ന്യൂദല്‍ഹി: അഗ്നിവീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ വീണ്ടും നുണ പറയുകയാണെന്ന് സൈന്യം. ജമ്മുകശ്മീര്‍ നൗഷേരയില്‍ ഡ്യൂട്ടിക്കിടെ കുഴിബോംബു പൊട്ടി വീരമൃത്യു വരിച്ച അഗ്നിവീര്‍ അജയ്കുമാറിന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സഭയില്‍ മാപ്പു പറയണമെന്നും രാഹുല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ പറഞ്ഞ നുണ ഏറ്റെടുത്ത് കോണ്‍ഗ്രസ് സൈബര്‍ വിഭാഗവും ഇതു പ്രചരിപ്പിച്ചു. എന്നാല്‍ ഈ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് സൈന്യം എക്സില്‍ ചൂണ്ടിക്കാട്ടി.
അഗ്നിവീര്‍ അജയ് കുമാറിന്റെ പരമോന്നത ത്യാഗത്തെ ഭാരത സൈന്യം അഭിവാദ്യം ചെയ്യുന്നു. പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍. അജയ്യുടെ കുടുംബത്തിന് 98.39 ലക്ഷം രൂപ നല്‍കിക്കഴിഞ്ഞു. അഗ്നിവീര്‍ സ്കീം വ്യവസ്ഥകളനുസരിച്ച് ഏകദേശം 67 ലക്ഷം രൂപയുടെ എക്സ്ഗ്രേഷ്യയും മറ്റാനുകൂല്യങ്ങളും, പോലീസ് പരിശോധനയ്ക്കു ശേഷം ഉടന്‍ കൊടുക്കും. 1.65 കോടി രൂപയാണ് കുടുംബത്തിനു ലഭിക്കുക, സൈന്യം എടുത്തുപറഞ്ഞു.
വീരമൃത്യു വരിച്ച സൈനികനുള്ള നഷ്ടപരിഹാരം അഗ്നിവീര്‍ ഉള്‍പ്പെടെ എല്ലാ സൈനികരുടെയും ബന്ധുക്കള്‍ക്ക് ഏറ്റവും വേഗം കൊടുക്കുന്നത് ഉറപ്പാക്കുന്നുണ്ടെന്ന് സൈന്യം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് രാഹുല്‍ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്റെ കന്നിപ്രസംഗത്തില്‍ വ്യാജ ആരോപണമുന്നയിച്ചത്. അഗ്നിവീറുകള്‍ക്കു മാന്യമായ സംസ്കാരകര്മങ്ങളും നഷ്ടപരിഹാരവും ലഭിക്കുന്നില്ലെന്നായിരുന്നു ആരോപണം. ഇതു തിരുത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഒരു കോടി രൂപ നഷ്ടപരിഹാരം വീരമൃത്യു വരിക്കുന്ന അഗ്നിവീറുകള്‍ക്കു കിട്ടുന്നുണ്ടെന്ന് സഭയില്‍ പറഞ്ഞു. സിയാച്ചിനില്‍ വീരമൃത്യു വരിച്ച അഗ്നിവീര്‍ അക്ഷയ് നവാഡെയുടെ അച്ഛന് ലക്ഷ്മണ് നവാഡെയും രാഹുല്‍ പറയുന്നതു തെറ്റാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. 1.08 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്നു കിട്ടിയെന്നാണ് ലക്ഷ്മണ് നവാഡെ പറഞ്ഞത്. വ്യാജ ആരോപണങ്ങളുന്നയിച്ച രാഹുല്‍ മാപ്പു പറയണമെന്ന ആവശ്യം ശക്തമായതോടെയാണ് കഴിഞ്ഞ ദിവസം വീണ്ടും കള്ളക്കഥയുമായി പ്രതിപക്ഷ നേതാവെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: