Sports

തമിഴ്നാട്ടിലെ ഈ കളിക്കുട്ടികള്‍ ഒരിയ്‌ക്കല്‍ ലോകത്തെ ഒന്നാം നമ്പര്‍ ചെസ് താരങ്ങളെ വീഴ്‌ത്തുന്ന പ്രതിഭകളാകുമെന്ന് ആരറിഞ്ഞു?

ഇന്നലെ വരെ ചെസ്സില്‍ അജയ്യരായി വാണ ഫാബിയാനോ കരുവാന, ഹികാരു നകാമുറ, വിന്‍സെന്‍റ് കെയ്മര്‍, ഇയാന്‍ നെപോമ്നിഷി, അലിറെസ ഫിറൂഷ, ഡിങ്ങ് ലിറന്‍ തുടങ്ങിയവരെയെല്ലും തോല്‍പിച്ചും സമനിലയില്‍ കുരുക്കിയും ഭയപ്പെടുത്തുകയാണ് പ്രജ്ഞാനന്ദയും ഗുകേഷും.

ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയില്‍ ഒരു സാധാരണബാങ്ക് ക്ലാര്‍ക്കിന്റെ മകനും അവിടുത്തെ ഒരു ഡോക്ടറുടെ മകനും ചെസില്‍ വെറും കളിക്കുട്ടികളായിരുന്നു. ബാങ്ക് ക്ലാര്‍ക്കിന്റെ വീട്ടില്‍ മൂത്തമകള്‍ ടിവി കണ്ട് കേടാവേണ്ടെന്ന് കരുതി അച്ഛന്‍ അവളെ ഒരു ചെസ് കോച്ചിംഗിന് പറഞ്ഞയയ്‌ക്കുന്നു. ചേച്ചി പഠിച്ചുവന്ന കാര്യങ്ങള്‍ വീട്ടില്‍ അനിയനുമായി പങ്കുവെയ്‌ക്കുന്നു. ഒടുവില്‍ ഒരു ദിവസം ചേച്ചിയെ തോല്‍പിക്കുന്ന താരമായി അനുജന്‍ വളര്‍ന്നു. അതാണ് പ്രജ്ഞാനന്ദ. ചേച്ചി ഇപ്പോള്‍ വനിതാഗ്രാന്‍റ് മാസ്റ്ററായ വൈശാലിയും.

പ്രജ്ഞാനന്ദ എന്ന പ്രഗ്നാനന്ദ

പ്രജ്ഞാനന്ദ എന്നതാണ് ഈ ചെസിലെ അത്ഭുതതാരത്തിന്റെ ഇന്ത്യന്‍ ഉച്ചാരണം. എന്നാല്‍ ഇംഗ്ലീഷില്‍ ഞ എന്ന ശബ്ദം ഇല്ലാത്തിനാല്‍ അവര്‍ അതിനെ ഗ കൊണ്ട് പരിഹരിച്ചു. അവര്‍ ചുരുക്കപ്പേരായി പ്രഗ് എന്നും നീട്ടിവിളിക്കേണ്ടിവരുമ്പോള്‍ പ്രഗ്നാനന്ദ എന്നും വിളിച്ചു.

തമിഴ്നാട് സഹകരണബാങ്കില്‍ ഇപ്പോള്‍ ബ്രാഞ്ച് മാനേജരായ രമേഷ്ബാബു എന്ന സാധാരണ ബാങ്ക് ഉദ്യോഗസ്ഥന്റെ രണ്ട് മക്കള്‍- പ്രജ്ഞാനന്ദയും വൈശാലിയും. മക്കളില്‍ ചെസിനോട് ഇത്രയ്‌ക്കും അഭിനിവേശം അവരില്‍ ഉണര്‍ന്നതും വളര്‍ന്നതും അച്ഛന്‍ വഴിയാണ്. നല്ലൊരു ചെസ് കളിക്കാരനായ രമേഷ് ബാബു ആദ്യം വൈശാലിയെ ചെസ് പഠിപ്പിച്ചു. മകളുടെ ചെസിലുള്ള പ്രാവീണ്യം ബോധ്യമായപ്പോള്‍ ഏഴാം വയസ്സില്‍ അവളെ ചെസ് കോച്ചിംഗിന് വിട്ടു. മകളുടെ ശ്രദ്ധ ടെലിവിഷനില്‍ നിന്നും മാറിക്കോട്ടെ എന്ന് കരുതിക്കൂടിയാണ് ഇത് ചെയ്തത്. കോച്ചിംഗിന് പോയ ശേഷം മകള്‍ കൂടുതല്‍ നേരം വീട്ടില്‍ തന്നെ ചെസ് ബോര്‍ഡില്‍ ചെലവഴിക്കുന്നതാണ് കണ്ടത്.

അനുജനെ കരുക്കന്‍ നീക്കാന്‍ പഠിപ്പിച്ച ചേച്ചി

കളിയുടെ ആഴങ്ങള്‍ തേടി വൈശാലി പോകുമ്പോള്‍ അത് സസൂക്ഷ്മം നിരീക്ഷിച്ച് അവളുടെ നാല് വയസ്സുകാരന്‍ അനുജനും അതിനോട് താല്‍പര്യമായി. അങ്ങിനെ വൈശാലി പ്രജ്ഞാനന്ദയെയും ചെസ് പഠിപ്പിച്ചു. പിന്നീട് വൈശാലി സംസ്ഥാന-ദേശീയ ചെസ് മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. പക്ഷെ അനുജന്‍ ചേച്ചിയെ വെട്ടിച്ച് ദ്രുതഗതിയില്‍ ഉയരങ്ങള്‍ കീഴടക്കി. തന്റെ 12ാം വയസ്സില്‍ പ്രജ്ഞാനന്ദ ചെസില്‍ ഗ്രാന്‍റ് മാസ്റ്ററായി. കൃത്യമായി പറഞ്ഞാല്‍ 12 വയസ്സും പത്ത് മാസവും 13ദിവസവും ഉള്ളപ്പോഴാണ് ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം കിട്ടിയത്. മാസവും ദിനങ്ങളും പ്രധാനമാണ്. കാരണം ഗുകേഷ് പ്രജ്ഞാനന്ദയേക്കാള്‍ നേരത്തെ ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടിയ താരമാണ്. 12 വയസ്സും ഏഴ് മാസവും 17 ദിവസവും ഉള്ളപ്പോള്‍ ഗുകേഷിന് ഗ്രാന്‍റ് മാസ്റ്റര്‍ പദവി കിട്ടി. പ്രജ്ഞാനന്ദയ്‌ക്ക് ഇത്ര ചെറിയ പ്രായത്തില്‍ ഗ്രാന്‍റ് മാസ്റ്റര്‍ പദവി കിട്ടിയത് വൈശാലിയെ വേദനിപ്പിച്ചിരുന്നു. താന്‍ കളി പഠിപ്പിച്ച സഹോദരന്‍ തന്നേക്കാള്‍ മുന്നിലെത്തിയിരിക്കുന്നു. പ്രജ്ഞാനന്ദ ഓരോ വലിയ നേട്ടങ്ങളും സമ്മാനിച്ച് വീട്ടില്‍ എത്തുമ്പോള്‍ മാധ്യമക്കാര്‍ വൈശാലിയോട് ചോദിക്കുന്ന സ്ഥിരം ചോദ്യമുണ്ട്:”അനുജന്റെ ഈ നേട്ടത്തില്‍ എന്ത് തോന്നുന്നു?”. അതിന് ഉത്തരം പറയുമ്പോഴും വൈശാലിയുടെ ഉള്ളില്‍ നീറ്റലാണ്. പിന്നീട് പത്ത് വര്‍ഷം കൂടി കാത്തിരുന്നതാണ് വൈശാലിക്ക് ഗ്രാന്‍റ് മാസ്റ്റര്‍ പദവി ഫിഡെ (അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍ ) നല്‍കുന്നത്. തന്റെ 22ാം വയസ്സിലാണ് വൈശാലി ചെസില്‍ ഗ്രാന്‍റ് മാസ്റ്ററായത്. ഇന്ത്യയിലെ മൂന്നാമത്തെ വനിതാ ഗ്രാന്‍റ് മാസ്റ്ററായിരുന്നു.

കഴിവ്, കഠിനാധ്വാനം, കുടുംബത്തില്‍ നിന്നുള്ള പിന്തുണ- ഇത് മൂന്നും ഉണ്ടെങ്കില്‍ ആര്‍ക്കും ചെസില്‍ ഉയരങ്ങള്‍ കീഴടക്കാമെന്നതാണ് ഇവരുടെ ജീവിതം പറയുന്നത്. അച്ഛന്‍ ജോലിയുമായി തിരക്കിലായതിനാല്‍ അമ്മ നാഗലക്ഷ്മിയാണ് മക്കള്‍ക്ക് കൂട്ട്. അമ്മയാണ് ആദ്യമായി പ്രജ്ഞാനന്ദയെ ഭസ്മക്കുറി തൊടുവിച്ചത്. ശിവന്റെ അനുഗ്രഹത്തിന് അത് നല്ലതാണെന്ന് അമ്മ കരുതുന്നു. അമ്മയുടെ ആ ഉപദേശം ഇന്നും ദൈവാജ്ഞ പോലെ പ്രജ്ഞാനന്ദ പിന്തുടരുന്നു. അങ്ങ് ടോറന്‍റോയിലായാലും ന്യൂയോര്‍ക്കിലായാലും പ്രജ്ഞാനന്ദയുടെ നെറ്റിയില്‍ ഭസ്മക്കുറിയുണ്ടാകും. മാത്രമല്ല, ലോകത്ത് എവിടെപ്പോകുമ്പോഴും അമ്മ മക്കള്‍ക്ക് കഴിയുന്നതും സ്വയം പാകം ചെയ്ത ഭക്ഷണം നല്‍കാന്‍ ശ്രമിയ്‌ക്കുന്നു.

ചെന്നൈയിലെ ഗ്രാന്‍റ് മാസ്റ്ററായ ആര്‍ബി രമേഷ് ആണ് ഇരുവരെയും പരിശീലിപ്പിച്ചത്. ഇപ്പോള്‍ വിശ്വനാഥന്‍ ആനന്ദിന്റെയും പരിചരണം ഉണ്ട്. വൈശാലിയുടെയും പ്രജ്ഞാനന്ദയുടെയും സ്വഭാവം രണ്ട് തരത്തിലാണ്. വൈശാലി അന്തര്‍മുഖയാണ്. ഒരു പാട് ചിന്തിക്കുന്ന കൂട്ടത്തിലാണ്. പ്രജ്ഞാനന്ദയാകട്ടെ ബഹിര്‍മുഖനും കൂട്ട്കെട്ട് ആസ്വദിക്കുന്ന, നല്ല നര്‍മ്മബോധമുള്ള ആളാണ്. ഭക്ഷണവും നന്നായി ആസ്വദിക്കും.

അഞ്ച് തവണ ലോകചാമ്പ്യനും റാപ്പിഡ് ചെസ് ചാമ്പ്യനുമായ മാഗ്നസ് കാള്‍സനെ വെല്ലുവിളിക്കാന്‍ യോഗ്യരായ ആരും ചെസില്‍ ഇന്നില്ല. 2022ലെ എഫ് ടിഎക്സ് ക്രിപ്റ്റോ കപ്പില്‍ രണ്ട് ബ്ലിറ്റ്സ് ഗെയിമുകളിലും ഒരു റാപ്പിഡിലും തുടര്‍ച്ചയായാണ് മാഗ്നസ് കാള്‍സനെ പ്രജ്ഞാനന്ദ തോല്‍പിച്ചത്. അതോടെ പ്രജ്ഞാനന്ദ ലോകപ്രശസ്തനായി. ഈയിടെ നടന്ന നോര്‍വ്വെ ചെസില്‍ മാഗ്നസ് കാള്‍സനെയും രണ്ടും മൂന്നും റാങ്കുകാരായ യുഎസിന്റെ ഫാബിയാനോ കരുവാനയെയും ഹികാരു നകാമുറയെയും പ്രജ്ഞാനന്ദ തോല്‍പിച്ചു.

ചെസ് ലോകകപ്പില്‍ മാഗ്നസ് കാള്‍സനുമായി തുല്യപോരാട്ടം കാഴ്ചവെച്ച പ്രജ്ഞാനന്ദയ്‌ക്ക് 15 ലക്ഷം രൂപയുടെ എസ് യുവിയാണ് മഹീന്ദ്ര നല്‍കിയത്. പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഇന്‍ഫോസിസിസന്റെ സുധാമൂര്‍ത്തിയും പ്രജ്ഞാനന്ദ ആരാധികയാണ്. ഇപ്പോള്‍ പ്രജ്ഞാനന്ദയെ സ്പോണ്‍സര്‍ ചെയ്യുന്നത് അദാനി ഗ്രൂപ്പാണ്. വിമാനയാത്ര, ഹോട്ടല്‍ താമസം, ഭക്ഷണം, കോച്ചിംഗിനുള്ള ചെലവ് എന്നിവ എല്ലാം അദാനി നല്‍കുന്നു. പകരം അദാനിയുടെ ലോഗോ പ്രജ്ഞാനന്ദ നെഞ്ചില്‍ ധരിക്കുന്നു.

ഗുകേഷ് ഡി; ചൈനയുടെ വമ്പ് തകര്‍ക്കാന്‍ പോകുന്ന ഇന്ത്യന്‍ താരം

ഗുകേഷിനെ അഞ്ചാം വയസ്സില്‍ ചെസ് പഠിക്കാന്‍ വിട്ടതാണ് അച്ഛനും അമ്മയും. രണ്ടു പേരും ഡോക്ടര്‍മാരാണ്. പക്ഷെ മകന്‍ സ്കൂള്‍ പഠിപ്പിനേക്കാള്‍ ചെസില്‍ താല്പര്യം കാട്ടി. പക്ഷെ അച്ഛനും അമ്മയും അതിന് എതിരൊന്നും പറഞ്ഞില്ല. അത്ഭുതസിദ്ധികളുള്ള ബാലന്‍മാര്‍ വളരുന്നത് സമ്മര്‍ദ്ദങ്ങളില്ലാത്ത കുടുംബാന്തരീക്ഷത്തിലാണ് എന്നതിന് തെളിവാണ് പ്രജ്ഞാനന്ദയുടെയും ഗുകേഷിന്റെയും ചെസ്സിലെ വളര്‍ച്ച. “2013ല്‍ ഞാന്‍ അവനെ ചെസ് പഠിക്കാന്‍ വിട്ടു. ആദ്യമൊക്കെ ദിവസേന ഒരു മണിക്കൂര്‍ എന്നതായിരുന്നു തീരുമാനം. ആഴ്ചയില്‍ മൂന്ന് ദിവസം. പിന്നീട് ശനി, ഞായര്‍ ദിവസങ്ങളില്‍ ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുക്കും. പക്ഷെ അവനെ പഠിപ്പിക്കുന്നവര്‍ പറഞ്ഞു-ചെസില്‍ ഗുകേഷ് അപാരമിടുക്കനാണ്.”- അച്ഛന്‍ ഡോക്ടര്‍ രജനീകാന്ത് പറയുന്നു. ഗുകേഷ് ആഴ്ച നീണ്ടുനില്‍ക്കുന്ന മത്സരങ്ങളില്‍ ആറാം വയസ്സ് മുതല്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ തിരക്കുള്ള ഇഎന്‍ടി സര്‍ജനായിരുന്ന അച്ഛന്‍ മകനുവേണ്ടി തന്റെ പ്രാക്ടീസ് മെല്ലെ കുറയ്‌ക്കാന്‍ തുടങ്ങി. മകന്‍ അച്ഛനെ ചെസ്സിന്റെ ലോകത്തേക്ക് പതുക്കെ കൂട്ടികൊണ്ടുപോയി.

ആദ്യം ചെന്നൈയിലും പിന്നെ ഇന്ത്യയിലും ഒതുങ്ങിയ ചെസ് മത്സരം പിന്നീട് ഇന്ത്യ വിട്ട് പുറം ലോകത്തേക്ക് സഞ്ചരിക്കാന്‍ തുടങ്ങി. അധികം താമസിയാതെ ഗുകേഷ് അന്താരാഷ്‌ട്ര ചെസ് മത്സരങ്ങളില്‍ ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയതോടെ ഡോക്ടര്‍ എന്ന പ്രാക്ടീസ് പോലും ഉപേക്ഷിച്ച് അമ്മയുടെ ശമ്പളത്തില്‍ മാത്രം ആശ്രയിച്ച് കൂടെ യാത്ര ചെയ്യുകയാണ് ഡോ. രജനീകാന്ത്. ആദ്യമൊക്കെ രാവിലെ ഏഴ് മണി മുതല്‍ രാത്രി 11 വരെ ജോലി ചെയ്യുന്ന ഇഎന്‍ടി സര്‍ജ്ജനായിരുന്നു ഡോ. രജനീകാന്ത്. ഉച്ചയ്‌ക്ക് ഒരു മണിക്കൂര്‍ മാത്രം ബ്രേക്കെടുക്കും. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ കൂടെക്കൂടെ സെമിനാറുകള്‍. എല്ലാം അദ്ദേഹം മകന് വേണ്ടി ഉപേക്ഷിച്ചു.

അമ്മ ഡോ. പത്മകുമാരി മൈക്രോബയോളജിയില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ്. മകന് ചെസ്സില്‍ അഭിനിവേശമാണെന്ന് കണ്ടപ്പോള്‍ അമ്മ ഒരു കാര്യം ചെയ്തു. മകന്‍ ദിവസേന സ്കൂളില്‍ പോകേണ്ട. വീട്ടില്‍ ചെസ് കഴിഞ്ഞ് കിട്ടുന്ന ഒഴിവുസമയത്ത് പഠിച്ച് പരീക്ഷ എഴുതാന്‍ മാത്രം സ്കൂളില്‍ പോകട്ടെ. വേലമ്മാള്‍ എന്ന ചെന്നൈയിലെ സ്കൂള്‍ അധികൃതര്‍ അതിന് സമ്മതം മൂളി. ഇനി ചെസില്‍ ശരാശരിയ്‌ക്ക് മുകളില്‍ പോയില്ലെങ്കില്‍ വീണ്ടും സ്കൂളില്‍ സാധാരണകുട്ടിയായി പഠിക്കാന്‍ പോകണം. ഇതായിരുന്നു അമ്മയുടെ വ്യവസ്ഥ. ഗുകേഷ് അത് സമ്മതിച്ചു. അങ്ങിനെ അവന്‍ ചെസില്‍ മുന്നേറി. ഒരു പക്ഷെ അമ്മ പ്രതീക്ഷിക്കുന്നതിലും ഉയരത്തിലേക്ക് കുതിച്ചു. അമ്മ പത്മുകുമാരി ഒര പടി കൂടി മുന്നോട്ട് പോയി. മകന്‍ ചെസില്‍ മുന്നേറുന്നത് കണ്ട് അവര്‍ സന്തോഷിച്ചു. അച്ഛനും മകനും ചെസ് മത്സരങ്ങള്‍ക്കായി കൂടെക്കൂടെ യാത്ര ചെയ്തപ്പോള്‍ പണം ഉണ്ടാക്കാന്‍ പത്മകുമാരി‍ കൂടുതല്‍ മണിക്കൂറുകള്‍ അധ്വാനിച്ചു. മറ്റ് ഡോക്ടര്‍മാര്‍ അവധിയെടുക്കുമ്പോള്‍ അവരുടെ കൂടി സമയത്ത് ജോലി ചെയ്തു പണമുണ്ടാക്കി. അത് മകന്റെ ചെലവുകള്‍ക്ക് നല്‍കി.

ഇപ്പോള്‍ ചെസില്‍ നിന്നും ഗുകേഷ് ധാരാളം പണമുണ്ടാക്കുന്നു. സ്പോണ്‍സര്‍ഷിപ്പും വന്നു. പക്ഷെ ആദ്യനാളുകളില്‍ അങ്ങേയറ്റത്തെ കഷ്ടപ്പാടായിരന്നു.

ഒരു കാര്യം പറയാതെ വയ്യ. ചെസ്സിന് വേണ്ടി ബാല്യം ബലികഴിച്ചവരാണ് പ്രജ്ഞാനന്ദയും ഗുകേഷും. സാധാരണ പ്രായത്തിലുള്ള കുട്ടികളുടെ രസങ്ങളൊന്നും ഇവര്‍ അറിഞ്ഞിരുന്നില്ല. പകരം അവര്‍ 64 കളങ്ങളുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ കെട്ടഴിക്കുന്നതില്‍ രസം കണ്ടെത്തി. അവരുടെ താല്പര്യങ്ങള്‍ക്ക് മാതാപിതാക്കള്‍ എതിര് നിന്നില്ല. കാരണം ചെസ് എക്കാലവും കുട്ടികള്‍ക്ക് നല്ലൊരു ഗെയിമാണ്. ഏകാഗ്രത, വിശകലനസിദ്ധി, ഒരു പ്രശ്നത്തിന്റെ സങ്കീര്‍ണ്ണതകള്‍ കാണാനുള്ള കഴിവ്- ഇതെല്ലാം ചെസ് കളിക്കാരനുണ്ടാകും.

ലോകതാരങ്ങളെ ഭയപ്പെടുത്തുന്ന രണ്ട് കൗമാരക്കാര്‍

ഇന്ന് ഗുകേഷിന് 17ഉം പ്രജ്ഞാനന്ദയ്‌ക്ക് 18ഉം ആണ് പ്രായം. രണ്ടു പേരും ലോകത്തിലെ വമ്പന്‍ ഗ്രാന്‍റ് മാസ്റ്റര്‍മാരെ വെല്ലുവിളിക്കുന്ന കളിക്കാരാണ്. ലോകത്ത് അജയ്യനായ മാഗ്നസ് കാള്‍സന് പോലും പ്രജ്ഞാനന്ദയെ ഭയമാണ്. അജയ്യനായ മാഗ്നസ് കാള്‍സനെ മാത്രമല്ല, ലോകത്തിലെ രണ്ടും മൂന്നും താരങ്ങളായ ഫാബിയാനോ കരുവാനയെയും ഹികാരു നകുമാറയെയും ഈയിടെ നോര്‍വെ ചെസില്‍ പ്രജ്ഞാനന്ദ തോല്‍പിച്ചിരുന്നു. മാഗ്നസ് കാള്‍സനെ ക്ലാസിക് ഗെയിമില്‍ മാത്രമല്ല, വേഗം കൂടിയ ചെസ് പോരാട്ടമായ ബ്ലിറ്റ്സിലും ആമഗെഡ്ഡോണിലും വരെ പ്രജ്ഞാനന്ദ തോല്‍പിച്ചു.

ഗുകേഷ് ക്ലാസിക് ചെസ്സില്‍ ലോകത്തിലെ അറിയപ്പെടുന്ന മുന്‍നിരതാരമാണിപ്പോള്‍. സമയസമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് വിജയം നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. കാന്‍ഡിഡേറ്റ്സ് ചെസില്‍ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനാവുക എന്നത് നിസ്സാരമല്ല. ലോകോത്തര ഗ്രാന്‍റ്മാസ്റ്റര്‍മാരോട് പൊരുതിയാണ് ഗുകേഷ് ഈ നേട്ടം കൊയ്തത്. ഹികാരുനകാമുറ, ഫാബിയാനോ കരുവാന, ഇയാന്‍ നെപോമ്നിഷി, അലിറെസ ഫിറൂഷ തുടങ്ങിയവരെയെല്ലാം അട്ടിമറിച്ചാണ് ഗുകേഷ് ചാമ്പ്യനായത്. ഇനി ലോകചെസ് കിരീടത്തിന് ചൈനയുടെ ഡിങ്ങ് ലിറനുമായി ഏറ്റുമുട്ടിനിരിക്കുകയാണ് ഗുകേഷ്. സിംഗപ്പൂരിലാണ് മത്സരം. ഇതില്‍ ചാമ്പ്യനായാല്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യന്‍ എന്ന റെക്കോഡും ഗുകേഷിന് സ്വന്തം.

ഇപ്പോള്‍ ലോക ചെസ് ടൂര്‍ണ്ണമെന്‍റുകള്‍ മാധ്യമശ്രദ്ധ നേടാമെന്നതിനാല്‍ അട്ടമറിക്കാരായ ഈ കൗമാര താരങ്ങളെ മത്സരങ്ങളി‍ല്‍ ഉള്‍പ്പെടുത്തുന്നു. ഇന്നലെ വരെ ചെസ്സില്‍ അജയ്യരായി വാണ ഫാബിയാനോ കരുവാന, ഹികാരു നകാമുറ, വിന്‍സെന്‍റ് കെയ്മര്‍, ഇയാന്‍ നെപോമ്നിഷി, അലിറെസ ഫിറൂഷ, ഡിങ്ങ് ലിറന്‍ തുടങ്ങിയവരെയെല്ലും തോല്‍പിച്ചും സമനിലയില്‍ കുരുക്കിയും ഭയപ്പെടുത്തുകയാണ് പ്രജ്ഞാനന്ദയും ഗുകേഷും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക