വിയന്ന : പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമറുമായി ബുധനാഴ്ച ചര്‍ച്ച നടത്തി. വ്യാപാരവും നിക്ഷേപവും, ശാസ്ത്രവും സാങ്കേതികവിദ്യയും, ഹരിത ഊര്‍ജം, നിര്‍മ്മിത ബുദ്ധി, സ്റ്റാര്‍ട്ടപ്പുകള്‍, പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും, സാംസ്കാരിക സഹകരണം, ജനങ്ങള്‍ തമ്മിലുളള ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ആശയവിനിമയം നടന്നു. പരസ്പര താല്‍പ്പര്യമുള്ള മേഖലാതല, ആഗോള വിഷയങ്ങളെക്കുറിച്ചും അഭിപ്രായങ്ങള്‍ പങ്കുവച്ചു.
കാലാവസ്ഥാ വ്യതിയാനവും ഭീകരതയുമുള്പ്പെടെ മനുഷ്യരാശി ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താക്കുറിപ്പില്‍ മോദി പറഞ്ഞു. അന്താരാഷ്ട്ര സൗര സഖ്യം, ദുരന്ത ലഘൂകരണ അടിസ്ഥാന സൗകര്യം, ജൈവ ഇന്ധന സഖ്യം എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ സംരംഭങ്ങളില്‍ ചേരാന്‍ ഓസ്ട്രിയയെ ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യം, നിയമവാഴ്ച തുടങ്ങിയ മൂല്യങ്ങളിലുള്ള വിശ്വാസമാണ് ഇന്ത്യ-ഓസ്ട്രിയ ബന്ധത്തിന്റെ ശക്തമായ അടിത്തറയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരസ്പര വിശ്വാസവും പങ്കാളിത്ത താല്‍പ്പര്യങ്ങളുമാണ് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. താനും ചാന്‍സലര്‍ നെഹ്മറും ഇന്ന് വളരെ ഫലപ്രദമായ സംഭാഷണം നടത്തിയെന്നും പരസ്പര സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ സാധ്യതകള്‍ കണ്ടെത്തിയെന്നും മോദി പറഞ്ഞു.
യുക്രെയ്നിലെയും പശ്ചിമേഷ്യയിലെയും സ്ഥിതിഗതികള്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്ന് മോദി വെളിപ്പെടുത്തി. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് മോദി പറഞ്ഞു.
ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലും നവീകരണത്തിന്റെ ആവശ്യകത ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യം സമൂഹത്തിലെ ഡിജിറ്റലൈസേഷന്, തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയുടെ വിജയം ശ്രദ്ധേയമാണെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹമ്മര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വിയന്നയില്‍ പ്രധാനമന്ത്രി മോദിക്ക് ആചാരപരമായ സ്വീകരണം നല്‍കിയിരുന്നു. ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ രണ്ടാം പാദത്തില്‍ ഇന്നലെ മോസ്കോയില്‍ നിന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി വിയന്നയിലെത്തിയത്.
41 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലനെ മോദി സന്ദര്‍ശിക്കും. വിയന്നയിലെ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായും മോദി സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: