മലപ്പുറം: വേങ്ങരയില്‍ നവവധുവിന് ഭര്‍തൃവീട്ടിലുണ്ടായ ക്രൂര മര്‍ദ്ദനത്തില്‍ പൊലീസ് ആദ്യം കേസെടുത്തത് നിസാര വകുപ്പുകള്‍ ചേര്‍ത്ത്.ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിന് ശേഷമാണ് വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയെങ്കിലും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി പീഡിപ്പിച്ചതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി മേയ് 23 നാണ് മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഗാര്‍ഹിക പീഡനം, ഉപദ്രവം, വിശ്വാസം തകര്‍ക്കും വിധത്തിലുള്ള പെരുമാറ്റം ഉള്‍പ്പെടെ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.
കേസ് അന്വേഷണത്തില്‍ അലംഭാവം വ്യക്തമായതോടെ ഒരാഴ്‌ച്ചയ്‌ക്ക് ശേഷം മേയ് 28 ന് പെണ്‍കുട്ടി മലപ്പുറം എസ് പിക്ക് പരാതി നല്‍കി. എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം കേസില്‍ വധശ്രമം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ വകുപ്പുകളും ചേര്‍ത്തു.പിന്നാലെ മുഹമ്മദ് ഫായിസും അമ്മ സീനത്തും മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളി. സീനത്ത് ഹൈക്കോടതിയില്‍ നിന്നും അറസ്റ്റ് പാടില്ലെന്ന ഉത്തരവ് നേടി. ഇതിനിടെ മുഹമ്മദ് ഫായിസും പിതാവ് സൈതലവിയും ഒളിവില്‍ പോയി. മുഹമ്മദ് ഫായിസ് വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്.
തുടക്കം മുതല്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസിന്റേതെന്ന് പെണ്‍കുട്ടിയും വീട്ടുകാരും പരാതിപ്പെടുന്നു. പൊലീസില്‍ നിന്ന് നീതി കിട്ടാതെ വന്നതോടെയാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മുഹമ്മദ് ഫായിസോ മാതാപിതാക്കളോ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് ഇവരുടെ ബന്ധുക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: