ന്യൂദല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ജൂലായ് 23ന് അവതരിപ്പിക്കാന്‍ പോകുമ്പോള്‍ പലരുടെ മനസ്സിലും പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നത് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നടത്തിയ ആ പ്രസ്താവനയാണ്. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുന്ന ഈ ബജറ്റില്‍ ചരിത്രപരമായ ഒട്ടേറെ ചരിത്രപരമായ ചുവടുവെയ്പുകള്‍ (Historical steps) ഉണ്ടാകുമെന്നും സുപ്രധാന സാമ്പത്തിക സാമൂഹ്യ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും ആണ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പ്രഖ്യാപിച്ചത്. ജൂണ്‍ 28ന് ലോക് സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ദ്രൗപദി മുര്‍മുവിന്റെ ഈ പ്രതികരണം.
ഇന്ത്യയുടെ ധനകാര്യനയത്തിന്റെ നട്ടെല്ല് എന്ന നിലയില്‍ കേന്ദ്രബജറ്റിന് വലിയ പ്രാധാന്യമുണ്ട്. മൂന്നാം മോദി സര്‍ക്കാരിന്റെ സാമ്പത്തിക മുന്‍ഗണനകള്‍, ധനകാര്യ തന്ത്രങ്ങള്‍, ഈ സാമ്പത്തിക വര്‍ഷത്തിലെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്താന്‍ പോകുന്ന ചെലവുകളുടെ രൂപരേഖ എന്നിവയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തുക. ബിസിനസുകാരും സാമ്പത്തിക വിദഗ്ധരും പൊതുജനങ്ങളും ഉള്‍പ്പെടെ ഈ ബജറ്റിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ പോകുന്നവര്‍ ആകാംക്ഷയോടെ ബജറ്റ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യം അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ സാമ്പത്തിക വളര്‍ച്ച, വിവിധ മേഖലകള്‍ക്കുള്ള നീക്കിയിരിപ്പ്, നികുതി നയങ്ങള്‍, ക്ഷേമപദ്ധതികള്‍ എന്നിങ്ങനെ ജനജീവിതത്തെ ബാധിക്കുന്ന എന്തൊക്കെ പ്രഖ്യാപനങ്ങളാണ് ഉണ്ടാവുക എന്നതാണ് എല്ലാവരുടെയും ആകാംക്ഷ.
ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിവിധ മേഖലകളിലെ പ്രമുഖരുമായി ചർച്ചകള്‍ നടത്തിയിരുന്നു. എല്ലാവരും ബജറ്റിനെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകള്‍ എന്തൊക്കെ, ആഗ്രഹചിന്തകള്‍ എന്തൊക്കെ, സ്വപ്നപദ്ധതികള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ ധനമന്ത്രിയുമായി പങ്കുവെച്ചിട്ടുണ്ട്.
എന്തായാലും ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പ്രഖ്യാപിച്ച ബജറ്റിലെ ചരിത്രപരമായ ആ ചുവടുവെയ്പുകളെക്കുറിച്ചാണ്. സാമ്പത്തിക വിദഗ്ധരും സാമ്പത്തിക ലേഖകരും ബിസിനസുകാരും ഇതേക്കുറിച്ച് അവരുടേതായ ഊഹാപോഹങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ ഒരു വിഭാഗം ഓര്‍മ്മിപ്പിക്കുന്നത് റിസര്‍വ്വ് ബാങ്ക് അവരുടെ ലാഭവീതത്തില്‍ നിന്നും ഇക്കുറി കേന്ദ്രസര്‍ക്കാരിന് കൈമാറാന്‍ പോകുന്ന വമ്പന്‍ തുകയായ 2.11 ലക്ഷം കോടിയെക്കുറിച്ചാണ്. ഈ തുക വലിയ ജനക്ഷേമപരിപാടികള്‍ക്കായി നീക്കിവെയ്‌ക്കുമോ എന്നാണ് ചില വിദഗ്ധര്‍ നല്കുന്ന സൂചന. എങ്കില്‍ അത് ഒരു പക്ഷെ ഇന്ത്യയെ പുളകം കൊള്ളിക്കുന്ന എന്തെങ്കിലും പദ്ധതിയായിരിക്കും. അത് എന്തായിരിക്കും?ആകാംക്ഷ ഏറുകയാണ്. അത് സ്ത്രീകള്‍ക്കുള്ള പദ്ധതികള്‍ ആയിരിക്കുമോ? അതോ കര്‍ഷകര്‍ക്കുള്ള എന്തെങ്കിലും പദ്ധതിയോ? കൃഷിമന്ത്രിയായി കൃഷിക്കാരുടെ പള്‍സറിയുന്ന, കൃഷിക്കാരന്‍ കൂടിയായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ ചുമതലപ്പെടുത്തിയ ശേഷം ചൗഹാന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരെയും കര്‍ഷകസംഘടനാ പ്രതിനിധികളെയും കണ്ടിരുന്നു. ഇതില്‍ നിന്നും ഉരുത്തിരിഞ്ഞ എന്തെങ്കിലും പദ്ധതികളായിരിക്കുമോ പ്രഖ്യാപിക്കുക? അതുപോലെ വിദ്യാഭ്യാസത്തിനോ ആരോഗ്യ സംരക്ഷണത്തിനോ ഉള്ള എന്തെങ്കിലും പദ്ധതികളും ആയിരിക്കാമെന്നും മറ്റു ചില സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.
2024 ഫെബ്രുവരിയില്‍ നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഒരു കാര്യം ഉറപ്പാക്കിയിരുന്നു മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 86,000 കോടി രൂപയാണ് നീക്കിവെച്ചത്. അതേക്കുറിച്ച് പുതിയ സൂചനകള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് കരുതുന്നു. എന്തായാലും പുതിയ ബജറ്റിലെ ആ ചരിത്രപരമായ ചുവടുവെയ്പുകള്‍ക്ക് ജൂലായ് 23ന് കാതോര്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: