മലപ്പുറം: ഉടമസ്ഥര്‍ അറിയാതെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റിയതായി തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ സി.പി. സകരിയ്യ പോലീസില്‍ പരാതി നല്കി.
അടവ് തെറ്റിയതിനെ തുടര്‍ന്ന് ഫിനാന്‍സ് കമ്പനികള്‍ പിടിച്ചെടുത്ത ആറ് ബൈക്കുകളുടെയും ഒരു കാറിന്റെയും ഉടമസ്ഥാവകാശം വ്യാജരേഖകള്‍ ചമച്ച് മറ്റുള്ളവരുടെ പേരിലേക്ക് മാറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്. താനൂര്‍ ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചു. ഇതില്‍ ഏതാനും വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാഹനത്തിന്റെ ഉടമസ്ഥാവകാശം മറ്റൊരാളുടെ പേരിലേക്ക് മാറ്റുമ്പോള്‍ വാങ്ങുന്ന ആളുടെയും വില്‍ക്കുന്ന ആളുടെയും ഫോണിലേക്ക് ഒടിപി നമ്പര്‍ വരും. സ്വാഭാവികമായും വാഹന വില്പന രണ്ടുപേരും അറിയും. എന്നാല്‍ വാഹന ഉടമ മരിച്ചിട്ടുണ്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഉടമയ്ക്ക് ഒടിപി ഇല്ലാതെതന്നെ ഉടമസ്ഥാവകാശം മാറ്റാന്‍ കഴിയും. പരിവാഹന്‍ സോഫ്റ്റ്വെയറിലെ ഈ പഴുത് ഉപയോഗിച്ചാണ് ഉടമസ്ഥാവകാശം മാറ്റിയിരിക്കുന്നത് എന്നാണ് ആര്‍ടിഒ അധികൃതര്‍ പറയുന്നത്. ഇത് ഫിനാന്‍സ് കമ്പനി പിടിച്ചെടുത്ത വാഹനത്തിന്റേതാകുമ്പോള് ഉടമയില്‍നിന്ന് പരാതി ഉയരുകയുമില്ല. എന്നാല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഉടമസ്ഥാവകാശം മാറ്റിയിരിക്കുന്നതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: