കൊല്ലം: വകുപ്പുമേധാവികളുടെയും മറ്റ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെയും നിസഹകരണം മൂലം വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വരുന്ന പല വിഷയങ്ങളിലും തീരുമാനം എടുക്കുന്നത് വൈകുന്നു.
തുടര്‍ നടപടി റിപ്പോര്‍ട്ടുകള്‍ 15 ദിവസത്തിനകം നല്‍കണമെന്ന് നിര്‍ദേശിച്ചുള്ള ഉത്തരവ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോ.സെക്രട്ടറി വിവിധ വകുപ്പ് മേധാവികള്‍ക്ക് നല്കി. ഇതു സംബന്ധിച്ച് മുന്‍പും സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ അനുസരിക്കുന്നില്ലെന്നും ഉത്തരവിലുണ്ട്.
ചില വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് വകുപ്പുമേധാവികളുടെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പരിശോധന റിപ്പോര്‍ട്ട് അനിവാര്യമാണ്. ഇതിനായി തുടര്‍ നടപടി റിപ്പോര്‍ട്ട് ബന്ധപ്പെട്ട വിഭാഗത്തിലേക്ക് നല്‍കും. എന്നാല്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ലഭിക്കാറില്ല. പരിശോധന റിപ്പോര്‍ട്ട് നല്കാന് താമസിക്കുന്നതിനാല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിനെ/ വകുപ്പിനെ സമയബന്ധിതമായി അറിയിക്കുവാന്‍ സാധിക്കില്ല.
ഇത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനും വകയിരുത്തിയ തുക പാഴായിപോകുന്നതിനും ഇടയാക്കുന്നു. കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തുടര്‍ നടപടി റിപ്പോര്‍ട്ട് കമ്മിറ്റി കഴിഞ്ഞ് 15 ദിവസത്തിനകം തന്നെ ലഭ്യമാക്കാന്‍ വകുപ്പ് മേധാവികളോ ഉദ്യോഗസ്ഥരോ നടപടി സ്വീകരിക്കേണ്ടതാണ്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് ഓഫീസിലേക്ക് കൂടി നല്‍കേണ്ടതും അതിനായി പ്രത്യേക ക്രമീകരണം അതത് ഓഫീസില്‍ ഏര്‍പ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അജണ്ടകള്‍ നാലായി തിരിച്ചാണ് യോഗം നടത്തുന്നത്. പദ്ധതി അവലോകനം, മുന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി യോഗ തീരുമാനപ്രകാരം തുടര്‍ നടപടി സ്വീകരിക്കേണ്ട വിഷയങ്ങള്‍, പൊതുവിഷയം, പ്രത്യേക വിഷയം എന്നിങ്ങനെയാണ് അജണ്ട തരംതിരിക്കുന്നത്.
വിഷയങ്ങള്‍ പരിഗണിക്കുമ്പോള്‍ പലപ്പോഴും ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെയോ ഉദ്യോഗസ്ഥന്റെയോ പരിശോധന റിപ്പോര്‍ട്ട് ആവശ്യമാണ്. ഇങ്ങനെ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുക്കുന്നത്. തുടര്‍ നടപടി റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി ബന്ധപ്പെട്ടവര്‍ക്ക് യോഗത്തിന്റെ നടപടിക്കുറിപ്പ് അയച്ചു നല്‍കാറുണ്ട്. ഒപ്പംതന്നെ ബന്ധപ്പെട്ടവര്‍ക്കെല്ലാം റിപ്പോര്‍ട്ട് വേണ്ട പ്രസക്തഭാഗം പ്രത്യേകമായും അയച്ചു നല്‍കും. കോര്‍ഡിനേഷന്‍ കമ്മിറ്റി അജണ്ട അഞ്ചുദിവസം മുന്‍പ് അംഗങ്ങള്‍ക്ക് അയച്ചു നല്‍കുന്നുമുണ്ട്.
പലപ്പോഴും കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് തൊട്ടുമ്പോ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലോ ആണ് ബന്ധപ്പെട്ട വകുപ്പുകള്‍ തുടര്‍ നടപടി റിപ്പോര്‍ട്ട് നല്‍കുന്നത്. മുന്‍കൂട്ടി റിപ്പോര്‍ട്ട് ലഭിച്ചാല്‍ പരിശോധിച്ച് കുറിപ്പ് തയാറാക്കാനും ബന്ധപ്പെട്ട വിഭാഗത്തിലേക്ക് അയച്ചു നല്‍കാനും സാധിക്കും. റിപ്പോര്‍ട്ട് വൈകുന്നതിനാല്‍ ഇതിനു സാധിക്കുന്നില്ല. ഇതോടെ പല തീരുമാനങ്ങളിലും മാസങ്ങള്‍ക്ക് ശേഷമാണ് തുടര്‍ നടപടികള്‍ ഉണ്ടാകുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അധ്യക്ഷനാകുന്ന വികേന്ദ്രീകാസൂത്രണ യോഗത്തില്‍ വകുപ്പുതലവന്മാര്, സെക്രട്ടറിയേറ്റിലെ വകുപ്പ് തല ഉദ്യോഗസ്ഥര്‍, അണ്ടര്‍ സെക്രട്ടറി തലത്തിനു മുകളിലുള്ള ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: