കരുനാഗപ്പള്ളി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലേറ്റ കനത്ത പരാജയത്തിന്റെ പേരില്‍ എസ്എന്‍ഡിപി യോഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ചെയ്യാനായി കരുനാഗപ്പള്ളിയില്‍ ചേര്‍ന്ന ദക്ഷിണ മേഖലാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
സിപിഎമ്മിന് ലഭിച്ചിരുന്ന എസ്എന്‍ഡിപി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിഡിജെഎസ് രൂപീകരിച്ചത് യാദൃച്ഛികമല്ല, തെക്കേ ഇന്ത്യയിലെ ബിജെപിയുടെ മുന്നേറ്റം കൃത്യമായി പരിശോധിക്കണം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടെങ്കിലും കേരളത്തില്‍ വോട്ട് ശതമാനം വര്‍ധിച്ചു. യുഡിഎഫ്-ബിജെപി മത്സരം എന്ന നിലയിലേക്കുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിയിട്ടുണ്ട്.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമത് എത്തുമെന്ന ധാരണ താഴെതട്ടിലുള്ള ജനങ്ങളിലേക്ക് എത്തിയെന്നും ഇതിനെ ഗൗരവത്തോടെ കാണണമെന്നും കേരളത്തിലെ ധാര്‍ഷ്ട്യവും അഴിമതിയും പരാജയത്തിന്റെ ആക്കം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി ശാഖാ യോഗങ്ങളില്‍ സംഘപരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റുന്നുവെന്ന് ഗോവിന്ദന് ആരോപിച്ചു. എസ്എന്‍ഡിപിയില്‍ എതിരഭിപ്രായമുള്ള കമ്മിറ്റികള്‍ പിരിച്ചുവിട്ട് പുതിയത് രൂപീകരിക്കുകയാണ്. എസ്എന്‍ഡിപിയിലെ ഈ പ്രവണത ചെറുത്ത് തോല്‍പ്പിക്കണമെന്നും ഗോവിന്ദന് ആഹ്വാനം ചെയ്തു.
ക്ഷേമപെന്ഷന് നല്‍കാത്തത് തിരിച്ചടിയായെന്ന വിമര്‍ശനവും ഉന്നയിച്ചു. സര്‍ക്കാരും പാര്‍ട്ടിയും ജനങ്ങളും പരസ്പര പൂരകങ്ങളാകണം. ജനങ്ങളുടെ മനസ് മനസിലാക്കാന്‍ താഴെത്തട്ടിലുള്ള നേതാക്കള്‍ക്ക് കഴിയുന്നില്ല. പാര്‍ട്ടിയില്‍ ചില പ്രാദേശിക അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നു. സഹകരണ മേഖലയില്‍ അഴിമതി ഉണ്ടാകരുതെന്നും സംസ്ഥാന സെക്രട്ടറി നിര്‍ദേശം നല്കി. ആലപ്പുഴയിലെ തോല്‍വി കനത്ത തിരിച്ചടിയായി. കായംകുളം നിയമസഭ മണ്ഡലത്തില്‍ പിന്നില്‍ പോയത് അതീവ ഗുരുതരം. കൊല്ലത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചുണ്ടായോ എന്ന് പരിശോധിക്കുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എസ്എഫ്ഐയെ ന്യായീകരിച്ചപ്പോഴും കരുനാഗപ്പള്ളി മേഖലാ യോഗത്തിലും എം.വി. ഗോവിന്ദന് എസ്എഫ്ഐയെ തള്ളിപറഞ്ഞു. എസ്എഫ്ഐയുടെ പ്രവര്‍ത്തനം അവമതിപ്പ് ഉണ്ടാക്കുന്നു. അക്രമത്തിലൂടെ കാമ്പസ് പിടിച്ചെടുക്കാമെന്ന എസ്എഫ്ഐയുടെ ശൈലി ശരിയല്ല, ഇതു തിരുത്തണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ വരെ ഉള്ളവരാണ് റിപ്പോര്‍ട്ടിങ്ങില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: