കൊല്‍ക്കത്ത: ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയില്‍ ദമ്പതികളെ പരസ്യമായി ചാട്ടവാറുകൊണ്ടടിച്ച സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടു.
ഗവര്‍ണറുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍, ഡിസിപി എന്നിവര്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ബംഗാള്‍ ഗവര്‍ണറുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്തിയതിന് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്കും ഡിസിപി സെന്ട്രലിനുമെതിരെ ആഭ്യന്തര മന്ത്രാലയം അച്ചടക്ക നടപടി ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണിത്.
ഭരണഘടനയുടെ അനുച്ഛേദം 166, 167, പശ്ചിമ ബംഗാളിന്റെ ബിസിനസ് റൂള്‍സ് 30 എന്നിവ പ്രകാരം ഗവര്‍ണറില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് നടപടി.ഉത്തര്‍ ദിനാജ്പൂരിലെ ചോപ്രയില്‍ ദമ്പതികളെ പരസ്യമായി ചമ്മട്ടികൊണ്ട് അടിക്കുന്ന വീഡിയോ കഴിഞ്ഞയാഴ്ച വൈറലായിരുന്നു.ഇത് രാജ്യമെമ്പാടും ജനരോഷത്തിന് കാരണമായി.
തന്റെ വീഡിയോ ഓണ്‍ലൈനില്‍ ഇട്ട് പരസ്യമായി അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അതിജീവിത പൊലീസില്‍ പരാതി നല്കി. പിന്നീട്, ചാട്ടവാറടിയേറ്റ സ്ത്രീയെ ചോപ്രയിലെ തൃണമൂല്‍ എംഎല്‍എ ഹമീദുല്‍ റഹ്മാന് സ്വഭാവഹത്യ ചെയ്തതായും പരാതി ഉയര്‍ന്നു.
പ്രതി ചോപ്ര പ്രദേശത്തെ ടിഎംസി നേതാവായ തജ്മുല്‍ എന്ന ‘ജെസിബി’ ആണെന്ന് ദൃശ്യത്തില്‍ തിരിച്ചറിഞ്ഞു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: