ന്യൂദല്‍ഹി: ഭാരത റെയില്‍വേയുടെ ചരിത്രത്തില്‍ ലോക്കോ പൈലറ്റുമാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്ത ഏക സര്‍ക്കാര്‍ നരേന്ദ്ര മോദിയുടേത് മാത്രമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി.
ലോക്കോ പൈലറ്റുമാര്‍ക്ക് വേണ്ടി രാഹുല്‍ കള്ളക്കണ്ണീരൊഴുക്കുകയാണെന്നും കോണ്‍ഗ്രസ് ഭരണകാലത്ത് അവര്‍ക്ക് ലഭിച്ചത് അവഗണന മാത്രമാണെന്നും ബിജെപി നേതൃത്വവും വിശദീകരിക്കുന്നു. ലോക്കോ പൈലറ്റുമാര്‍ക്ക് വേണ്ടി 10 വര്‍ഷം മോദി സര്‍ക്കാര്‍ നടപ്പാക്കിയ വലിയ മാറ്റങ്ങളുടെ പട്ടിക റെയില്‍വേ മന്ത്രി പുറത്തുവിട്ടു.
ട്രെയിന്‍ ഓടിക്കുമ്പോള്‍ ലോക്കോ പൈലറ്റുമാര്‍ ഇരിക്കുന്ന ലോക്കോ കാബുകള്‍ 7,000 എണ്ണം എസിയാക്കി മാറ്റിയത് മോദി അധികാരത്തിലെത്തിയ ശേഷമാണെന്നും പുതിയതായി നിര്‍മിക്കുന്ന എല്ലാ ലോക്കോമോട്ടീവുകളും എസി ക്യാബുകളാണെന്നും അശ്വനി വൈഷ്ണവ് അറിയിച്ചു. ഡ്യൂട്ടിക്ക് ശേഷം ലോക്കോപൈലറ്റുമാര്‍ വിശ്രമിക്കുന്ന റണ്ണിങ് റൂമുകള്‍ 2014ന് മുമ്പ് വളരെ ശോചനീയാവസ്ഥയിലായിരുന്നു. എന്നാല്‍ ഇന്ന് 558 റണ്ണിങ് റൂമുകളും ശീതീകരിച്ചു ഭംഗിയാക്കി. കാലുകള്‍ മസാജ് ചെയ്യാനുള്ള സംവിധാനങ്ങളും മിക്ക റൂമുകളിലും ക്രമീകരിച്ചിട്ടുണ്ട്. ലോക്കോ പൈലറ്റുമാരുടെ ഡ്യൂട്ടി സമയം ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നുണ്ടെന്നും മതിയായ വിശ്രമം ലഭ്യമാക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ജൂണ്‍ മാസം ശരാശരി ഡ്യൂട്ടി എട്ടു മണിക്കൂറില്‍ താഴെ മാത്രമാണ്. ചില അടിയന്തര ഘട്ടത്തില്‍ മാത്രമാണ് ജോലി സമയം വര്‍ധിക്കുന്നത്. 34,000 ജീവനക്കാരെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ റെയില്‍വേയില്‍ എടുത്തത്. 18,000 പുതിയ ജീവനക്കാരുടെ നിയമന പ്രക്രിയ പുരോഗമിക്കുന്നു. റെയില്‍വേയെ മോശക്കാരാക്കാനുള്ള ശ്രമമാണ് വ്യാജ വാര്‍ത്തകളിലൂടെ പരക്കുന്നതെന്നും റെയില്‍വേ കുടുബം ഒറ്റക്കെട്ടാണെന്നും മന്ത്രി പറഞ്ഞു.
2004-2014 കാലത്ത് ലോക്കോ പൈലറ്റുമാരുടെ എസി വിശ്രമ മുറികളുടെ എണ്ണം പൂജ്യമാണ്. 2014-24ല്‍ അത് 558 ആക്കി. അതായത് എല്ലാ റൂമുകളും ശീതീകരിച്ചു. എഞ്ചിന് ക്യാബിനിലെ എസി സംവിധാനം 2004-14 കാലത്ത് പൂജ്യമായിരുന്നെങ്കില്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് 7,075 എഞ്ചിന് ക്യാബിനുകള്‍ ശീതീകരിച്ചു. ശുചിമുറിയോടു കൂടിയ ലോക്കോ ക്യാബുകള്‍ യുപിഎ കാലത്ത് പൂജ്യമായിരുന്നു. എന്നാല്‍ ഇപ്പോഴത് 815 എണ്ണമാണ്. ലോക്കോ പൈലറ്റുമാര്‍ എന്നത് റെയില്‍വേയുടെ അവിഭാജ്യഘടകമാണെന്നും പ്രതിപക്ഷം വ്യാജപ്രചാരണം നടത്തിയാല്‍ റെയില്‍വേ തകരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്കോ പൈലറ്റുമാര്‍ ദുരിതത്തിലാണെന്നും 16 മണിക്കൂറിലധികം തുടര്‍ച്ചയായി എല്ലാവര്ക്കും ജോലി ചെയ്യേണ്ടി വരുന്നെന്നും യാതൊരു സൗകര്യങ്ങളും റെയില്‍വേ അവര്‍ക്ക് നല്‍കുന്നില്ലെന്നും രാഹുല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ലോക്കോ പൈലറ്റുമാരെന്ന പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിളിച്ചുചേര്‍ത്തായിരുന്നു രാഹുലിന്റെ ആരോപണം. ഇതോടെയാണ് യുപിഎ കാലത്ത് ലോക്കോ പൈലറ്റുമാരോട് കാട്ടിയ അവഗണന വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: