൊക്കോ തോട്ടത്തിൽ രാജവെമ്പാല ഉള്ള വിവരം കരുവഞ്ചാൽ ഫോറസ്റ്റ് സെക്ഷൻ ഓഫിസർ കെ.മധുവാണ് അറിയിച്ചത്. ഫോറസ്റ്റ് ബീറ്റ് ഓഫീസർ നികേഷ്, പ്രിയ എന്നിവരോടൊപ്പം സ്ഥലത്തെത്തിയ ഷാജി നടത്തിയ പരിശോധനയിലാണ് മുട്ടകൾ കണ്ടെത്തിയത്.
കണ്ടെത്തിയ 31 മുട്ടകളിൽ 16 എണ്ണം വിരിഞ്ഞാണ് ഇപ്പോൾ രാജവെമ്പാല കുഞ്ഞുങ്ങളായിരിക്കുന്നത്. 31 മുട്ടകൾ ഉപേക്ഷിച്ച് തള്ളപ്പാമ്പ് സ്ഥലം വിട്ടെങ്കിലും ഷാജി ഇവരെ കൈവിട്ടില്ല.
കണ്ടെത്തിയ സ്ഥലത്ത് തന്നെ മുട്ടകൾ സൂക്ഷിക്കാൻ പറ്റാത്ത സാഹചര്യത്തിൽ റേഞ്ച് ഓഫിസറുടെ നിർദ്ദേശപ്രകാരം കടമ്പേരിയിലെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു. പ്ലാസ്റ്റിക്ക് കൊട്ടയിൽ ഉണങ്ങിയ മുളയുടെ ഇലകൾ വിരിച്ചാണ് മുട്ടകൾ അടവച്ചത്. ആവശ്യത്തിന് തണുപ്പ് ക്രമീകരിക്കാനുള്ള സംവിധാനവും ഒരുക്കി ദിവസവും നിരീക്ഷിച്ച് വരുന്നതിനിടെ കഴിഞ്ഞ ദിവസം കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുകയായിരുന്നു.
പൂർണ ആരോഗ്യവാന്മാരായ പാമ്പിൻ കുഞ്ഞുങ്ങളെ വൈകാതെ കാട്ടിൽ തുറന്നു വിടാനാണ് ഷാജിയുടെ തീരുമാനം
അറിയപ്പെടുന്ന വന്യജീവി സംരക്ഷകനായ ഷാജി ഇതിനു മുമ്പ് പെരുമ്പാമ്പ്, ഉടുമ്പ്, ചേര, മയിൽ എന്നിവയുടെ മുട്ട വിരിയിച്ചിരുന്നു. രണ്ട് വർഷം മുമ്പ് കൊട്ടിയൂരിലെ രണ്ടു സ്ഥലങ്ങളിൽ രാജവെമ്പാല മുട്ടകൾ കണ്ടെത്തിയ സ്ഥലത്തു തന്നെ വിരിയിച്ചിരുന്നു. ഇതാദ്യമായാണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി കൃത്രിമ സാഹചര്യത്തിൽ മുട്ട വിരിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: