തിരുവനന്തപുരം: കെഎസ്ആർടിസിയിൽ തുടർച്ചയായി ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ ചങ്ങല മാർച്ച് നടത്തി. “ജീവിക്കാൻ നിവർത്തിയില്ല, ചെയ്‌ത ജോലിയുടെ കൂലി തരൂ സർക്കാരേ” എന്നാവശ്യപ്പെട്ടുകൊണ്ട് ട്രാൻസ്പോർട്ട് ഭവനിൽ നിന്ന് സെക്രട്ടറിയേറ്റിലേയ്‌ക്ക് നടന്ന പ്രധിഷേധ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു.
“റഷ്യയിൽ, കോഴിയുടെ സ്റ്റാലിന്റെ പൂട പറിക്കൽ തിയറി കെഎസ്ആർടിസിയിൽ നടപ്പാക്കുകയാണ് കേരള സർക്കാർ ചെയ്യുന്നത്. എട്ടുവർഷം കൊണ്ട് തൊഴിലാളി ദ്രോഹത്തിന്റെ നെല്ലിപ്പലക കണ്ടു. തൊഴിലാളികൾ സാമ്പത്തികമായി തകർന്ന് മരിക്കണോ, ജീവിക്കണോ എന്ന അവസ്ഥയിൽ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മുഖ്യമന്ത്രി അഞ്ചാം തീയതി ശമ്പളം നൽകുമെന്ന് പറഞ്ഞത് പാഴ് വാക്കായി തുടരുമ്പോൾ, വകുപ്പ് മന്ത്രി ഒന്നാം തീയതി തന്നെ ശമ്പളം നൽകും എന്ന് പറയുന്നു. ഒന്നും പാലിക്കപ്പെട്ടില്ല. പറഞ്ഞ വാക്കിന് വിലയില്ലാത്ത ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇനിയും തൊഴിലാളി വഞ്ചന തുടരാൻ അനുവദിക്കില്ല. തൊഴിലാളി ദ്രോഹങ്ങൾക്കുള്ള മറുപടി ഇക്കഴിഞ്ഞ ഇലക്ഷനിൽ സർക്കാർ കണ്ടതാണ് ഇനിയും പരീക്ഷിക്കരുത്.” അജയകുമാർ പറഞ്ഞു.
ശമ്പളം അഞ്ചാം തീയതി നൽകാമെന്ന് പറഞ്ഞ് വലിയ മുതലാളിയും ഒന്നാം തീയതി തരുമെന്ന് പറഞ്ഞ് കൊച്ചുമുതലാളിയും വഞ്ചിച്ചു. ചെരുപ്പിന്റെ അളവിന് അനുസരിച്ചു പാദം മുറിക്കുന്നത് പോലുള്ള പരിഷ്കാരങ്ങൾ നടത്തി കെഎസ്ആർടിസി യിലെ ജീവനക്കാരെ മരണത്തിലേക്ക് തള്ളിവിട്ടു കൊണ്ടിരിക്കുന്നവർ, ആർടിസിയുടെ അക്ഷയഖനികളായ റൂട്ടുകൾ സ്വകാര്യ മുതലാളിമാർക്ക് വിറ്റ് മാർച്ച് കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ കുഴിച്ചു മൂടാൻ ശ്രമിക്കുകയാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്‌തു കൊണ്ട് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ്. വി നായർ ആശംസ അർപ്പിച്ചു സംസാരിച്ചു. തിരുവനന്തപുരം സൗത്ത് ജില്ലാപ്രസിഡൻ്റ് സി.എസ് ശരത് അധ്യക്ഷത വഹിച്ച പരിപാടിയിൽ നോർത്ത് ജില്ലാ സെക്രട്ടറി വി.ആർ അജിത് സ്വാഗതവും വെസ്റ്റ് ജില്ലാ സെക്രട്ടറി ഡി.ബിജു നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷർ ആർ.എൽ ബിജുകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്.സുരേഷ് കുമാർ, ജി.എസ് ഗോപകല സംസ്ഥാന സെക്രട്ടറിമാരായ എസ്.വി ഷാജി, എൻ.എസ് രണജിത് ജില്ലാ ഭാരവാഹികളായ ടി.സുരേഷ് കുമാർ, വി.ആർ ആദർശ്, എസ്.സുനിൽകുമാർ, കെ.സന്തോഷ്, ആർ.കവിരാജ്, എം.മഹേശ്വരൻ, എ.എസ് പദ്‌മകുമാർ, എസ്.വി ഹരീഷ് കുമാർ, രാജേഷ് കുമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: