ഹരാരേ : സിംബാബ്വെയ്ക്ക് എതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യക്ക് 23 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. സിംബാബ്വെയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുക്കാനേ കഴിഞ്ഞുളളൂ. ഇതോടെ അഞ്ചു മത്സരപരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.
നായകന് ശുഭ്മാന്‍ ഗില്‍(66), ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍(36), റുതുരാജ് ഗെയ്ക്ക്വാദ് (49) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ലോകകപ്പ് കഴിഞ്ഞെത്താന്‍ വൈകിയതിനാല്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് സഞ്ജുവിനൊപ്പം വിട്ടുനിന്ന യശസ്വി ഇന്നലെ ഗില്ലിനൊപ്പം ഓപ്പണ്‍ ചെയ്തു.എട്ടോവറില്‍ 67 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അഭിഷേക് ശര്‍മ്മയ്ക്ക് 10 റണ്‍സേ നേടാനായുളളൂ. അഞ്ചാമനായി ഇറങ്ങിയ സഞ്ജു ഏഴുപന്തില്‍ പുറത്താകാതെ 12 റണ്‍സെടുത്തു.
15 റണ്‍സ് വഴങ്ങി സിംബാബ്വെയുടെ മൂന്ന് വിക്കറ്റുകള്‍ നേടിയ വാഷിംഗ്ടണ്‍ സുന്ദറാണ് കളിയിലെ താരം. ആവേഷ് ഖാന് രണ്ട് വിക്കറ്റും ഖലീല്‍ അഹമ്മദിന് ഒരു വിക്കറ്റും ലഭിച്ചു. സിംബാബ്വെയ്ക്ക് വേണ്ടി പുറത്താകാതെ 65 റണ്‍സെടുത്ത ഡിയോണ്‍ മെയ്സും37 റണ്‍സടിച്ച മദാന്ദയുമാണ് പൊരുതിയത്. നാലാം മത്സരം ശനിയാഴ്ച .
പ്രതികരിക്കാൻ ഇവിടെ എഴുതുക: