തലശ്ശേരി: തലശ്ശേരി നഗരത്തില്‍ മോഷ്ടാക്കള്‍ താവളമാക്കിയിട്ടും പോലീസ് കാഴ്‌ച്ചക്കാരായി മാറുന്നു. തലശ്ശേരി നഗരത്തില്‍ കള്ളമാരും കളവും പലവിധം തുടരുന്നു. വീട്ടിലും ആശുപത്രിയിലും നടവഴിയിലും ജനങ്ങള്‍ക്ക് രക്ഷയില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകലും രാത്രിയുമെന്നില്ലാതെ കള്ളന്മാരും കളവും പലവിധത്തില്‍ അരങ്ങേറുന്നു. ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണ മാല ഇടവഴിയില്‍ തട്ടിപ്പറിച്ച സംഭവം ഇന്നലെ രാവിലെ തിരുവങ്ങാടാണ് നടന്നത്.
മഞ്ഞോടിയിലെ 71 കാരിയായ ജാനകിയുടെ അരപവന്‍ തൂക്കം വരുന്ന മാലയാണ് തട്ടിപ്പറിച്ചത്. കഴിഞ്ഞദിവസം ഇതിനടുത്ത ഒരു സഹകരണ ആശുപത്രിയിലും നടന്നു മറ്റൊരു പിടിച്ചുപറി. ഇവിടെ ആശുപത്രി ലാബിന് പുറത്ത് മാതാപിതാക്കളെ കാത്തിരുന്ന രണ്ടര വയസുകാരിയുടെ കഴുത്തില്‍ നിന്നും ഒരു പവന്‍ മാലയാണ് അജ്ഞാത പൊട്ടിച്ചെടുത്തത്.
പാനൂര്‍ ചെറുപറമ്പ് സ്വദേശികളായ അച്ചനും അമ്മയുമൊത്ത് ആശുപത്രിയില്‍ വന്നതായിരുന്നു കൊച്ചുബാലിക. കുട്ടിയെ പുറത്തിരുത്തി അച്ചനും അമ്മയും രക്തപരിശോധനക്കായി ലാബ് മുറിയില്‍ കയറിയതാണ്. അല്‍പ സമയത്തിനകം പുറത്ത് നിന്നും മകളുടെ കരച്ചില്‍കേട്ട് അമ്മ കതക് തുറന്ന് നോക്കിയപ്പോഴാണ് ഭയന്ന് കരയുന്ന മകളെ കണ്ടത്. കുട്ടിയുടെ കഴുത്തിലെ സ്വര്‍ണ്ണ മാലയുമായി കള്ളന്‍ ഇതിനകം സ്ഥലം വിട്ടിരുന്നു. ഈ സംഭവത്തിന് ഏതാനും ദിവസം മുന്‍പാണ് തലശ്ശേരി റെയില്‍വെ സ്റ്റേഷന്‍, ഗുഡ്‌സ് ഷെഡ് റോഡരികിലുള്ള പീഡിയാട്രീഷ്യന്‍ ഡോ. അബ്ദുള്‍ സലാമിന്റെ വീട്ട് പരിസരത്തുള്ള ഏഴോളം സിസിടിവി ക്യാമറകള്‍ മോഷണം പോയത്.
കളവ് സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും കുറ്റവാളികള്‍ ഇപ്പോഴും കാണാമറയത്താണുള്ളത്. ഈ സംഭവങ്ങള്‍ നടന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് കുയ്യാലി, ഗുഡ്‌സ് ഷെഡ് റോഡ്, സീതി സാഹിബ് റോഡ്, ചിറക്കര കെടിപി മുക്ക്, മഞ്ഞോടി കണ്ണിച്ചിറ ഭാഗങ്ങളില്‍ പള്ളികളിലും വീടുകളിലും വ്യാപക മോഷണവും വീട്ടുകാരെ ബന്ദിയാക്കി കവര്‍ച്ചയും നടന്നത്.
പ്രസ്തുത കവര്‍ച്ചാകേസുകളില്‍ ഉള്‍പ്പെട്ടവരെന്ന് കരുതുന്ന മൂന്ന് തമിഴ് മോഷ്ടാക്കളെ സംശയിച്ച് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാനായിട്ടില്ല. പോലീസിന് മോഷണക്കേസുകളിലെ മുഴുവന്‍ പ്രതികളെയും പിടികൂടാനുമായിട്ടില്ല. ഇതിനിടയിലാണ് കളവും പിടിച്ചു പറികളും ആവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: