ചെന്നൈ: ബഹുജന്‍ സമാജ് പാര്‍ട്ടി യുടെ (ബിഎസ്പി) തമിഴ്നാട് ഘടകം പ്രസിഡന്റ് ആംസ്ട്രോങ്ങിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച ചെന്നൈയിലെ പെരമ്പൂരിലെ വസതിക്ക് സമീപം ബൈക്കിലെത്തിയ അജ്ഞാതരായ ആറംഗസംഘമാണ് അദ്ദേഹത്തെ കൊന്നത്.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. അക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കൂടിയാണ് ആംസ്‌ട്രോങ്. പുതിയതായി നിര്‍മിക്കുന്ന വീടിന്റെ കാര്യങ്ങള്‍ നോക്കുന്നതിനായി വൈകിട്ട് ഏഴ് മണിയോടെ എത്തിയപ്പോഴാണ് അദ്ദേഹത്തെ അക്രമികള്‍ കുത്തിക്കൊന്നത്. അക്രമികള്‍ ഭക്ഷണ വിതരണ ഏജന്റുമാരുടെ വേഷം ധരിച്ചാണ് എത്തിയത്. പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ ബിജെപി സംസ്ഥാന ആധ്യക്ഷന്‍ കെ. അണ്ണാമലൈ അഗാധമായ ഞെട്ടല്‍ രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഡിഎംകെ ഭരണത്തിന് കീഴില്‍ തമിഴ്നാട്ടില്‍ ക്രമസമാധാനം തകിടം മറിഞ്ഞു.
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തുടരാനുള്ള ധാര്‍മികതയുണ്ടോയെന്ന് എം.കെ. സ്റ്റാലിന്‍ സ്വയം ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ ക്രമസമാധാന നില തകര്‍ന്നതായി എഐഎഡിഎംകെ നേതാവ് പളനിസ്വാമിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: