തിരുവനന്തപുരം: കെഎസ്ആര്‍ടിസി ടേക്ക് ഓവര്‍ സര്‍വീസുകളിലെ സ്വകാര്യ ബസുകളുടെ കടന്നുകയറ്റം അടിയന്തരമായി അവസാനിപ്പിക്കുക, മുഴുവന്‍ ടേക്ക് ഓവര്‍ സര്‍വീസുകളും ഉടന്‍ പുന:രാരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) ഗതാഗത മന്ത്രി ഗണേഷ്കുമാറിന് നിവേദനം നല്കി.
സ്വകാര്യ ഓര്‍ഡിനറി ബസുകള്‍ ഫാസ്റ്റ് ആക്കാനുള്ള നീക്കം തടയുന്നതിനാണ് കേരളത്തിലെ മുഴുവന്‍ സ്വകാര്യ സൂപ്പര്‍ക്ലാസ് ബസുകളും കെഎസ്ആര്‍ടിസി ഏറ്റെടുത്തത്. ദീര്‍ഘനാളത്തെ നിയമപോരാട്ടങ്ങള്‍ക്കു ശേഷം ഏറ്റെടുത്ത 250ല്‍ പരം ടേക്ക് ഓവര്‍ സര്‍വീസുകളില്‍ ഒന്നാണ് കഴിഞ്ഞദിവസം മുതല്‍ സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ച തുലാപ്പള്ളി – എറണാകുളം റൂട്ട്. 2014 മുതല്‍ എരുമേലി യൂണിറ്റ് ഒറ്റ ദിവസം പോലും ക്യാന്‍സല്‍ ചെയ്യാതെ ഓടിയിരുന്ന സര്‍വീസാണിത്. ഹൈക്കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കെഎസ്ആര്‍ടിസിയുടെ പെര്‍മിറ്റ് സ്വകാര്യ ബസ് സ്വന്തമാക്കിയത്. പെര്‍മിറ്റ് സംബന്ധമായ കേസുകളില്‍ ജാഗ്രത പാലിക്കുന്നതിനും കെഎസ്ആര്‍ടിസിയെ കക്ഷിയാക്കാത്ത കേസുകള്‍ വരെ നിരീക്ഷിക്കുന്നതിനുമായി ഹൈക്കോടതിയില്‍ ഒരു ലെയ്സന്‍ ഓഫീസ് തന്നെ പ്രവര്‍ത്തിച്ചിട്ടും ഒരു മാസമായിട്ടും മേല്‍നടപടികള്‍ സ്വീകരിക്കാത്തത് സ്വകാര്യ ബസ് സ്വാധീനത്തിലാണെന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്ത മുഴുവന്‍ സ്വകാര്യ സൂപ്പര്‍ ക്ലാസ് ബസുകളും നാളെത്തന്നെ സര്‍വീസ് നടത്തണമെന്നും ടേക്ക് ഓവര്‍ സര്‍വീസുകളുടെ മുന്നില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സര്‍വീസുകളുടെ സമയം പുന:ക്രമീകരിക്കണമെന്നും എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.
തുലാപ്പള്ളി-എറണാകുളം റൂട്ടില്‍ കെഎസ്ആര്‍ടിസി ടേക്ക് ഓവര്‍ സര്‍വീസിന്റെ സമയത്ത് സ്വകാര്യ ബസ് അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അടിയന്തര അപ്പീല്‍ നല്‍കണം. ഈ വിഷയത്തില്‍ ജാഗ്രതക്കുറവ് കാണിച്ച ഹൈക്കോടതിയിലെ ലെയ്സണ്‍ ഓഫീസിലെയും ചീഫ് ഓഫീസിലെ ലോ വിഭാഗത്തിലെയും കുറ്റക്കാരായവരെ ശിക്ഷിക്കണമെന്നും കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ മന്ത്രിക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: