ശരാശരി സാധാരണ മലയാളികളുടെ കുടുംബജീവിതത്തിലെ നിറമില്ലായ്മയും മറച്ചുവെയ്ക്കുന്ന കാപട്യങ്ങളും പൊള്ളയായ കുടുംബമഹിമയുമെല്ലാം തുറന്നിടുന്ന ‘ഉള്ളൊഴുക്ക്’ എന്ന സിനിമ കേരളത്തിലെ തീയറ്ററുകളില്‍ നിറയാതെ ഓടുന്നു. കാരണം ഞാന്‍ സിനിമ കാണാന്‍ പോയ ദിവസം മുന്‍ നിരകളിലെ സീറ്റുകളെല്ലാം ഒഴിഞ്ഞു കിടക്കുന്നു. പക്ഷെ പിന്‍നിരയില്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട പ്രേക്ഷകര്‍ നിറഞ്ഞിരിക്കുന്നു. കൗമാരക്കാരായ പ്രേക്ഷകരല്ല, എല്ലാവരും മധ്യവയസ്സുകാര്‍. കുടുംബപ്രേക്ഷകര്‍ പതുക്കെയാണെങ്കിലും അരിച്ചരിച്ചെത്തുന്നു. ചിലര്‍ പോസിറ്റീവ് റിവ്യൂ വായിച്ച്. മറ്റ് ചിലര്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ. അല്ലാതെ ഉള്ളൊഴുക്കിന്റെ നിര്‍മ്മാതാക്കള്‍ ഒരു സമൂഹമാധ്യമക്കമ്പനിയെയും പൈസ കൊടുത്ത് ചിത്രം പ്രൊമോട്ട് ചെയ്യാന്‍ വെച്ചിട്ടില്ല. തിയറ്റിനകത്ത് ആഘോഷങ്ങളോ അട്ടഹാസങ്ങളോ ഇല്ല. അത്തരമൊരു ആഘോഷിക്കാനുള്ള മുഹൂര്‍ത്തങ്ങളും ഈ സിനിമയില്‍ ഇല്ല. പ്രേക്ഷകരില്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നതിന്റെ വീര്‍പ്പുമുട്ടല്‍ മാത്രം.
ഇത്രയും ബുദ്ധിമുട്ട് സഹിച്ച് നിങ്ങള്‍ ഒരു സിനിമ കാണ്ടേണ്ടത് എന്തിന്? ഇങ്ങിനെയൊക്കെ ചോദിച്ചാലും കണ്ടവര്‍ അടുത്തവരോട് പറയുന്നു- ‘കണ്ടിരിക്കേണ്ട’ സിനിമ. തിയറ്ററില്‍ കളക്ഷന്‍ ഇതിനകം 3.6 കോടി നേടിക്കഴിഞ്ഞു. എന്തായാലും ജീവിതത്തില്‍ പല ദുരന്തങ്ങളും നേരിട്ട രണ്ട് നടിമാരുടെ ഉയിര്ത്തെഴുന്നേല്പിന്റെ സിനിമയാണ്. കാരണം അവര്‍ക്ക് നല്ലൊരു റോള്‍ ലഭിക്കുന്നത് എത്രയോ കാത്തിരിപ്പിന് ശേഷം. ഉര്‍വ്വശിയും പാര്‍വ്വതിയും എന്തായാലും അവരുടെ റോള്‍ ഭംഗിയായി ജീവിച്ചു.
കുട്ടനാട്ടിലെ ഒരു മഴക്കാലത്ത് നടക്കുന്ന ഒരു ശവമടക്ക്. അതിനെ ചുറ്റിപ്പറ്റി ഇതള്‍ വിരിയുന്ന പരുക്കന്‍ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍. കഥ പറയുമ്പോള്‍ അമിതവൈകാരികത ഉണ്ട് എന്ന കുഴപ്പമേ സിനിമയ്ക്കുള്ളൂ. അത് കൂടി ഒഴിവാക്കാനായാല്‍ സംവിധായകന് ക്രിസ്റ്റോ ടോമിയ്ക്ക് ഏറെ ദൂരം പോകാനാവും. ഭാവിയില്‍ തന്റേതായ ഒരിടം നേടാനാവും.സത്യജിത് റായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയ ക്രിസ്റ്റോ ടോമി സിനിമയെ ഗൗരവത്തോടെ കാണുന്ന സംവിധായകനാണ്. അദ്ദേഹത്തിന്റെ നെറ്റ് ഫ്ലിക്സില്‍ റിലീസ് ചെയ്ത ക്രിസ്റ്റോ ടോമിയുടെ കറി ആന്റ് സയനൈഡ് എന്ന കൂടത്തായി കൊലപാതകപരമ്പരയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ ഏറെ വിമര്‍ശക പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ്. ഒന്നോ രണ്ടോ വര്‍ഷമല്ല, എട്ട് വര്‍ഷമാണ് ഉള്ളൊഴുക്കിനായി നീക്കിവെച്ചതെന്ന് ക്രിസ്റ്റോ ടോം പറയുമ്പോള്‍ അതിന് പിന്നിലെ കഠിനാധ്വാനം സാര്‍ത്ഥകമായി എന്നേ പറയാനാവൂ.
മനുഷ്യ നിര്‍മ്മിതമായ (അതോ വിധി നിര്‍മ്മിതമോ?) തടവറയില്‍ കുടുങ്ങി ശ്വാസം മുട്ടുന്ന രണ്ട് സ്ത്രീകള്‍- അഞ്ജുവും( പാര്‍വ്വതി തിരുവോത്ത്) ലീലാമ്മയും (ഉര്‍വ്വശി). ലീലാമ്മയുടെ മകന്റെ ഭാര്യയാണ് അഞ്ജു. ലീലാമ്മയുടെ മകന് ബ്രെയിന്‍ ട്യൂമര്‍ മൂലം മരിക്കുമ്പോള്‍ ലീലാമ്മയും അഞ്ജുവും ആ വീടിനുള്ളില്‍ കുടുങ്ങിപ്പോകുന്നു. അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഞ്ജുവും മകന്റെ കുട്ടിയിലൂടെ ജീവിതത്തുടര്‍ച്ചയുടെ സമാധാനം തിരയുന്ന ലീലാമ്മയും ഒരു ചങ്ങലക്കണ്ണിയുടെ രണ്ടറ്റത്ത്. പച്ചയായ ജീവിതത്തിന്റെ കുടല്‍മാല ഈ സിനിമ വലിച്ച് പുറത്തിടുമ്പോഴും അധികം ബഹളമില്ലാതെ അങ്ങിനെ ചെയ്യുമ്പോള്‍ പ്രേക്ഷകനില്‍ ബാക്കിയാവുന്നത് അമ്പരപ്പ്. അനായാസമായ അഭിനയത്തിലൂടെ സങ്കീര്‍ണ്ണമായ ഒരു അമ്മ കഥാപാത്രത്തെ തിയറ്ററില്‍ നിന്നും പുറത്തിറങ്ങിയാലും മനസ്സില്‍ അവശേഷിപ്പിക്കാന്‍ ഉര്‍വ്വശിക്കാവുന്നു. മനോജ് കെ ജയനുമായുള്ള വിവാഹമോചനത്തിലെത്തിയ അമ്പരപ്പുകളുടെ നീണ്ട അധ്യായത്തിന് ശേഷം അഭിനയജീവിതത്തില്‍ അത്ഭുതം പോലെ ഉര്‍വ്വശിക്ക് വീണുകിട്ടിയ ഒരു നല്ല കഥാപാത്രം. അതവര് 200 ശതമാനം ഭംഗിയാക്കി. ഈ സിനിമയില്‍ ഇല്ല.ലീലാമ്മ എന്ന സ്ത്രീയുടെ വിവിധ ഷേഡുകള്‍ തനിമ ചോരാതെ ജീവിതത്തിലെങ്ങിനെയോ അതുപോലെ അവര്‍ സ്ക്രീനില്‍ എത്തിച്ചു. അതിസങ്കീര്‍ണ്ണമായ വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെ തനിമ ചോരാതെ, അമിതാഭിനയം ഒട്ടുമില്ലാതെ സാധ്യമാക്കി എന്നതാണ് പാര്‍വ്വതി എന്ന നടിയുടെ വിജയം. മമ്മൂട്ടി അഭിനയിച്ച രണ്‍ജി പണിക്കരുടെ മകന്റെ സിനിമയിലെ പുരുഷമേധാവിത്വ ഡയലോഗുകള്‍ക്കെതിരെ കയര്‍ത്തതിന്റെ പേരില്‍ നല്ല സിനിമകള്‍ വഴുതിപ്പോയ ഈ നടിക്ക് ‘ഉള്ളൊഴുക്കി’ലെ ശക്തമായ കഥാപാത്രം ഒരു പുനര്‍ജന്മമാണ്. ഒരു പക്ഷെ എന്നു നിന്റെ മൊയ്തീനിലെ കാഞ്ചനമാല പോലെ മികച്ച കഥാപാത്രം. ‘ഉയരെ’ എന്ന ഒരു സിനിമ ലഭിച്ചിരുന്നു. ബാക്കി പുഴു ഉള്‍പ്പെടെ ബാക്കി ലഭിച്ച 10ഓളം ചിത്രങ്ങളില്‍ ഓര്‍മ്മിക്കപ്പെടാനുള്ള ഒന്നും ഇല്ല.
ഈ രണ്ട് നടിമാരുടെയും അഭിനയമികവ് തന്നെയാണ് ഈ സാധാരണമായിപ്പോകുമായിരുന്ന ഈ സിനിമയെ കൈപിടിച്ചുയര്‍ത്തിയത്. ഒരു ചെറിയ കുടുംബത്തിനുള്ളില്‍ ഊറിക്കൂടി നില്ക്കുന്ന രഹസ്യങ്ങളുടെ ഒട്ടേറെ അടരുകള്‍ ഉര്‍വ്വശിയും പാര്‍വ്വതിയും മിന്നിമായുന്ന ഭാവപ്രകടനത്തിലൂടെ ചുട്ടുപൊള്ളുന്ന അനുഭവമാക്കുന്നു. ഒരു ഷോട്ടില്‍ ഉര്‍വ്വശിയുടെ ക്ലോസപ് ഷോട്ട് കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് ക്യാമറാമാന് ഷെഹ്നാദ് ജലാല്‍ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അത്രയ്ക്ക് അമ്പരപ്പിക്കുന്ന പ്രകടനം. ഡബ്ബിംഗില്‍ പാര്‍വ്വതിയുടെ ശബ്ദം ഉപയോഗിച്ചത് അല്പം പിഴച്ചോ എന്ന് തോന്നും. പലപ്പോഴും ആ കഥാപാത്രത്തിന്റെ നാടന്‍ സംഭാഷണങ്ങള്‍ക്ക് പകരം പാര്‍വ്വതിയുടെ അല്പം ഇംഗ്ലീഷ് ചുവയുള്ള പരിഷ്കൃത സ്ലാംഗ് (slang) കടന്നുവരുന്നത് കല്ലുകടിയായിരുന്നു.
ഒരു ചെറിയ റോളില്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും സ്വഭാവനടനായ അലക്സിയര്‍ ‘ഉള്ളൊഴുക്കി’നെ സാധാരണ കുട്ടനാടന്‍ ജീവിതമാക്കി പരിവര്‍ത്തിപ്പിക്കുന്നു.ഈ കെമിസ്ട്രി അലക്സിയറിന് മാത്രം അവകാശപ്പെടാവുന്നതാണ്. അതുകൊണ്ടാകണം തിലകനും നെടുമുടി വേണുവിനും ശേഷം അലക്സിയറിനെ വേഷങ്ങള്‍ തേടി വരുന്നത്. അര്ജുന് രാധാകൃഷ്ണനും മികച്ച പ്രകടനം പുറത്തെടുത്തു. കണ്ണൂര്‍ സ്ക്വാഡിലെ അമീറില്‍ നിന്നും ഉള്ളൊഴുക്കിലെ രാജീവ് എന്ന കഥാപാത്രത്തിലേക്കെത്തുമ്പോള്‍ ഏറെ കയ്യൊതുക്കത്തോടെ അഭിനയിക്കുന്നതായി തോന്നി.
സ്ക്രീനില്‍ ഇടവേള എന്ന് എഴുതിക്കാണിക്കുമ്പോള്‍ പോപ് കോണ്‍ വാങ്ങാന്‍ പോകാനുള്ള മൂഡല്ല പ്രേക്ഷകനുള്ളത്.. നെഞ്ചില്‍ ഭാരമാണ്. ജീവിതത്തിലെ നന്മതിന്മകള് എന്നത് വേര്‍തിരിച്ചുനിര്‍ത്താനാവാത്ത ഒന്നാണെന്നും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ ഓരോരുത്തരും ഓരോന്നായിപ്പോവുകയാണെന്നും സംവിധായകന് ‘ഉള്ളൊഴുക്കി’ലൂടെ പറയാന്‍ ശ്രമിക്കുന്നു.
കുട്ടനാടിന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങളും മഴയും വെള്ളവും ദൃശ്യചാരുതയും രതിയും അനുഭവവേദ്യമാക്കിയ ക്യാമറാമാന് ഷെഹ്നാദ് ജലാലിന് ബിഗ് സല്യൂട്ട്. മഴ പെയ്യാത്ത ദിവസങ്ങളില്‍ മഴ വെള്ളം കെട്ടിനിര്‍ത്തി ഷൂട്ട് ചെയ്തതിനെക്കുറിച്ചും മഴയില്‍ ക്യാമറ ഫിക്സ് ചെയ്ത് ഷൂട്ട് ചെയ്തതിന്റെ വിഷമതകളെക്കുറിച്ചുമെല്ലാം ക്യാമറാമാന് ഷെഹ് നാദ് ജലാല്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ ഏറെ സംസാരിച്ചുകഴിഞ്ഞു. എന്തായാലും കഷ്ടപ്പാടുകള്‍ക്ക് പകരമായി പ്രേക്ഷകരുടെ പൂച്ചെണ്ടുകളാണ് ഷെഹ്നാദ് ജലാനെ തേടിയെത്തുന്നത്. സുഷിന് ശ്യാമിന്റെ സംഗീതം ഈ പരുക്കന്‍ ജീവിതയാഥാര്‍ത്ഥ്യത്തെ ഉള്ളിലേക്ക് തുളച്ചുകയറ്റുന്നു.
രണ്ട് നടിമാര്‍ ഉള്ളുലയ്ക്കുന്ന ഒരു കഥയുടെ നൂല്‍പ്പാലത്തില്‍ പിടിച്ച് പ്രേക്ഷകരെ ഉള്ളൊഴുക്കിലേക്ക് അടുപ്പിച്ചു എന്ന് പറയുമ്പോള്‍ അത് സിനിമയിലെ മറ്റൊരു സാധ്യത ഓര്‍മ്മപ്പെടുത്തുന്നു. നല്ല കഥാതന്തുവുണ്ടെങ്കിലും സൂപ്പര്‍ സ്റ്റാറുകളുടെ ഭാരമില്ലാതെ ജനഹൃദയത്തിലേക്ക് സിനിമയ്ക്ക് നടന്നുകയറാനാകും എന്ന സാധ്യത. പക്ഷെ അതിന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഉള്ളൊഴുക്കിലേതുപോലെ കൈകോര്‍ത്ത് പിടിച്ച് പരിശ്രമിക്കുന്നവരാകണം എന്ന് മാത്രം.
ഈ വര്‍ഷം കണ്ട ഏറ്റവും മികച്ച സിനിമ എന്നെല്ലാമാണ് ചില പ്രേക്ഷകര്‍ ഇതിന് സമൂഹമാധ്യമങ്ങളില്‍ കമന്റിടുന്നത്. അത്രയ്ക്കുണ്ടോ എന്ന് ചോദിച്ചാലും കൊള്ളാവുന്ന സിനിമ എന്ന് ഞാന്‍ പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: