ബെംഗളൂരു: കേരളത്തിലും കര്‍ണാടകയിലുമായി പണം തട്ടിപ്പ് നടത്തിയ കേസില്‍ ചൈനീസ് വനിതയ്ക്ക് മടക്കയാത്രയ്ക്ക് കര്‍ണാടക ഹൈക്കോടതി അനുമതി നിഷേധിച്ചു. അടിയന്തരമായി സ്വദേശയാത്ര അനുവദിക്കണമെന്ന യുവതിയുടെ ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ചൈനീസ് വായ്പാ ആപ്പ് ഉപയോഗിച്ചുനടത്തിയ കോടികളുടെ തട്ടിപ്പു കേസിലെ പ്രതി ഹ്യു സിയേലിന്റെ (42) അപേക്ഷയാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് തള്ളിയത്. കേസില്‍പ്പെടുന്ന വിദേശികളെ രാജ്യം വിടാന്‍ അനുവദിക്കാത്ത നിയമം ചൈനയിലുണ്ട്. അതിനാല്‍ ഇവിടെ കേസില്‍പ്പെട്ട ചൈനീസ് സ്വദേശിയെ തിരിച്ചയക്കാന്‍ നിയമത്തില്‍ ഇളവുവരുത്താനാവില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
കേസില്‍ വിചാരണ പൂര്‍ത്തിയായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചൈനീസ് വായ്പാ ആപ്പ് ആയ പവര്‍ ബാങ്ക് വഴിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഹ്യു സിയേലിന്റെ ഭര്‍ത്താവ് മലയാളിയായ അനസ് അഹമ്മദ് ഉള്‍പ്പെടെ പതിനൊന്നുപേരാണ് കേസിലെ പ്രതികള്‍. ഇവരെ 2021 ജൂണിലാണ് ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തത്.
80 വയസുള്ള പിതാവിന് സുഖമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സിയേല്‍ അപേക്ഷ നല്‍കിയത്. ബെംഗളൂരു കോടതി ഹ്യു സിയേലിന് ജാമ്യം അനുവദിച്ചിരുന്നു. ഇവര്‍ ചൈനയിലേക്ക് മടങ്ങാന്‍ പാടില്ലെന്ന വ്യവസ്ഥയോടു കൂടിയായിരുന്നു ജാമ്യം. 2017ല്‍ ടൂറിസ്റ്റ് വിസയില്‍ ഭാരതത്തിലെത്തിയ യുവതി മലയാളിയായ അനസ് അഹമ്മദിനെ വിവാഹം കഴിച്ച് ബെംഗളൂരുവില്‍ താമസിക്കുകയായിരുന്നു. ഡിജിറ്റല്‍ പണമിടപാട് ഗേറ്റ് വേയായ റേസര്‍പേ സോഫ്റ്റ് വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് നല്കിയ പരാതിയിലായിരുന്നു അറസ്റ്റ്. 84 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: