Kerala

സര്‍ക്കാര്‍ ജീവനക്കാരില്‍ 52.31% ഒബിസി : ഒന്നാമത് ഈഴവര്‍; ജനറല്‍ വിഭാഗത്തില്‍ 36.08 % മാത്രം

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ജീവനക്കാരില്‍ 52.31% ഒബിസി വിഭാഗക്കാര്‍. ജനറല്‍ വിഭാഗത്തില്‍ 36.08% പേരാണുള്ളത്. പട്ടികജാതി വിഭാഗത്തില്‍ 9.49% വും പട്ടികവര്‍ഗ വിഭാഗത്തിലെ 1.92% വും ജീവനക്കാര്‍ വീതമുണ്ട്.

316 സര്‍ക്കാര്‍ വകുപ്പുകള്‍, ബോര്‍ഡ്, കോര്‍പറേഷന്‍, കമ്പനി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായി ആകെ 5,45,423 സര്‍ക്കാര്‍ ജീവനക്കാരണുള്ളത്. ഉദ്യോഗസ്ഥ പ്രാതിനിധ്യം സംബന്ധിച്ച് പിന്നാക്ക വിഭാഗ കമ്മിഷന്‍ ശേഖരിച്ച കണക്ക് ജൂണ്‍ 25 ന് നിയമസഭയില്‍ പി.ഉബൈദുല്ല എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി പരസ്യപ്പെടുത്തിയിരുന്നു.പിന്നാക്ക വിഭാഗ കമ്മിഷന്‍ 2018 മുതല്‍ ഇസിഡെസ്‌ക് (ഇ–കാസ്റ്റ് ഡേറ്റബേസ് ഓഫ് എംപ്ലോയീസ് ഇന്‍ സര്‍വീസ് കേരള) എന്ന വെബ്‌പോര്‍ട്ടലില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ജാതി തിരിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.2024 ജൂണ്‍ 19വരെയുള്ള കണക്കുകള്‍ പ്രകാരമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരില്‍ ഏറ്റവും കൂടുതലുള്ളത് ഈഴവരാണ് (1,15,075). നായര്‍ സമുദായത്തില്‍ പെട്ട 1,08,012 ജീവനക്കാരാണുളളത്. മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ആകെയുള്ളത് 73,774 പേരും ജനറല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ 73,713, പേരും ജീവനക്കാരായി ഉണ്ട്.
പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 51,783 പേരാണ് സര്‍ക്കാര്‍ സര്‍വീസിലുള്ളത്. പത്ത് ശതമാനത്തില്‍ താഴെയാണ് (9.49 %) സര്‍ക്കാര്‍ മേഖലയില്‍ അവരുടെ സാന്നിധ്യം.സര്‍ക്കാര്‍ സര്‍വീസിലെ പട്ടിക വര്‍ഗ വിഭാഗത്തിന്റെ സാന്നിധ്യവും ഏറെ പിന്നിലാണ്. 10,513 പേര്‍. 1.92 ശതമാനം. ജനസംഖ്യയില്‍ പട്ടിക ജാതി വിഭാഗം 9.10 ശതമാനവും പട്ടിക വര്‍ഗ വിഭാഗം 1.45 ശതമാനവും വരും.

പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മതം മാറിയ 2399 പേരും നാടാര്‍ കൃസ്ത്യന്‍ വിഭാഗത്തിലെ 929 പേരും ജോലി ചെയ്യുന്നുണ്ട്. ആകെ ക്രിസ്ത്യന്‍ വിഭാഗത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ 99,583 പേര്‍. ഇത് ആകെ ജീവനക്കാരുടെ 18.25 ശതമാനമാണ്. 2011 ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ കൃസ്തുമത വിശ്വാസികള്‍ 18.38 ശതമാനമാണ്.

ജാതി തിരിച്ചുള്ള കണക്ക് (  ആയിരത്തിലധികം ഗവ.ജീവനക്കാരുള്ള സമുദായങ്ങള്‍)

  • ഈഴവ  – 1,15,075
  • നായര്‍ – 1,08,012
  • മുസ്‌ലിം – 73,774
  • വിവിധ ക്രിസ്ത്യന്‍  – 73,713
  • ലാറ്റിന്‍ കത്തോലിക്ക, ലാറ്റിന്‍ ക്രിസ്ത്യന്‍– 22,542
  • പുലയ  – 19,627
  • വിശ്വകര്‍മ  – 16,564,
  • നാടാര്‍ (എസ്‌ഐയുസി ഉള്‍പ്പെടെ)– 7589
  • ബ്രാഹ്മണ – 7112
  • ധീവര  – 6818
  • മണ്ണാന്‍, എസ്‌സി  – 6802
  • പറയ, സാംബവ  – 5247
  • വണിക, വൈശ്യ  – 5234
  • ഹിന്ദു നാടാര്‍ – 5089
  • ശാലിയ, ചാലിയ  – 4076
  • ചെറുമന്‍ – 3619
  • കണക്കന്‍, പടന്ന, പടനന്‍ – 3337
  • എഴുത്തച്ഛന്‍ – 3592
  • കുറവന്‍, സിദ്ധനര്‍, കുറവര്‍  – 2843
  • അമ്പലവാസി  – 2763
  • മലയരയന്‍ – 2668
  • തണ്ടാന്‍ – 2570
  • പരിവര്‍ത്തിത ക്രിസ്ത്യന്‍  – 2399
  • യാദവ  – 2333
  • വിളക്കിത്തല നായര്‍, – 2097
  • ചെട്ടി – 1834
  • വീരശൈവ  – 1819
  • വെളുത്തേടത്തു നായര്‍  – 1618
  • ശൈവ വെള്ളാള – 1452
  • കുറുമന്‍  – 1430
  • ഭരതര്‍, പരവന്‍ – 1339
  • വേട്ടുവന്‍, പുലയ വേട്ടുവന്‍ – 1273
  • ഗണക – 1224
  • കുഡുംബി – 1082
  • കാണിക്കാരന്‍, കാണിക്കാര്‍ – 1051
Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by