തിരുവനന്തപുരം: പിഎസ്സി യുടെ വിശ്വാസ്യതയെ സിപിഎം തകര്‍ത്തതായി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍കൃഷ്ണന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണമുന്നയിച്ചത്. പിഎസ്സി കോഴയ്ക്കു പിന്നില്‍ മന്ത്രി മുഹമ്മദ് റിയാസാണെന്നും അദ്ദേഹം പറഞ്ഞു.
പിഎസ്സി എന്നു പറയുന്ന ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കിയത് മുഹമ്മദ് റിയാസിനെപ്പോലുള്ള ആളുകളുടെ ഇടപെടലാണ്. 60 ലക്ഷം രൂപ കൊടുത്ത് പിഎസ്സി അംഗമാകാം എന്ന് പറഞ്ഞാല്‍ ആ 60 ലക്ഷം മുതലാക്കാന്‍ പിഎസ്സി അംഗങ്ങള്‍ എന്തെല്ലാം ചെയ്യണം, ഇത്രയും കാലം പിഎസ്സി അംഗങ്ങളായിരുന്നവര്‍ ഇത്തരത്തില്‍ അനധികൃത നിയമനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടണം എന്നും പ്രഫുല്‍ കൃഷ്ണ അവശ്യപ്പെട്ടു.
പിഎസ്സി ചെയര്‍മാന്റെ ശമ്പളം നാല് ലക്ഷം രൂപയാക്കണം എന്നും അംഗങ്ങളുടെ ശമ്പളം 223000 രൂപയില്‍ നിന്ന് 375000 ആക്കി ഉയര്‍ത്തണമെന്നുമുള്ള ശുപാര്‍ശ മുഖ്യമന്ത്രിയുടെ മേശപ്പുറത്തിരിക്കുകയാണ്. കേരളത്തിലെ മുഖ്യമന്തിക്കും, ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഇല്ലാത്ത ശമ്പളമാണ് പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉള്ളത്. ചെയര്‍മാന്റെ പെന്ഷന് 125000 ല്‍ നിന്നും രണ്ടര ലക്ഷമാക്കി ഉയര്‍ത്തണമെന്ന ശുപാര്‍ശയും മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുകയാണ്. ഈ ശുപാര്‍ശകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി ഒപ്പിടുമെന്നാണ് ലഭിക്കുന്ന വിവരം. ലക്ഷക്കണക്കിന് രൂപ ശമ്പളമായി ലഭിക്കുമെന്നത് മാത്രമല്ല മെറിറ്റിനെ അട്ടിമറിച്ച്കൊണ്ട് സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയുമൊക്കെ പണം വാങ്ങി നിയമിക്കാന്‍ സാധിക്കും എന്നതുകൊണ്ടാണ് അംഗമാകാന്‍ ലക്ഷങ്ങള്‍ കോഴ കൊടുക്കാന്‍ തയ്യാറാകുന്നത് എന്നും പ്രഫുല്‍കൃഷ്ണന്‍ ആരോപിച്ചു.
റാങ്ക് ലിസ്റ്റില്‍ നിന്ന് നയമനം നടക്കുന്നില്ല പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നത്. തൊഴിലില്ലായ്മ നിരക്കില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന സംസ്ഥാനം കേരളമാണ്. സിപിഎമ്മുകാര്‍ക്ക് മാത്രം നിയമനം നല്കുന്ന പിഎസ്സി പിരിച്ചു വിടണമെന്നും പ്രഭുല്‍ കൃഷ്ണന് ആവശ്യപ്പെട്ടു. പി എസ് സി ആസ്ഥാനത്തിന് മുന്നിലെ ബോര്‍ഡ് മാറ്റി എകെജി സെന്റര്‍ അനക്സ്1 എന്ന ബോര്‍ഡും മുഹമ്മദ് റിയാസ് ഈ സ്ഥാപനത്തിന്റെ ഐശ്വര്യം എന്ന ബോര്‍ഡും സ്ഥാപിക്കണമെന്ന് പ്രഫുല്‍ കൃഷ്ണന് പരിഹസിച്ചു.
പിഎസ്സി കോഴ കേസില്‍ വിശദമായ അന്വേക്ഷണം വേണമെന്നും പ്രഫുല്‍കൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇന്നുമുതല്‍ എല്ലാ ജില്ലകളിലും യുവമോര്‍ച്ച ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഇന്ന് ഈ ആവശ്യമുന്നയിച്ച് തുടക്കം കുറിച്ചുകൊണ്ട് പി.എസ്.സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രഫുല്‍ കൃഷ്ണന് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗണേഷ്, വൈസ് പ്രസിഡന്റ് ബി.എല്‍ അജേഷ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: