ലണ്ടന്‍: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ പാര്‍ലമെന്റില്‍ സാന്നിധ്യമറിയിച്ച് ഭാരതീയവംശജരും. 650 അംഗങ്ങളുള്ള പാര്‍ലമെന്റിലേക്ക് മുന്‍ പ്രധാനമന്ത്രി ഋഷി സുനാക് ഉള്‍പ്പെടെ 26 ഭാരതീയ വംശജരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കണ്‍സര്‍വേറ്റീവ്-ലോബര്‍ പാര്‍ട്ടികള്‍ക്കു വേണ്ടി 107 ഭാരതീയ വംശജരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
ഋഷി സുനാക്
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഭാരതീയ വംശജനാണ് ഋഷി സുനാക്. ഈ തെരഞ്ഞെടുപ്പില്‍ റിച്ച്മണ്ട് ആന്‍ഡ് നോര്‍ത്തലെട്രോണ്‍ മണ്ഡലത്തില്‍നിന്ന് 12,185 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടായി. 2015 മുതല്‍ എംപിയായ അദ്ദേഹം ലിസ് ട്രസിന്റെ പിന്‍ഗാമിയായാണ് പ്രധാനമന്ത്രി പദത്തിലെത്തിയത്.
പ്രീത് കൗര്‍ ഗില്‍
ബെര്‍മിങ്ഹാം എഡ്ഗബ്സ്റ്റണില് നിന്നുള്ള ലേബര്‍ പാര്‍ട്ടി സ്താനാര്‍ത്ഥി. കഴിഞ്ഞ തവണയും പാര്‍ലമെന്റംഗം ആയിരുന്ന പ്രീത് കൗര്‍ പ്രതിപക്ഷത്തെ ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഷാഡോ മിനിസ്റ്റര്‍ ആയിരുന്നു. 8368 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രീത് കൗര്‍ ഗില്‍ വിജയിച്ചത്.
പ്രീതി പട്ടേല്‍
മുന്‍ ആഭ്യന്തര സെക്രട്ടറിയായ പ്രീതി പട്ടേല്‍, എസെക്സ് കൗണ്ടിയിലെ വിതാം മണ്ഡലത്തില്‍നിന്നാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്ത് സ്വദേശിയാണ്. 2019 മുതല്‍ 2022 വരെയാണ് ആഭ്യന്തര സെക്രട്ടറിയായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ പ്രീതി 2010 മുതല്‍ വിതാമില്‍നിന്നുള്ള എംപിയാണ്.
ഗഗന് മൊഹിന്ദ്ര
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ഗഗന് മൊഹിന്ദ്ര പഞ്ചാബ് സ്വദേശിയാണ്. സൗത്ത് വെസ്റ്റ് ഹെര്‍ട്സ് മണ്ഡലത്തില്‍ നിന്ന് 16458 വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയിച്ചത്. ബ്രിട്ടീഷ്-ഭാരത സൈന്യത്തില്‍ സേവനമനുഷ്ഠിച്ചയാളായിരുന്നു ഗഗന് മൊഹിന്ദ്രയുടെ മുത്തശ്ശന്.
കനിഷ്ക നാരായണ്‍
ലേബര്‍ പാര്‍ട്ടി അംഗമാണ്. വേല് ഓഫ് ഗ്ലാമോര്ഗന് മണ്ഡലത്തില്‍നിന്ന് 17,740 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. വെയ്ല്‍സിലെ വംശീയ ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള ആദ്യ എംപിയാണ് കനിഷ്ക.
നവേന്ദു മിശ്ര
സ്റ്റോക്ക്പോര്‍ട്ട് മണ്ഡലത്തില്‍നിന്നുള്ള ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി. രണ്ടാം തവണയാണ് എംപിയാകുന്നത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് നവേന്ദുവിന്റെ മാതാപിതാക്കള്‍. 21787 വോട്ടുകള്‍ക്കാണ് നവേന്ദുവിന്റെ വിജയം.
ലിസ നന്ദി
സിറ്റിങ് സീറ്റായ വിഗനില്‍ നിന്ന് വീണ്ടും വിജയിച്ച ലിസ 2014 മുതല്‍ ലേബര്‍ പാര്‍ട്ടി എംപിയാണ്. 19,401 വോട്ടുകള്‍ നേടിക്കൊണ്ട് റിഫോം യുകെ സ്ഥാനാര്‍ത്ഥി ആന്‍ഡി ഡവ്ബെറിനെയാണ് പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത സ്വദേശിയായ ദീപക് നന്ദിയുടെ മകളാണ്.
സുവെല്ല ബ്രേവര്മാന്
ഋഷി സുനാക് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. ഫരെഹാം ആന്‍ഡ് വാട്ടര്‍ലൂവില്ലെ മണ്ഡലത്തില്‍ നിന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എംപിയായി സുവെല്ല വീണ്ടും വിജയിച്ചത്.
ശിവാനി രാജ
ലേബര്‍ പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന ലെയ്സെസ്റ്റര്‍ ഈസ്റ്റ് മണ്ഡലം പിടിച്ചെടുത്തുകൊണ്ടാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ശിവാനി രാജ പാര്‍ലമെന്റിലേക്ക് ചുവടുവെയ്ക്കുന്നത്. ഭാരതീയ വംശജനായ രാജേഷ് അഗര്‍വാളിനെ 4426 വോട്ടുകള്‍ക്കാണ് ശിവാനി പരാജയപ്പെടുത്തിയത്.
തന്മന്ജീത് സിഘ് ദേസി
സിഖ് നേതാവായ തന്മന്ജീത് സിഘ് ദേസി സ്ലോ മണ്ഡലത്തില്‍നിന്ന് വീണ്ടും എംപിയായി. ടര്ബന് ധരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തുന്ന ആദ്യ എംപിയാണ് തന്മന്ജീത്.
സോജന് ജോസഫ്
ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തുന്ന മലയാളി. കോട്ടയം സ്വദേശിയായ സോജന് ജോസഫ് കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്തുകൊണ്ട് 1779 വോട്ടിനാണ് സോജന്റെ വിജയം.
ക്ലെയര്‍ കുട്ടീഞ്ഞോ
ഈസ്റ്റ് സറേ മണ്ഡലത്തില്‍ നിന്നാണ് ക്ലെയര്‍ കുട്ടീഞ്ഞോ വിജയം നേടിയത്. 35.6 ശതമാനം വോട്ടു നേടി ലേബര്‍ പാര്‍ട്ടിയുടെ തോമസ് ബോവലിനെ പരാജയപ്പെടുത്തി.
ഇവരെക്കൂടാതെ, സീമ മല്‍ഹോത്ര, വലേറി വാസ്, നാദിയ വിറ്റോമി, സ്റ്റവിര് കൗര്‍, ജാസ് അത്വാല്, ബാഗി ശങ്കര്‍, ഹര്‍പ്രീത് ഉപ്പല്‍, വരിന്ദര്‍ ജസ്, ഗുറിന്ദര് ജോസന്, സോണിയ കുമാര്‍, സുറീന ബ്രാക്കന്ബ്രിഡ്ജ്, കിരിത് എന്റ്വിസല്, ജീവന് സന്ദീര് എന്നിവരും ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ വിജയം നുണഞ്ഞ ഭാരതീയ വംശജരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: