കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മികവുറ്റ വിദ്യാഭ്യാസ അവസരങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്നു. 2024-25 അദ്ധ്യയന വര്‍ഷത്തില്‍ വിദേശത്ത് നിന്നുള്ള അപേക്ഷകളില്‍ ഗണ്യമായ വര്‍ദ്ധനവാണ് സര്‍വകലാശാലയില്‍ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
2024-25 അക്കാദമിക പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകള്‍ കുസാറ്റിലെ സര്‍വകാല റിക്കാര്‍ഡായ 1,590 ലേക്കെത്തി. 2021 മുതല്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി വരികയാണ്. സൗജന്യ വിദ്യാഭ്യാസവും താമസവും ഉറപ്പാക്കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐസിസിആര്‍) നല്കുന്ന സ്കോളര്‍ഷിപ്പുകള്‍ക്കാണ് ഭൂരിഭാഗം വിദേശ വിദ്യാര്‍ത്ഥികളും അപേക്ഷിക്കുന്നത്. ഐസിസിആര്‍ വഴി 2021ല്‍ 603 അപേക്ഷകളും 2022ല്‍ 800, 2023ല്‍ 1,100 വീതം അപേക്ഷകളുമാണ് കുസാറ്റിന് ലഭിച്ചത്.
ഈ വര്‍ഷം ഇത് 1,410 ആയി ഉയര്‍ന്നു. അടുത്തിടെ അവതരിപ്പിച്ച ‘സ്റ്റഡി ഇന്‍ ഇന്ത്യ’ (എസ്ഐഐ) പ്രോഗ്രാമിലൂടെ ലഭിച്ച 180 അപേക്ഷകള്‍ക്കൊപ്പം, ഇതുവരെ ലഭിച്ച അന്താരാഷ്ട്ര അപേക്ഷകളുടെ എണ്ണം 1,590 ആയി. 2014ല്‍ ആരംഭിച്ച എസ്ഐഐ പ്രോഗ്രാമിന് കീഴില്‍, സര്‍വകലാശാലയിലെ പഠന കാലയളവില്‍, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 50% സ്കോളര്‍ഷിപ്പ് കുസാറ്റ് നല്‍കും.
ഈ വര്‍ഷം കെനിയ, ഉഗാണ്ട, അംഗോള, ഇറാഖ്, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ടോഗോ, എത്യോപ്യ, സിയറ ലിയോണ്‍, ബോട്സ്വാന, സിറിയ, നൈജീരിയ, ലെസോത്തോ, തുര്‍ക്ക്മെനിസ്ഥാന്‍, മലാവി, സുഡാന്, റുവാണ്ട, ഗാംബിയ, സോളമന് ഐലന്‍ഡ്സ് (ഐസിസിആര്‍ വഴി) യുഎസ്, ബഹ്റൈന്‍, യുഎഇ, കാനഡ, മലേഷ്യ, മാലദ്വീപ്, ഇറാഖ്, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയുള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചു. ബിടെക്ക് കമ്പ്യൂട്ടര്‍ സയന്‍സിനാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. സാങ്കേതികവിദ്യയിലും കമ്പ്യൂട്ടിംഗിലും വിദഗ്ധ പരിശീലനം നേടുന്നതിന് കുസാറ്റ് തെരഞ്ഞെടുക്കുന്നത് ഒട്ടേറെ പേരാണ്. നിലവില്‍ അഫ്ഗാനിസ്ഥാന്, യുഎസ്എ, മാലദ്വീപ്, ശ്രീലങ്ക, പോളണ്ട്, തുര്‍ക്ക്മെനിസ്ഥാന്‍, പാപുവ ന്യൂഗിനിയ, താജിക്കിസ്ഥാന്‍, കെനിയ, ബോട്സ്വാന, അംഗോള, അയര്‍ലന്‍ഡ്, സാംബിയ, കൊമോറോസ്, ടാന്‍സാനിയ, സുഡാന്, നേപ്പാള്‍, യെമന്‍, ബുറുണ്ടി, മൊസാംബിക്, ദക്ഷിണ സുഡാന്, സിറിയ, റുവാണ്ട, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് സര്‍വകലാശാലയില്‍ പഠിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: