റെയില്‍വേയുടെ കാര്യക്ഷമതവര്ധിപ്പിക്കാനും ജനങ്ങളുടെ തീവണ്ടിയാത്ര സുഗമമാക്കാനും വേണ്ടി ഒരു പിടി പുത്തന്‍ കര്‍മ്മപദ്ധതികളുമായി ഇന്ത്യന്‍ റെയില്‍വേ. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇറക്കിയ രണ്ട് അമൃത്ഭാരത് ട്രെയിന്‍ വന്‍വിജയമായതോടെ പുതിയ 50 അമൃത് ഭാരത് ട്രെയിനുകളുടെ നിര്‍മ്മാണം ആരംഭിച്ച് കഴിഞ്ഞതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ മികച്ച സൗകര്യത്തോടുകൂടിയ തീവണ്ടിയാത്ര സാധ്യമാക്കുന്ന തീവണ്ടികളാണ് അമൃത് ഭാരത്. നേരത്തെ വന്ദേ സാധാരണ് എന്നായിരുന്നു പേര്. പിന്നീട് പ്രധാനമന്ത്രി ഇതിന്റെ പേര് അമൃത് ഭാരത് എന്നാക്കി. ആയിരം കിലോമീറ്റര്‍ ദൂരം വരെ 454 രൂപയ്ക്ക് യാത്ര ചെയ്യാം.
ഇതിന് പുറമെ 150 അമൃത് ഭാരത് ട്രെയിനുകള്‍ കൂടി നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ജനറല്‍ പാസഞ്ച് ട്രെയിന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ 2500 ജനറല്‍ പാസഞ്ചര്‍ ട്രെയിന്‍ കോച്ചുകള്‍ നിര്‍മ്മിയ്ക്കും. ഇതിന് പുറമെ 10000 ട്രെയിന്‍ കോച്ചുകള്‍ പുതുതായി നിര്‍മ്മിയ്ക്കും. – അശ്വിനി വൈഷ്ണവ് പറഞ്ഞു.
തീവണ്ടിയാത്രകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ സംവിധാനങ്ങള്‍ നടപ്പാക്കും. ട്രെയിനപകടങ്ങള്‍ മുന്‍കൂട്ടി കണ്ട് ഒഴിവാക്കാന്‍ കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍ചേര്‍ത്ത കവചിന്റെ നാലാം പതിപ്പ് ഉടന്‍ പുറത്തിറക്കുന്നത് സുരക്ഷയ്ക്ക് പ്രാധാന്യം നല്കുന്നതിനാലാണ്. കഴിഞ്ഞ വര്‍ഷം 5300 കിലോമീറ്ററോളം പുതിയ ട്രാക്കുകള്‍ സ്ഥാപിച്ചു. ഇക്കുറി 800 കിലോമീറ്റര്‍ പുതിയ റെയില്‍വേ ട്രാക്ക് നിര്‍മ്മാണം തുടങ്ങി.- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: