ന്യൂദല്‍ഹി: നീറ്റ്- യുജി പരീക്ഷ റദ്ദാക്കുന്നത് സത്യസന്ധമായി പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്രം കോടതിയില്‍ നിലപാട് അറിയിച്ചത്. പരീക്ഷ റദ്ദാക്കരുതെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും കോടതിയെ അറിയിച്ചു.
പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങള്‍ ബാധിച്ചിട്ടില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യം മുഴുവന്‍ നടന്ന പരീക്ഷയില്‍ രഹസ്യസ്വഭാവം ലംഘിക്കപ്പെടാത്ത പശ്ചാത്തലത്തില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ നീറ്റ്- യുജി പരീക്ഷയും പ്രസിദ്ധീകരിച്ച ഫലവും റദ്ദാക്കി പുനഃപരീക്ഷ നടത്തുന്നത് യുക്തിസഹമല്ല.
പരീക്ഷ റദ്ദാക്കുന്നത് പരീക്ഷയെഴുതിയ സത്യസന്ധരായ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെയാണ് ബാധിക്കുക. എല്ലാ മത്സരപരീക്ഷകളും ന്യായമായും സുതാര്യമായും നടത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഫലപ്രദവും സുഗമവും സുതാര്യവുമായ മത്സരപരീക്ഷാ നടത്തിപ്പിനുള്ള നടപടികള്‍ നിര്‍ദേശിക്കാന്‍ ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതി അതിന്റെ ചര്‍ച്ചകള്‍ ആരംഭിക്കുകയും പരിഷ്കരണ നടപടികളെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുകയും ചെയ്തതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കോടതിയെ അറിയിച്ചു.
പാട്നയിലും ഗോധ്രയിലുമുണ്ടായ ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ രാജ്യം മുഴുവന്‍ നടന്ന പരീക്ഷ റദ്ദാക്കരുതെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: