ടെക്സാസ്: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഇക്വഡോറിനെ കീഴടക്കി അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍. ഷൂട്ടൗട്ടില്‍ സൂപ്പര്‍ താരം ലയണല്‍ മെ്സ്സി പെനാല്‍റ്റി പാഴാക്കിയ പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീന വിജയിച്ചത്. അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസിന്റെ മിന്നുന്ന പ്രകടനമാണ് അര്‍ജന്റീനയ്ക്ക് ഷൂട്ടൗട്ടില്‍ തുണയായത്. ഇക്വഡോറിന്റെ ആദ്യ രണ്ട് കിക്കുകളും മാര്‍ട്ടിനസ് രക്ഷപ്പെടുത്തി. നിശ്ചിത സമയത്ത് 1-1 സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അര്‍ജന്റീനയ്ക്കായി ജൂലിയന്‍ അല്‍വാരസ്, മക് അലിസ്റ്റര്‍, ഗൊണ്‍സാലോ മോണ്ടിയല്, നിക്കോളാസ് ഓട്ടമെന്‍ഡി എന്നിവര്‍ ലക്ഷ്യം കണ്ടു. ഇക്വഡോറിനായി ജോണ്‍ യെബോ, ജോഡി കെയ്സിഡോ എ്ന്നിവരാണ് ലക്ഷ്യം കണ്ടത്. ഏയ്ഞ്ചല്‍ മെന, അലന് മിന്‍ഡ എ്ന്നിവരുടെ കിക്കുകള്‍ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി.
ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇരമ്പിയെത്തിയ ഇക്വഡോര്‍ ടീമിനെതിരേ ഒരുവിധത്തിലാണ് അര്‍ജന്റീന പിടിച്ചുനിന്നത്. പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനായിട്ടില്ലെന്ന് തോന്നിച്ച ലയണല്‍ മെസ്സി നിരാശപ്പെടുത്തിയ മത്സരത്തില്‍ 35-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ ഹെഡര്‍ ഗോളാണ് അര്‍ജന്റീനയ്ക്ക് ലീഡ് നല്‍കിയത്. എന്നാല്‍ ഇന്‍ജുറി ടൈമില്‍ കെവിന് റോഡ്രിഗസ് നേടിയ ഗോളില്‍ ഇക്വഡോര്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു.
തുടക്കത്തില്‍ വിരസമായ മത്സരം 15 മിനിറ്റായപ്പോഴാണ് ചൂടുപിടിച്ചത്. അര്‍ജന്റീനയുടെ പന്തടക്കത്തില്‍ പ്രതിരോധിച്ചുനിന്ന ഇക്വഡോര്‍ 15-ാം മിനിറ്റുമുതല്‍ ആക്രമണം തുടങ്ങി. ആദ്യം ജെറെമി സാര്‍മിയെന്റോയുടെ ഷോട്ട് അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനസ് രക്ഷപ്പെടുത്തിയെങ്കിലും തൊട്ടുപിന്നാലെ കെന്‍ഡ്രി പയെസിലൂടെ അടുത്ത ആക്രമണവുമെത്തി. പിന്നാലെ ടോറസ് നല്കിയ ത്രൂബോള്‍ സ്വീകരിച്ച് മുന്നോട്ടുകയറിയ എന്നര് വലന്‍സിയ നല്കിയ ക്രോസ് പക്ഷേ വലയിലെത്തിക്കാന്‍ പ്രെസിയാഡോയ്ക്ക് സാധിക്കാതെ പോയി. അതേസമയം അര്ജന്റീന് ആക്രമണങ്ങളെല്ലാം ഇക്വഡോര്‍ പ്രതിരോധത്തില്‍ ത്തട്ടി തകരുകയും ചെയ്തു. പരിക്ക് മാറി മടങ്ങിയെത്തിയ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്കും തുടക്കത്തില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.
34-ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ നല്ലൊരു മുന്നേറ്റമുണ്ടായത്. കൗണ്ടര്‍ അറ്റാക്കില്‍ പന്തുമായി മുന്നേറിയ എന്‍സോ ഫെര്‍ണാണ്ടസിന് പക്ഷേ ഫൈനല്‍ തേര്‍ഡില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
തൊട്ടടുത്ത മിനിറ്റില്‍ നിലവിലെ ചാമ്പ്യന്മാര് ഇക്വഡോര്‍ വലകുലുക്കി. മെസ്സിയെടുത്ത കോര്‍ണറില്‍ നിന്ന് മാക് അലിസ്റ്റര്‍ ഹെഡറിലൂടെ ഫഌക് ചെയ്ത് നല്കിയ പന്ത് മറ്റൊരു ഹെഡറിലൂടെ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് വലയ്ക്കുള്ളിലെത്തിക്കുകയായിരുന്നു. ഇക്വഡോര്‍ ഗോളി അലക്സാണ്ടര്‍ ഡൊമിന്‍ഗ്വെസ് പന്ത് തട്ടിയെങ്കിലും അപ്പോഴേക്കും പന്ത് ഗോള്‍ലൈന്‍ കടന്നിരുന്നു. അര്‍ജന്റീന ജേഴ്സിയില്‍ ലിസാന്‍ഡ്രോയുടെ ആദ്യ ഗോള്‍കൂടിയായിരുന്നു ഇത്.
60-ാം മിനിറ്റില്‍ ഒരു കോര്‍ണര്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റോഡ്രിഗോ ഡിപോളിന്റെ കൈയില്‍ പന്ത് തട്ടിയതിന് ഇക്വഡോറിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പക്ഷേ എന്നര് വലന്‍സിയയുടെ മോശം കിക്ക് പോസ്റ്റിലിടിച്ച് പുറത്തേക്ക് പോയി.
മത്സരം അവസാന മിനിറ്റുകളിലേക്കടുത്തതോടെ ഇക്വഡോര്‍ ആക്രമണങ്ങള്‍ ശക്തമാക്കി. ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ തന്നെ അവര്‍ സമനില ഗോള്‍ കണ്ടെത്തുകയും ചെയ്തു. യെബോ ബോക്സിലേക്ക് നല്കിയ ക്രോസ് കെവിന് റോഡ്രിഗസ് ഹെഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ എമിലിയാനോ മാര്‍ട്ടിനസ് കീഴടങ്ങി. ഇതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: